എന്തു കൊണ്ട് വന്യജീവി വേട്ട നിര്‍ബാധം തുടരുന്നു ?

എന്തു കൊണ്ട് വന്യജീവി വേട്ട നിര്‍ബാധം തുടരുന്നു ?

ഇന്ത്യയില്‍ വന്യജീവികളെ വേട്ടയാടുന്നത് ഓരോ വര്‍ഷവും പിന്നിടുമ്പോഴും വര്‍ധിച്ചുവരുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മൃഗമായ കടുവയും, ദേശീയ പക്ഷിയായ മയിലും വരെ ഇന്നു ഭീഷണി നേരിടുന്നു. ഓണ്‍ലൈനില്‍ അനധികൃത വ്യാപാരം സജീവമാകുന്നതും വന്യജീവി സംരക്ഷണത്തിനു ഭീഷണിയാവുകയാണ്.

കൃഷ്ണമൃഗത്തെ വെടിവെച്ചു കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അഞ്ചുവര്‍ഷം തടവ്ശിക്ഷയ്ക്കു വിധിച്ചത് വ്യാഴാഴ്ചയായിരുന്നു. പതിനായിരം രൂപ പിഴയും ശിക്ഷയുടെ ഭാഗമായി ഈടാക്കണമെന്നു കോടി വിധിച്ചു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ശിക്ഷ വിധിച്ചത്. ഈ വിധി, വന്യജീവി സംബന്ധമായ കുറ്റകൃത്യങ്ങളെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്.
അഞ്ച് കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ള മഹാരാഷ്ട്രയില്‍ 1995-2014 വരെയുള്ള കാലത്ത് 147 കോടതി ഉത്തരവുകളില്‍, കുറ്റം ചുമത്തിയത് ആകെ 17 കേസുകളില്‍ മാത്രമാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2014-ലെ കണക്കുകള്‍പ്രകാരം പരിസ്ഥിതി സംബന്ധമായ കുറ്റങ്ങളെന്നു കണ്ടെത്തി 5,835 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇവയില്‍ 770 കേസുകള്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയായിരുന്നു. 134 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

2016 ജനുവരി രണ്ട് മുതല്‍ ജുലൈ 17 വരെയുള്ള കാലങ്ങളില്‍ 59 കടുവകള്‍ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 12 കേസുകളില്‍ മാത്രമാണു കൊല്ലപ്പെടാനുണ്ടായ കാരണം കണ്ടെത്തിയതെന്നു നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 12 കേസുകളില്‍ തന്നെ, നാല് കേസുകളില്‍ കടുവകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്നും, ഒരെണ്ണത്തെ മാത്രമാണു വേട്ടയാടി കൊന്നതെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ വിശദാംശത്തെ കുറിച്ചു വെളിപ്പെടുത്താന്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ തയാറായതുമില്ല.

എന്തുകൊണ്ടാണു വന്യജീവി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ?

ഒളിച്ചു കടന്നു വന്യജീവികളെ വേട്ടയാടുന്നതുമായി (poaching) ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പലപ്പോഴും വനപാലകര്‍ ബാദ്ധ്യസ്ഥരാവുന്നുണ്ട്. അജ്ഞാതമായ കാരണങ്ങളാല്‍ ഭൂരിഭാഗം വേട്ടകളും പുറത്ത് അറിയുന്നുമില്ല. വേട്ടയെ തുടര്‍ന്ന് ഏതെങ്കിലും ഒരു കടുവ കൊല്ലപ്പെടുകയും അവയുടെ ശവശരീരം കാണപ്പെടുകയും ചെയ്താല്‍ അത് രേഖപ്പെടുത്താന്‍ ഭൂരിഭാഗം ഫോറസ്റ്റ് ഗാര്‍ഡുമാരും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അഥവാ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നു കരുതുക. അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചെറുതുമല്ല. കൊല്ലപ്പെട്ട കടുവയുടെ ശവശരീരം ബന്ധപ്പെട്ട അധികൃതര്‍ക്ക് എത്തിച്ചു കൊടുക്കണം. പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയിലെത്തി സാക്ഷി പറയുകയും ചെയ്യണം. കേസുമായി നടക്കുന്ന വനപാലകനു ചെലവഴിക്കേണ്ടി വരുന്ന തുകയും നിസാരമായിരിക്കില്ല. ഒരുപക്ഷേ അയാള്‍ കുടുംബത്തിലെ ഒരേയൊരു വരുമാന മാര്‍ഗമാണെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. എത്ര ദയനീയമായിരിക്കും ?

അജ്ഞാതമായ കാരണങ്ങളാല്‍ ഭൂരിഭാഗം വേട്ടകളും പുറത്ത് അറിയുന്നില്ല. വേട്ടയെ തുടര്‍ന്ന് ഏതെങ്കിലും ഒരു കടുവ കൊല്ലപ്പെടുകയും അവയുടെ ശവശരീരം കാണപ്പെടുകയും ചെയ്താല്‍ അത് രേഖപ്പെടുത്താന്‍ ഭൂരിഭാഗം ഫോറസ്റ്റ് ഗാര്‍ഡുമാരും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തില്‍ എങ്ങനെയാണു കടുവ സംരക്ഷണം അല്ലെങ്കില്‍ വന്യജീവി സംരക്ഷണം ഇന്ത്യയില്‍ ശക്തമാവുകയെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു കടുവ സ്വാഭാവികമായോ വിഷബാധയേറ്റോ കൊല്ലപ്പെടുകയാണെങ്കില്‍ ശവശരീരം ഏതാനും മണിക്കൂറിനുള്ളില്‍ ചീയാന്‍(decompose ) തുടങ്ങും. നാല് ദിവസം കഴിഞ്ഞാല്‍ മൃതദേഹം തിരിച്ചറിയാന്‍ പോലും സാധിക്കാത്ത നിലയിലുമാകുമെന്നു വിദഗ്ധര്‍ പറയുന്നു. പലപ്പോഴും നാല് ദിവസത്തിനുള്ളില്‍ വനപാലകര്‍ക്ക് കടുവയുടെ ശവശരീരം കണ്ടെത്താന്‍ സാധിക്കാറില്ലെന്നതും മറ്റൊരു വസ്തുതയാണ്. കടുവ ഉള്‍പ്പെടെ വന്യജീവികളുടെ മരണനിരക്കുമായി ബന്ധപ്പെട്ട ഭൂരിഭാഗം കേസും ഇത്തരത്തിലാണ്. അതു കൊണ്ടു തന്നെ വന്യജീവികളെ വേട്ടയാടുന്ന കേസ് കോടതിയിലെത്തുമ്പോള്‍ തെളിവില്ലാതെ തള്ളി പോകാറുമുണ്ട്.നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) കടുവകളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെ കൈകാര്യം ചെയ്യുന്നതിനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് സമ്പ്രദായം (എസ്ഒപി) 2013-ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം, കടുവകളുടെ ശവശരീരം കണ്ടെത്തിയാല്‍, വനപാലകര്‍ ആ കാര്യം വ്യവസ്ഥാപിതമായി രേഖപ്പെടുത്തണം. സാഹചര്യത്തെ കുറിച്ചു വിശദമാക്കുകയും വേണം. അതോടൊപ്പം ഫോട്ടോഗ്രാഫും ഉള്‍പ്പെടുത്തണം. തെളിവുകള്‍ ശേഖരിച്ചതിനു ശേഷം, ശവശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ഹാജരാക്കുകയും ചെയ്യണം. ശവശരീരം സംസ്‌കരിക്കുന്നതിനു മുന്‍പു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു അയച്ചു കൊടുക്കുകയും വേണം.

ഇന്ത്യയില്‍ രേഖപ്പെടുത്തിയത് 30,382 വന്യജീവി കുറ്റകൃത്യങ്ങള്‍

2017 മാര്‍ച്ച് 27-നു കേന്ദ്ര വനം, പരിസ്ഥിതി സംരക്ഷണ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത് സമീപവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മൃഗവേട്ട വര്‍ധിച്ചിട്ടില്ലെന്നായിരുന്നു. യാഥാര്‍ഥ്യങ്ങളില്‍നിന്നും അകലെയുള്ള അവകാശവാദമായിരുന്നു അത്.

സമീപവര്‍ഷങ്ങളില്‍ poaching നിരക്ക് ഉയര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയവേ കേന്ദ്ര വനം,പരിസ്ഥിതി സംരക്ഷണ മന്ത്രാലയം അറിയിച്ചത് ‘ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക്പ്രകാരം അത്തരമൊരു പ്രവണത’ യില്ലെന്നായിരുന്നു. എന്നാല്‍ സമീപകാലത്ത് പുറത്തിറങ്ങിയ ‘State of India’s Environment 2017 : In Figures’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് 2014നും 2016നും ഇടയില്‍ വന്യജീവി സംബന്ധമായ കുറ്റകൃത്യങ്ങളും പോച്ചിംഗും ആശങ്കപ്പെടുത്തും വിധം 52 ശതമാനം വര്‍ധിച്ചെന്നാണ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഇവരുടെ കണക്ക്പ്രകാരം 2016 ഡിസംബര്‍ 31 വരെയായി 30,382 വന്യജീവി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയത്.

ഇന്ത്യയില്‍ അനധികൃതമായി വ്യാപാരം ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന ജീവി വര്‍ഗങ്ങളുടെ എണ്ണം 2014-ല്‍ 400 ആയിരുന്നെങ്കില്‍ 2016 എത്തിയപ്പോള്‍ അത് 465-ലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ മൃഗവും പക്ഷിയും വരെ ഭീഷണി നേരിടുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്. 2016-ല്‍ 50 കടുവകള്‍ വേട്ടയ്ക്ക് ഇരയായി. 2015-16 കാലയളവില്‍ 340 മയിലുകളും വേട്ടയാടപ്പെട്ടെന്നു കണക്കുകള്‍ വിശദീകരിക്കുന്നു. ഇവയ്ക്കു പുറമേ കറുത്തമാന്‍, ബ്ലൂ ബുള്‍ എന്ന മാന്‍ വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗം, ഒരിനം ചെറുമാന്‍, ആന, പുള്ളിപ്പുലി, കണ്ടാമൃഗം, കാട്ടുപന്നി, കലമാന്‍, ഇനാംപേച്ചി, ആമ തുടങ്ങിയവയും ഭീഷണി നേരിടുന്നവയാണ്. വന്യജീവികളുടെ അനധികൃത വ്യാപാരം ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ശക്തിയാര്‍ജ്ജിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇത് ആശങ്ക ജനിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയില്‍ 106 വെബ്‌സൈറ്റുകള്‍ അനധികൃത വ്യാപാരം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നു.

ബിഷ്‌ണോയി സമുദായം

1998 ഒക്ടോബര്‍ മാസത്തിലാണ് ഹം സാഥ് സാഥ് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരിലുള്ള കങ്കണി ഗ്രാമത്തിലെത്തിയത്. ഈ ഗ്രാമത്തിലെ ഭഗോഡ കി ധനി പ്രദേശത്ത് വച്ചാണു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഗോത്ര വര്‍ഗക്കാരായ ബിഷ്‌ണോയി സമുദായത്തിലെ ഏകദേശം രണ്ട് ദശലക്ഷം പേര്‍ രാജസ്ഥാനിലുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഈ വര്‍ഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൃഷ്ണമൃഗത്തെ സല്‍മാന്‍ ഖാന്‍ വേട്ടയാടുന്നത് കണ്ടത്. സല്‍മാനെ കൂടാതെ ബോളിവുഡ് നടന്മാരായ സെയ്ഫ് അലി ഖാന്‍, സൊനാലി ബന്ദ്രെ, തബു, നീലം തുടങ്ങിയവരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ ഇവരെ കുറ്റവിമുക്തരാക്കി.ബിഷ്‌ണോയി സമുദായത്തിലെ രണ്ട് പേരാണു കേസില്‍ സല്‍മാനെതിരേ സാക്ഷി പറഞ്ഞത്. വനസംരക്ഷണത്തിനു പേരു കേട്ടവരാണു ബിഷ്‌ണോയി സമുദായക്കാര്‍. വനസംരക്ഷിക്കാന്‍ ജീവന്‍ വരെ നല്‍കുന്നവരാണ് ഇവര്‍. സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് രണ്ട് പേര്‍ മാത്രമാണു കണ്ടത്. ഗ്രാമവാസികള്‍ കണ്ടിരുന്നെങ്കില്‍ വേട്ടയാടപ്പെട്ട കൃഷ്ണമൃഗത്തിന്റെ അവസ്ഥ തന്നെ ആകുമായിരുന്നു സല്‍മാനും എന്നൊരു കങ്കണി ഗ്രാമവാസി പറഞ്ഞു. ആരാധനാ ഭാവത്തിലാണു ബിഷ്‌ണോയി വര്‍ഗക്കാര്‍ കൃഷ്ണമൃഗത്തെ കാണുന്നതും സംരക്ഷിക്കുന്നതും.

2014നും 2016നും ഇടയില്‍ വന്യജീവി സംബന്ധമായ കുറ്റകൃത്യങ്ങളും പോച്ചിംഗും ആശങ്കപ്പെടുത്തും വിധം 52 ശതമാനം വര്‍ധിച്ചെന്നാണു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പുറത്തിറക്കിയ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്.

കൃഷ്ണമൃഗം

ഇന്ത്യയില്‍ 1972ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം.ആന്റിലോപ് (കറുത്തമാന്‍) ജനുസ്സില്‍ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക ജീവിവര്‍ഗമാണു കൃഷ്ണമൃഗം അഥവാ കരിമാന്‍. കാലാ ഹിരണ്‍ എന്നും ഇവ അറിയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ. ഇന്ത്യയില്‍ മാത്രമാണ് ഇന്ന് കൃഷ്ണമൃഗം അവശേഷിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ശരീരത്തിന്റെ മുകള്‍ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആണ്‍മൃഗങ്ങളില്‍ കണ്ടുവരുന്നു.
പെണ്‍മൃഗങ്ങള്‍ക്ക് മുകള്‍ഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആണ്‍മൃഗങ്ങളേക്കാള്‍ അല്‍പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂര്‍ണ്ണവളര്‍ച്ചയെത്തിയ മൃഗത്തിന് ഏതാണ്ട് 120 സെന്റിമീറ്റര്‍ നീളവും 31-45 കിലോഗ്രാം ഭാരവും കൊമ്പുകള്‍ക്ക് 60 സെന്റിമീറ്റര്‍ നീളവുമുണ്ടാവും. 12-16 വര്‍ഷം വരെയാണ് ആയുസ്സ് കണക്കാക്കുന്നത്.

സെയ്ഫ്, തബു, സൊനാലി, നീലം തുടങ്ങിയവരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്യും: ബിഷ്‌ണോയി സമുദായം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ പ്രതികളായ സെയ്ഫിനെയും തബുവിനെയും, സൊനാലി ബന്ദ്രെയെയും, നീലത്തെയും കുറ്റവിമുക്തരാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നു ബിഷ്‌ണോയി ടൈഗേഴ്‌സ് വന്യ ഏവം പര്യാവരണ്‍ സംസ്ഥ അധ്യക്ഷന്‍ രാംപാല്‍ ബവദ് പറഞ്ഞു. ജോധ്പൂര് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് സല്‍മാനെ ശിക്ഷിച്ചതും മറ്റുള്ള താരങ്ങളെ വെറുതെ വിട്ടതും.
‘ ഈ വിധി സൂക്ഷ്മമായി പഠിച്ചതിനു ശേഷം അപ്പീല്‍ നല്‍കാനാണു’ തീരുമാനിച്ചിരിക്കുന്നതെന്നു രാംപാല്‍ ബവദ് പറഞ്ഞു. സല്‍മാന് ലഭിച്ചതു പോലെ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special, Slider