ഫോട്ടോ കടപ്പാട് : എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക്.കോം
സ്ട്രോം മോട്ടോഴ്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമുള്ള 2-ഡോര്‍ ഇലക്ട്രിക് കാറാണ് സ്ട്രോം ആര്3
മുംബൈ : സ്ട്രോം മോട്ടോഴ്സ് എന്ന മുംബൈ സ്റ്റാര്‍ട്ടപ്പ് സ്ട്രോം ആര്3 എന്ന ഓള്-ന്യൂ ഇലക്ട്രിക് കാര്‍ അനാവരണം ചെയ്തു. കോംപാക്റ്റ്, 2-ഡോര്‍ വൈദ്യുത വാഹനമാണ് സ്ട്രോം ആര്3. മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമായി റിവേഴ്സ് ട്രൈക്ക് കോണ്‍ഫിഗറേഷനിലാണ് ഇലക്ട്രിക് കാര്‍ വരുന്നത്. മുംബൈ, ഡെല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് സ്ട്രോം ആര്3. ആര്3 പ്യുവര്‍, ആര്3 കറന്റ്, ആര്3 ബോള്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ സ്ട്രോം ആര്3 ഇലക്ട്രിക് കാര്‍ ലഭിക്കും. 80 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ എന്നിവയാണ് റേഞ്ച് ഓപ്ഷനുകള്‍. അതായത് വാഹനത്തിലെ ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഇത്രയും കിലോമീറ്റര്‍ സഞ്ചരിക്കാം. ഏകദേശം മൂന്ന് ലക്ഷം രൂപയായിരിക്കും വില. ഈ വര്‍ഷം വില്‍പ്പന തുടങ്ങും.
സ്ട്രോം ആര്3 പ്യുവര്‍, ആര്3 കറന്റ് വേരിയന്റുകളുടെ സ്റ്റാന്‍ഡേഡ് റേഞ്ച് 80 കിലോമീറ്ററാണ്. ഈ റേഞ്ച് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. ആര്3 ബോള്‍ട്ട് എന്ന ടോപ് വേരിയന്റ് സ്റ്റാന്‍ഡേഡായി 120 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കും. പരമാവധി 48 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് നല്കുന്ന 13 കിലോവാട്ട് (17.4 ബിഎച്ച്പി) മോട്ടോറാണ് സ്ട്രോം ആര്3 കാറിന് കരുത്തേകുന്നത്. ഇന്റഗ്രേറ്റഡ് സിംഗിള്‍ സ്പീഡ് പ്ലാനറ്ററി ഗിയര്‍ബോക്സ് മോട്ടോറുമായി ചേര്‍ത്തിരിക്കുന്നു. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളില്‍ സ്ട്രോം ആര്3 പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. എന്നാല്‍ ഫാസ്റ്റ് ചാര്‍ജറാണെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ എണ്‍പത് ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് സ്ട്രോം മോട്ടോഴ്സ് അവകാശപ്പെട്ടു. ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ ബാറ്ററി റീച്ചാര്‍ജ് ചെയ്യപ്പെടുന്ന ഇലക്ട്രോണിക് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ കാറിന്റെ സവിശേഷതയാണ്.
എഡ്ജി ഡിസൈനിലാണ് സ്ട്രോം ആര്3 വരുന്നത്. മസ്കുലര്‍ ഫ്രണ്ട് ബംപര്‍, എല്‍ഇഡി ലൈറ്റുകള്‍, 2-ടോണ്‍ പെയിന്റ് ജോബ് (വെളുത്ത നിറത്തിലുള്ള റൂഫ്), 12 ഇഞ്ച് അലോയ് വീലുകള്‍, ഔട്ട്സൈഡ് റിയര്‍ വ്യൂ മിററുകള്‍ എന്നിവ കൂടാതെ സണ്‍റൂഫ് പ്രധാനപ്പെട്ട ഫീച്ചറാണ്. ഇലക്ട്രിക് ബ്ലൂ, നിയോണ്‍ ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ സ്ട്രോം ആര്3 ലഭിക്കും. 2,907 എംഎം നീളവും 1,450 എംഎം വീതിയും 1,572 എംഎം ഉയരവുമാണ് കാറിന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍. 2,012 മില്ലി മീറ്ററാണ് വീല്‍ബേസ്. ഉയര്‍ന്ന ദൃഢതയുള്ള ഉരുക്ക് ഉപയോഗിച്ച സ്പേസ് ഫ്രെയിം ഷാസിയിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ മാക്ഫേഴ്സണ് സ്ട്രറ്റുകളും പിന്നില്‍ ഡുവല്‍ ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്ഷന് ജോലികള്‍ കൈകാര്യം ചെയ്യും. മുന്‍ ചക്രങ്ങളില്‍ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളും പിന് ചക്രത്തില്‍ ഡ്രം ബ്രേക്കും നല്കിയിരിക്കുന്നു.
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്നവിധം ചെറുതാണ് കാബിന്. രണ്ട് ക്യാപ്റ്റന്‍ സീറ്റുകളോ സിംഗിള്‍ ബെഞ്ച് സീറ്റോ ഏത് വേണമെന്നുവെച്ചാല്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കാറിനകത്ത് കംഫര്‍ട്ട് ഫീച്ചറുകള്‍ നിരവധിയാണ്. ക്ലൈമറ്റ് കണ്ട്രോള് സംവിധാനം ഉള്‍പ്പെടെ എയര്‍ കണ്ടീഷണര്‍, 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാവുന്ന യൂസര്‍ ഇന്റര്‍ഫേസ്, വോയ്സ് കണ്ട്രോളുകള് എന്നിവ ഫീച്ചറുകളില്‍ ചിലത് മാത്രം. എഫ്എം/യുഎസ്ബി സിസ്റ്റം, ഓപ്ഷണലായി 20 ജിബി ഓണ്‍ബോര്‍ഡ് മ്യൂസിക് സ്റ്റോറേജ്, മാപ്സ് പ്ലസ് നാവിഗേഷന്‍ സപ്പോര്‍ട്ട്, വൈഫൈ/3ജി ഡാറ്റ കണക്റ്റിവിറ്റി ഓപ്ഷന് എന്നിവയാണ് മറ്റ് ആകര്‍ഷക ഫീച്ചറുകള്‍. റിമോട്ട് കീലെസ് എന്‍ട്രി, പാര്‍ക്കിംഗ് അസ്സിസ്റ്റ്, റിയര്‍ ക്യാമറ, പവര്‍ വിന്‍ഡോകള്‍, 3 പോയന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും കമ്പനി ഓഫര്‍ ചെയ്യുന്നു. ചെറിയ ലഗേജ് സൂക്ഷിക്കുന്നതിന് മുന്നിലും പിന്നിലും സ്റ്റോറേജ് കംപാര്‍ട്ട്മെന്റ് കാണാം.
ആര്3 പ്യുവര്‍, ആര്3 കറന്റ്, ആര്3 ബോള്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ സ്ട്രോം ആര്3 ലഭിക്കും. 80 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ എന്നിവയാണ് റേഞ്ച് ഓപ്ഷനുകള്‍. ഏകദേശം മൂന്ന് ലക്ഷം രൂപയായിരിക്കും വില. ഈ വര്‍ഷം നവംബറില്‍ വില്‍പ്പന ആരംഭിക്കും
സ്ട്രോം ആര്3 ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം നവംബറില്‍ വില്‍പ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുപ്പതോളം പ്രീ-ഓര്‍ഡറുകള്‍ ഇതിനകം സ്ട്രോം മോട്ടോഴ്സിന് ലഭിച്ചുകഴിഞ്ഞു. കാറിന്റെ പ്രചാരണാര്‍ത്ഥം രാജ്യവ്യാപകമായി റോഡ് ഷോ നടത്താനാണ് കമ്പനി തീരുമാനം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് സ്ട്രോം മോട്ടോഴ്സ്. 2020 ന് മുമ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്ന യൂണിറ്റി ഇലക്ട്രിക് കാര്‍ ആയിരിക്കും സ്ട്രോം ആര്3 യുടെ പ്രധാന എതിരാളി.