പുതിയ ഫീച്ചറുകളോടെ 2018 ടൊയോട്ട കാമ്‌റി ഹൈബ്രിഡ്

പുതിയ ഫീച്ചറുകളോടെ 2018 ടൊയോട്ട കാമ്‌റി ഹൈബ്രിഡ്

ഡെല്‍ഹി എക്‌സ് ഷോറൂം വില 37.22 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യയില്‍ പരിഷ്‌കരിച്ച കാമ്‌റി ഹൈബ്രിഡ് അവതരിപ്പിച്ചു. നിലവിലെ കാമ്‌റി ഹൈബ്രിഡുമായി കാഴ്ച്ചയില്‍ വ്യത്യാസമില്ലെങ്കിലും ഫുള്‍ സൈസ് സെഡാന്റെ 2018 മോഡലില്‍ നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. 2018 എഡിഷന്‍ ടൊയോട്ട കാമ്‌റി ഹൈബ്രിഡിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 37.22 ലക്ഷം രൂപയാണ്.

പരിഷ്‌കാരങ്ങള്‍ പ്രധാനമായും നടന്നിരിക്കുന്നത് കാബിനിലാണ്. കറുപ്പ്, ഇളം തവിട്ടുനിറം തീമിലുള്ള ഇന്റീരിയറിന് പകരം കറുപ്പ്, ടാന്‍ നിറങ്ങളില്‍ ഡുവണ്‍ ടോണ്‍ ഇന്റീരിയറാണ് പുതുതായി നല്‍കിയിരിക്കുന്നത്. കാബിനിലുടനീളം പുതിയ കൃത്രിമ വുഡ് ഇന്‍സെര്‍ട്ടുകള്‍ കാണാം. പഴയ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പകരം പുതിയ, സ്ലീക്ക് ലുക്കിംഗ് 3 സ്‌പോക്ക് മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ നല്‍കി.

12 സ്പീക്കറുകളുള്ള ജെബിഎല്‍ ഓഡിയോ സിസ്റ്റം, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, എല്‍ഇഡി ഫോഗ് ലാംപുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), അപ്‌ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് 2018 കാമ്‌റി ഹൈബ്രിഡിന്റെ മറ്റ് പരിഷ്‌കാരങ്ങള്‍. ആകെ ഒമ്പത് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും.

ഹെഡ്-അപ് ഡിസ്‌പ്ലേ (എച്ച്‌യുഡി), എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, പിന്‍ സീറ്റുകളില്‍ കൊളാപ്‌സിബിള്‍ ഹെഡ്‌റെസ്റ്റ് എന്നിവയും ഫീച്ചറുകള്‍ തന്നെ. ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡിനേക്കാള്‍ കുറഞ്ഞ വിലയില്‍, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയതോടെ 2018 ടൊയോട്ട കാമ്‌റി ഹൈബ്രിഡിന് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രതീക്ഷിക്കുന്നു.

നിലവിലെ അതേ 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ആകെ 202 ബിഎച്ച്പി കരുത്തും 213 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഒന്നാന്തരം യാത്രാസുഖം സമ്മാനിക്കുന്നു എന്നതാണ് കാമ്‌റിയുടെ സവിശേഷത. പിന്നില്‍ റിക്ലൈനിംഗ് സീറ്റുകളാണെന്ന കാര്യം എടുത്തുപറയാം.

പരിഷ്‌കാരങ്ങള്‍ പ്രധാനമായും നടന്നിരിക്കുന്നത് കാബിനിലാണ്

സ്വന്തം സെഗ്‌മെന്റിലെ ജനപ്രിയ മോഡലാണ് ടൊയോട്ട കാമ്‌റി ഹൈബ്രിഡ്. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹൈബ്രിഡ് വാഹനങ്ങളുടെ വില വര്‍ധിച്ചത് കഴിഞ്ഞ വര്‍ഷം കാമ്‌റി ഹൈബ്രിഡിന്റെ വില്‍പ്പന കുറയുന്നതിന് കാരണമായി. 2018 എഡിഷന്‍ സെഡാന് പുതുജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. സ്‌കോഡ സൂപ്പര്‍ബ് ആണ് ടൊയോട്ട കാമ്‌റി ഹൈബ്രിഡിന്റെ മറ്റൊരു എതിരാളി.

Comments

comments

Categories: Auto