ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വിപണി ഇന്ത്യ: ക്രിഷ് അയ്യര്‍

ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വിപണി ഇന്ത്യ: ക്രിഷ് അയ്യര്‍

കാര്‍ഷിക, എംഎസ്എംഇ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും വാള്‍മാര്‍ട്ടിന്റെ വികസന പ്രവര്‍ത്തനം

ന്യൂഡെല്‍ഹി: ലോകത്തിന്റെ വിവിധ വിപണികള്‍ ക്ഷീണം നേരിടുകയാണെങ്കിലും നിലവില്‍ ഏറ്റവും ആകര്‍ഷകമായ വിപണിയായി ഇന്ത്യ നിലനില്‍ക്കുകയാണെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ പ്രസിഡന്റ് ക്രിഷ് അയ്യര്‍. വാള്‍മാര്‍ട്ട് പോലുള്ള ആഗോള കമ്പനികള്‍ രാജ്യത്ത് മികച്ച സാങ്കേതികവിദ്യ കൊണ്ടുവരികയും മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുവേണ്ടിയുള്ള വാള്‍മാര്‍ട്ടിന്റെ വിപുലീകരണ പ്രവര്‍ത്തങ്ങള്‍ പ്രധാനമായും കാര്‍ഷിക, എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ക്രിഷ് അയ്യര്‍ പറയുന്നത്. ഇത്തവണ കമ്പനി പ്രാധാന്യം നല്‍കുന്നത് ലാഭത്തിനല്ല, മറിച്ച് ഭാവി വളര്‍ച്ചയ്ക്കായുള്ള അടിത്തറയൊരുക്കുന്നതിനും ഉത്തരവാദിത്തത്തോടെ ബിസിനസിനെ നയിക്കാന്‍ കെല്‍പ്പുള്ള വ്യാപാര പങ്കാളികളെ കണ്ടെത്തുന്നതിനുമായിരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആഗോള ബിസിനസുകള്‍ ഇന്ത്യക്ക് ആവശ്യമാണോ?’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ സമ്മേളനം. രാജ്യത്ത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സൗഹൃദ രാഷ്ട്രമായി ഇന്ത്യയെ വളര്‍ത്തുന്നതിനും കഴിഞ്ഞ നാല് വര്‍ഷകാലമായി സര്‍ക്കാര്‍ നടപ്പാക്കിയ ശ്രമങ്ങള്‍ തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയെ ആകര്‍ഷകമാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നാണ് ക്രിഷ് അയ്യര്‍ പറയുന്നത്. ഇക്കാലയളവില്‍ രാജ്യത്തെ 21 മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം(എഫ്ഡിഐ) നടത്തുന്നതിന് അവസരമൊരുങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ മികച്ച വിപണിയാണെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് നിഷ ബിസ്വാളും പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ വേഗവും, മധ്യവര്‍ഗ ജനസംഖ്യയുടെ വളര്‍ച്ചയും ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് പാരിസ്ഥിതിയുമാണ് യുഎസിന്റെ ആകര്‍ഷണത്തിന് കാരണമെന്നും നിഷ ബിസ്വാള്‍ വിശദീകരിച്ചു. അടിസ്ഥാനസൗകര്യ മേഖലയില്‍ 80 ശതമാനത്തോളം വികസനം ഇന്ത്യ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നാണ് വിശ്വസിക്കുന്നത്. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ആഗോള മൂലധനവും സാങ്കേതികവിദ്യയും ആവശ്യമാണ്. ഇത് ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തത്തിന് വലിയ അവസരങ്ങളൊരുക്കുമെന്നും നിഷ ബിസ്വാള്‍ കൂട്ടിച്ചേര്‍ത്തു.

മാനവവിഭവ ശേഷിയിലും എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിലും മികച്ച അടിത്തറയാണ് ഇന്ത്യക്കുള്ളതെന്ന് ജെട്രോ (ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍) ഇന്ത്യ ചീഫ് ഡയറക്റ്റര്‍ ജനറല്‍ കസുയ നകാജോ പറഞ്ഞു. സര്‍വീസസ്, എഫ്എംസിജി, ഐടി, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ പ ഇന്ത്യയുമായി സഹകരണം ശക്തമാക്കാനാണ് ജപ്പാന്‍ നോക്കുന്നതെന്നും കസുയ നകാജോ അറിയിച്ചു.

Comments

comments

Categories: Business & Economy