സംരക്ഷണവാദത്തിന്മേലുള്ള യുദ്ധം

സംരക്ഷണവാദത്തിന്മേലുള്ള യുദ്ധം

സംരക്ഷണവാദം ഒന്നിനും ഒരു പരിഹാരമല്ല. ചൈനയ്ക്ക് ആ തിരിച്ചറിവുണ്ടാകേണ്ട ആവശ്യമില്ല. പക്ഷേ അമേരിക്ക സംരക്ഷണവാദത്തിന്റെ കെണിയില്‍ വീഴുന്നത് ഒട്ടും ആശാസ്യമല്ല

ലോകം അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ പെട്ടുഴലുകയാണ് ബിസിനസുകള്‍. ചൈന ലോകത്തിനും ജനാധിപത്യത്തിനും സ്വതന്ത്ര ലിബറല്‍ നയങ്ങള്‍ക്കും അതിശക്തമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അതില്‍ രണ്ടഭിപ്രായത്തിന് ഇടയില്ല. വിവിധ രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ നടത്തുന്ന അധിനിവേശത്തിലൂടെ അവര്‍ ലോകത്തെ തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള ദീര്‍ഘകാല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ളപ രിഹാരം സംരക്ഷണവാദമല്ല.

ആഗോള പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും എല്ലാം പ്രതിരോധിക്കാനുള്ള വഴി സംരക്ഷണവാദമാണെന്ന് തെറ്റിദ്ധരിച്ചവര്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. അവരുടെ രാജാവാണോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത് 100 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി താരിഫ് ഏര്‍പ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ്.

50 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് ചൈന ശക്തമായ തിരിച്ചടിയും നല്‍കി. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 50 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ഷി ജിന്‍ പിംഗിന്റെ രാജ്യം പറഞ്ഞത്. സോയബീന്‍സും ഓട്ടൊമൊബീലും എയര്‍ക്രാഫ്റ്റുകളും വരെ ഈ പട്ടികയില്‍ പെടും. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് 100 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകം ഇന്ന് കാണുന്ന പുരോഗതിയിലേക്ക് എത്തിയതിന് പ്രധാന കാരണം സ്വതന്ത്ര വ്യാപാരമാണ്. അതില്‍ അമേരിക്കയ്ക്ക് വലിയ പങ്കുമുണ്ടായിരുന്നു. ആ അമേരിക്ക തന്നെ സ്വതന്ത്ര വ്യാപാരത്തെ അട്ടിമറിക്കുന്ന ചെയ്തികളില്‍ ഏര്‍പ്പെടുന്നത് സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറയുക കൂടിയാണ്. ട്രംപിന് അത് ബോധ്യമില്ലാത്തത് എന്തുകൊണ്ടാണെന്നതിന് ഉത്തരം തേടേണ്ടത് അമേരിക്കന്‍ ജനതയുടെ ഉത്തരവാദിത്തമാണ്. ഈ വിഷയത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞ അഭിപ്രായം വളരെ പ്രസക്തമാണ്. സംരക്ഷണവാദത്തെ ആഗോള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കാണരുതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബഹുസ്വരതയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിനേ ആഗോള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കൂ. ഒരു രാജ്യത്തിന് മാത്രമായി ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ആഗോള പ്രശ്‌നങ്ങള്‍ക്ക് വേണ്ടത് ആഗോള പരിഹാരങ്ങളാണ്. അത് നേടാന്‍ സംരക്ഷണവാദത്തിലൂടെ സാധിക്കില്ല-യുഎന്‍ മേധാവി പറഞ്ഞു.

തീര്‍ത്തും സന്ദര്‍ഭോചിതമായ പ്രസ്താവനയാണ് ഐക്യരാഷ്ട്രസഭയുടെ തലവന്‍ നടത്തിയത്. ആരെയും ഒറ്റപ്പെടുത്തിയോ വ്യാപാര ബന്ധങ്ങള്‍ ഇല്ലാതാക്കിയോ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ കലുഷിതമാക്കുക മാത്രമേ ചെയ്യൂ. അന്താരാഷ്ട്ര സഹകരണമാണ് വേണ്ടത്. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പുതിയ പതിപ്പിലേക്ക് ലോകം നീങ്ങണം. അതില്‍ അമേരിക്കയ്ക്ക് വഹിക്കാനുള്ളത് വലിയ പങ്കാണ്. ട്രംപ് അതിന് തടസ്സം നിന്നാല്‍ അമേരിക്കന്‍ ജനത തന്നെ അദ്ദേഹത്തെ പുറത്താക്കുമെന്നതില്‍ സംശയമില്ല. സംരക്ഷണവാദത്തിലേക്ക് ചുരുങ്ങുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ചൈനയ്ക്കും റഷ്യക്കും ശക്തിയാര്‍ജ്ജിക്കാനുള്ള അവസരമാണ് ട്രംപ് ഉണ്ടാക്കികൊടുക്കുന്നത്.

Comments

comments

Categories: Editorial, Slider