ബ്ലോക്ക്‌ചെയ്ന്‍ തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിക്കുന്നു

ബ്ലോക്ക്‌ചെയ്ന്‍ തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിക്കുന്നു

ബെംഗളുരു, ഹൈദരാബാദ് എന്നിവയാണ് ബ്ലോക്ക്‌ചെയ്ന്‍ തൊഴില്‍ ആവശ്യകതയില്‍ മുന്നില്‍

ന്യൂഡെല്‍ഹി: ബ്ലോക്ക്‌ചെയ്ന്‍ മേഖലയിലെ തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിക്കുന്നെന്ന് ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലായ ഇന്‍ഡീഡ് പുറത്തുവിട്ട ഡാറ്റ പറയുന്നു. ബ്ലോക്ക്‌ചെയ്ന്‍ മേഖലയില്‍ തൊഴിലവസങ്ങളില്‍ ബെംഗളുരുവാണ് മുന്നിലുള്ളത്. ഇന്ത്യയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ബ്ലോക്ക്‌ചെയ്ന്‍ തൊഴിലുകളുടെ 36 ശതമാനവും ബെംഗളുരുവില്‍ നിന്നാണ്. മുംബൈ,ഹൈദരാബാദ്,പൂനെ,ചെന്നൈ എന്നിവയാണ് ബെംഗളുരുവിന് തൊട്ടുപിന്നിലായി ഇക്കാര്യത്തില്‍ ഇടം നേടിയിട്ടുള്ളത്. കൂടാതെ ന്യൂഡെല്‍ഹി, സമീപപ്രദേശങ്ങളായ ഗുരുഗ്രാം,നോയ്ഡ,മൊഹാലി എന്നീ മേഖലകളും ചെറിയ തോതില്‍ ഈ മേഖലയിലെ തൊഴിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡീഡ് വ്യക്തമാക്കുന്നു.

‘ദേശിയ തലസ്ഥാന മേഖല ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെങ്കിലും ടെക്‌നോളജി ഹബുകളായ ബെംഗളുരു,ഹൈദരാബാദ് എന്നിവ തന്നെയാണ് ബ്ലോക്ക്‌ചെയ്ന്‍ തൊഴില്‍ ആവശ്യകതയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്ലോക്ക്‌ചെയ്ന്‍ അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള വിപണി 2022ല്‍ 7.7 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനാല്‍ തന്നെ ഭാവിയില്‍ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല’, ഇന്‍ഡീഡ് ഇന്ത്യന്‍ മാനേജിംഗ് ഡയറക്റ്റര്‍ ശശി കുമാര്‍ വ്യക്തമാക്കി.

ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിയിലെ പുതിയ സാധ്യതകള്‍ തിരിച്ചറിയുന്നതിനും പര്യവേഷണം ചെയ്യുന്നതിനുമുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഈ മേഖലയില്‍ അനുകൂലമായ വളര്‍ച്ചയും വികാസവും നേടാന്‍ സഹായകമാും. ബ്ലോക്‌ചെയ്‌നില്‍ അധിഷ്ഠിതമായ നിതി ആയോഗിന്റെ പ്രാരംഭ പദ്ധതിയായ ഇന്ത്യാചെയ്ന്‍ ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017ന്റെ രണ്ടാം പകുതിയില്‍ ക്രിപ്‌റ്റോകറന്‍സി, ബ്ലോക്ക്‌ചെയ്ന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍ഡീഡ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത തൊഴിലുകളില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. ബ്ലോക്ക്‌ചെയ്ന്‍ ഡെവലപ്പര്‍,ബ്ലോക്ക്‌ചെയ്ന്‍ സിസ്റ്റം ആര്‍ക്കിടെക്റ്റ്,ബ്ലോക്ക്‌ചെയ്ന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്നിവയിലാണ് കൂടുതലായും തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും ഇന്‍ഡീഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories