ന്യൂയോര്‍ക് ഓട്ടോ ഷോ 2018

ന്യൂയോര്‍ക് ഓട്ടോ ഷോ 2018

ന്യൂയോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ കഴിഞ്ഞ ദിവസം സമാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 8 വരെയായിരുന്നു ഈ വര്‍ഷത്തെ ഓട്ടോ ഷോ. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മോട്ടോര്‍ ഷോയാണ് കടന്നുപോയത്. വാഹനപ്രേമികളില്‍ ആവേശം ജനിപ്പിക്കുന്ന കാറുകള്‍ അണിനിരത്തുന്നതില്‍ ഓരോ വാഹന നിര്‍മ്മാതാക്കളും വിജയം കണ്ടുവെന്ന് പറയാം. പുതിയ കണ്‍സെപ്റ്റുകളും ഇലക്ട്രിക് വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച, ഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന കാറുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ജെനസിസ് എസെന്‍ഷ്യ കണ്‍സെപ്റ്റ്

ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ ജെനസിസ് മോട്ടോഴ്‌സിന്റെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണ് ജെനസിസ് എസെന്‍ഷ്യ. ഭാരംകുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക്, മള്‍ട്ടി മോട്ടോര്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍, കസ്റ്റമൈസ് ചെയ്ത ഇന്റീരിയര്‍ എന്നിവ ജെനസിസ് എസെന്‍ഷ്യ കണ്‍സെപ്റ്റിന്റെ ഫീച്ചറുകളാണ്. വാഹനത്തിന്റെ ഫ്രണ്ട് ഫേസിയയില്‍ ജെനസിസിന്റെ തനത് ക്രെസ്റ്റ് ഗ്രില്ല് കാണാം. പ്രഷര്‍ ബില്‍ഡ്അപ്പ്, ഡ്രാഗ് എന്നിവ കുറയ്ക്കുന്നതിന് മുന്‍ ചക്രങ്ങള്‍ക്ക് തൊട്ടുപിറകിലായാണ് എയര്‍ ഔട്ട്‌ലെറ്റുകള്‍ നല്‍കിയിരിക്കുന്നത്. പിന്‍ ഭാഗത്തെ ക്വാഡ് ലൈറ്റുകള്‍ ആകര്‍ഷകമാണ്. സെന്റര്‍ ടണലിലാണ് ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് എസെന്‍ഷ്യ കണ്‍സെപ്റ്റിന് 3 സെക്കന്‍ഡ് സമയം മതി.

നിസ്സാന്‍ ആള്‍ട്ടിമ

വടക്കേ അമേരിക്കയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നിസ്സാന്‍ സെഡാനുകളിലൊന്നാണ് ആള്‍ട്ടിമ. ആറാം തലമുറ നിസ്സാന്‍ ആള്‍ട്ടിമയുടെ ഔദ്യോഗിക അനാവരണത്തിനാണ് ന്യൂയോര്‍ക് ഓട്ടോ ഷോ സാക്ഷ്യം വഹിച്ചത്. നിസ്സാന്‍ വിമോഷന്‍ 2.0 കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആള്‍ട്ടിമ, രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഷാര്‍പ്പ് ആന്‍ഡ് സ്‌പോര്‍ടിയാണെന്ന് പറയാം. മുന്നില്‍ കമ്പനിയുടെ തനത് വി-മോഷന്‍ ഗ്രില്ല്, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയ്ല്‍ലാംപുകളും ബൂമറാംഗ് ആകൃതിയിലുള്ളതാണ്. കാറിന്റെ ഉള്‍ഭാഗത്ത് കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ 8 ഇഞ്ച് സെന്റര്‍ ഡിസ്‌പ്ലേയാണ് അതിലൊന്ന്. രണ്ട് പുതിയ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ആറാം തലമുറ നിസ്സാന്‍ ആള്‍ട്ടിമ വരുന്നത്. 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ വേരിയബിള്‍ കംപ്രഷന്‍ ടര്‍ബോ എന്നിവയാണവ.

ഫോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ടാന്‍ഓക്ക് പിക്കപ്പ് കണ്‍സെപ്റ്റ്

മോഡുലാര്‍ ട്രാന്‍സ്‌വേഴ്‌സ് മാട്രിക്‌സ് ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌വാഗണിന്റെ ആദ്യ പിക്കപ്പാണ് അറ്റ്‌ലസ് ടാന്‍ഓക്ക്. യുഎസ്സിലെ പസിഫിക് തീരത്ത് കാണുന്ന ബീച്ച് എന്ന ജനുസ്സില്‍പ്പെടുന്ന നിത്യഹരിത മരമായ ടാന്‍ഓക്കാണ് പേരിന് പ്രചോദനമായത്. വാഹനത്തിന്റെ മുന്‍വശം കൂടുതല്‍ റഗ്ഗ്ഡ് ആണ്. ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ബംപറും വാഹനത്തിന്റെ സൈഡ് പ്രൊഫൈലിലേക്ക് നീണ്ടുകിടക്കുന്നു. 5,438 മില്ലി മീറ്ററാണ് ടാന്‍ഓക്ക് കണ്‍സെപ്റ്റിന്റെ നീളം. മിഡ് സൈസ് എസ്‌യുവിയായ ഫോക്‌സ്‌വാഗണ്‍ അറ്റ്‌ലസിനേക്കാള്‍ 401 എംഎം കൂടുതല്‍. യുഎസ് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടാന്‍ഓക്ക് കണ്‍സെപ്റ്റ് വലിയ മിഡ്‌സൈസ് പിക്കപ്പാണെന്ന് പറയാം. 3.6 ലിറ്റര്‍ വി6 എന്‍ജിനാണ് അറ്റ്‌ലസ് ടാന്‍ഓക്ക് കണ്‍സെപ്റ്റ് ഉപയോഗിക്കുന്നത്. 276 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 8.5 സെക്കന്‍ഡ് മതി.

ക്ലാസിക് മിനി ഇലക്ട്രിക്

ക്ലാസിക് മിനിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ എല്ലാ പ്രതാപത്തോടെയും പ്രദര്‍ശിപ്പിക്കുന്നത് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ കണ്ടു. ഒറിജിനല്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് പകരം ഇലക്ട്രിക് മോട്ടോറും പുതിയ ബാറ്ററി പാക്കുമാണ് ക്ലാസിക് മിനിയുടെ ഇലക്ട്രിക് പതിപ്പില്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഒറിജിനല്‍ മോഡലിന്റെ ഗോ-കാര്‍ട്ട് സെന്റിമെന്റ് നിലനിര്‍ത്തിയിരിക്കുന്നു. ബ്രൈറ്റ് റെഡ് പെയിന്റ് സ്‌കീമിലാണ് ഈ ഒരേയൊരു ക്ലാസിക് മിനി ഇലക്ട്രിക് നിര്‍മ്മിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള റേസിംഗ് സ്‌ട്രൈപ്പുകളും കാണാം. മുന്നില്‍ ഓക്‌സിലിയറി ലൈറ്റുകളും നല്‍കിയിരിക്കുന്നു. കമ്പനിയുടെ ഭാവി ഇലക്ട്രിക് വാഹന താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ക്ലാസിക് മിനിയുടെ ഇലക്ട്രിക് പതിപ്പ് നിര്‍മ്മിച്ചത്. 2019 ല്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ആദ്യ ഇലക്ട്രിക് മിനി 3 ഡോറുകളുള്ള കാറായിരിക്കും.

മെഴ്‌സിഡീസ്-എഎംജി സി 63 എസ് കൂപ്പെ

നാളേറെയായി കാത്തിരുന്ന മെഴ്‌സിഡീസ്-എഎംജി സി 63 എസ് കൂപ്പെ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ മെഴ്‌സിഡീസ്-എഎംജി സി 63 എസ്സിന്റെ കൂടെ സി 43 എഎംജി കൂപ്പെയും സി-ക്ലാസ് കാബ്രിയോലെയും ഉണ്ടായിരുന്നു. സ്റ്റാന്‍ഡേഡ്, എസ് എന്നീ രണ്ട് ട്രിം ഓപ്ഷനുകളിലാണ് പുതിയ സി 63 എഎംജി വരുന്നത്. കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുതിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. മുന്നില്‍ പുതിയ ബഗ്-ഐ ഹെഡ്‌ലാംപുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. ബോണറ്റ് പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഫ്രണ്ട് ബംപര്‍ പുതിയതാണ്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിന്‍ സ്റ്റാന്‍ഡേഡ് വേരിയന്റില്‍ 469 ബിഎച്ച്പി കരുത്തും എസ് ട്രിമ്മില്‍ 503 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് സി 63 എസ്സിന് 3.9 സെക്കന്‍ഡ് മതി.

ടൊയോട്ട ആര്‍എവി4

ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നായ ആര്‍എവി4 ന്റെ 2019 മോഡല്‍ ന്യൂയോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. റിക്രിയേഷണല്‍ ആക്റ്റിവിറ്റി വെഹിക്കിള്‍ 4 വീല്‍ ഡ്രൈവ് എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍എവി4. യുഎസ്സില്‍ ഇതുവരെ ആര്‍എവി4 എന്ന കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ നാല് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റത്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (ടിഎന്‍ജിഎ) പ്ലാറ്റ്‌ഫോമാണ് 2019 ആര്‍എവി4 ന്റെ അടിസ്ഥാനം. 2019 മോഡലില്‍ ആര്‍എവി4 ന്റെ വീല്‍ബേസും വീതിയും വര്‍ധിച്ചപ്പോള്‍ ഉയരം കുറഞ്ഞു. പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയ്ല്‍ ലാംപുകളുമായി ഷാര്‍പ്പ് ലുക്കിലാണ് ആര്‍എവി4 വരുന്നത്. 7 ഇഞ്ചിന്റെയോ അല്ലെങ്കില്‍ 8 ഇഞ്ചിന്റെയോ ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും കാറിനകത്ത്. ടൊയോട്ടയുടെ എന്‍ട്യൂണ്‍ 3.0 ഓഡിയോ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആമസോണ്‍ അലെക്‌സ എന്നിവ ഉണ്ടായിരിക്കും. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ആര്‍എവി4 ന് കരുത്ത് പകരുന്നത്. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി പ്രവര്‍ത്തിക്കും.

ജാഗ്വാര്‍ എഫ്-പേസ് എസ്‌വിആര്‍

ഏറ്റവും വേഗമേറിയതും ഏറ്റവും കരുത്തുറ്റതുമായ എഫ്-പേസ് എന്നാണ് ജാഗ്വാര്‍ എഫ്-പേസ് എസ്‌വിആര്‍ വിശേഷിപ്പിക്കപ്പെടുന്നത്. കാര്‍ ന്യൂയോര്‍ക്കില്‍ അനാവരണം ചെയ്തു. എല്ലാ സാഹചര്യങ്ങളിലും മികച്ച പെര്‍ഫോമന്‍സ് സമ്മാനിക്കുന്നതിന് പരിഷ്‌കരിച്ച ഷാസിയിലും മെച്ചപ്പെട്ട എയ്‌റോഡൈനാമിക്‌സിലുമാണ് എസ്‌വിആര്‍ പതിപ്പ് വരുന്നത്. സ്റ്റാന്‍ഡേഡ് ജാഗ്വാര്‍ എഫ്-പേസിനേക്കാള്‍ പുതിയ എഫ്-പേസ് എസ്‌വിആറിലെ എന്‍ജിന്‍ 44 ശതമാനം അധികം പവര്‍ ഔട്ട്പുട്ട് നല്‍കും. 5.0 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് എഫ്-പേസ് എസ്‌വിആറിന് കരുത്തേകുന്നത്. പരമാവധി 542 ബിഎച്ച്പി കരുത്തും പരമാവധി 680 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 4.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 283 കിലോമീറ്ററാണ് ടോപ് സ്പീഡ്.

2019 ടൊയോട്ട കൊറോള

ആര്‍എവി4 നിര്‍മ്മിച്ച അതേ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ടയുടെ കൊറോള ഹാച്ച്ബാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ വലിയ ഗ്രില്ലും പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. പുതിയ റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകളാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാബിനില്‍ നല്‍കിയിട്ടുണ്ട്. നിലവിലെ 1.8 ലിറ്റര്‍ യൂണിറ്റിന് പകരം പുതിയ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കൊറോള ഹാച്ച്ബാക്കിന് കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍, സിവിടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍. കൊറോളയുടെ സെഡാന്‍ വേര്‍ഷന്‍ വൈകാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto