ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ കൂടി തുറക്കുമെന്ന് ഷഓമി

ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ കൂടി തുറക്കുമെന്ന് ഷഓമി

മാനുഫാക്ചറിംഗ് ഹബ്ബായുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിക്കുമെന്ന് മനു ജെയ്ന്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ കൂടി തുറക്കുമെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഷഓമി. തങ്ങളുടെ ആദ്യ സര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) പ്ലാന്റ് ചെന്നൈയില്‍ സ്ഥാപിക്കുകയാണെന്നും ന്യൂഡെല്‍ഹിയില്‍ നടന്ന ‘സപ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റി’ല്‍ ഷഓമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഷഓമി ഇന്ത്യ എംഡിയുമായ മനു ജയ്ന്‍ പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് ഇത്തരമൊരു നിക്ഷേപക സമ്മേളനം രാജ്യത്ത് നടക്കുന്നത്. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേക്, ഇന്‍വെസ്റ്റ് ഇന്ത്യ സിഇഒ ദീപക് ബഗ്ല എന്നിവര്‍ ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ല്‍ അധികം സ്മാര്‍ട്ട്‌ഫോണ്‍ കംപോണന്റ് സപ്ലയര്‍മാരാണ് പങ്കെടുക്കുന്നത്. രാജ്യത്ത് പ്രാദേശിക നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഇവരെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ 15,000 കോടിയിലധികം നിക്ഷേപം രാജ്യത്തെത്താന്‍ സാധ്യതയുണ്ടെന്നും ഇത് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മനു ജയ്ന്‍ പറഞ്ഞു.

ഈ മാസം ആദ്യം പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കംപോണന്റുകളുടെ ഇറക്കുമതിക്ക് കേന്ദ്രം 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് കരാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണുമായി സഹകരിച്ചാണ് ഷഓമി ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തുരിലൂമാണ് മറ്റു സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ നിര്‍മിക്കുക. നിലവില്‍ 10,000ത്തോളം പേരെ ഈ യൂണിറ്റുകളില്‍ നിയമിക്കാനാണ് കമ്പനിയുടെ നീക്കം. ഇതില്‍ 95 ശതമാനവും സ്ത്രീകളായിരിക്കും. അസംബ്ലി ജോലികളെല്ലാം സ്ത്രീകള്‍ തന്നെ ചെയ്യുമെന്നും മനു ജയ്ന്‍ അറിയിച്ചു. പുതിയ ഫാക്റ്ററികളില്‍ ഒരു സെക്കന്‍ഡില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന കണക്കിലായിരിക്കും നിര്‍മാണ വേഗമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്് അസംബ്ലി (പിസിബിഎ) യൂണിറ്റാണ് ഷഓമി ചെന്നൈയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ആദ്യമായി പിസിബിഎയുടെ പ്രാദേശിക യൂണിറ്റ് ആരംഭിക്കുന്ന കമ്പനികളിലൊന്നാണ് ഷഓമിയെന്ന് മനു ജയ്ന്‍ പറഞ്ഞു. ന്യായമായ വിലയില്‍ മികച്ചരീതിയില്‍ രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന നിലവാരമുള്ള ഷഓമി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യാവസായത്തില്‍ വിപ്ലവകരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. ആഗോള മാനുഫാക്ച്ചറിംഗ് ഹബ്ബ് എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ തുടര്‍ന്നും നിര്‍ണായക പങ്കുവഹിക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും മനു ജയ്ന്‍ വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories