ഇത് സ്വര്‍ണവും മില്‍ക്ക് പ്രോട്ടീനും കൊണ്ടുള്ള ആഡംബര പേന

ഇത് സ്വര്‍ണവും മില്‍ക്ക് പ്രോട്ടീനും കൊണ്ടുള്ള ആഡംബര പേന

ഇന്തോ-യുകെ സംയുക്തസംരംഭമായ റൈറ്റോള്‍ പെന്‍സ് കസ്റ്റമൈസ്ഡ് പേനകളാണ് വിപണിയില്‍ ഇറക്കുന്നത്. 18 കാരറ്റ് സ്വര്‍ണഭാഗങ്ങളോടു  കൂടിയ പേന ഒരു ഡിസൈനില്‍ ഒരെണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ

പൂര്‍ണമായും കൈകൊണ്ട് കടഞ്ഞെടുത്ത, സ്വര്‍ണവും മില്‍ക്ക് പ്രോട്ടീനും കൊണ്ട് നിര്‍മിച്ച 5000 മുതല്‍ 2.5 ലക്ഷം വരെ വിലമതിക്കുന്ന ആഡംബര പേനകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് റൈറ്റോള്‍ പെന്‍സ്. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഹ്മിന്‍സിന്റെ പ്രീമിയം ഗിഫ്റ്റിംഗ് മേഖലയിലേയ്ക്കുള്ള വൈവിധ്യവല്‍ക്കരണ സംരംഭമാണ് റൈറ്റോള്‍ പെന്‍സ്. ഇംഗ്ലണ്ടിലെ പ്രമുഖ ആഡംബര ഹാന്‍ഡ്‌മേഡ് പേന നിര്‍മാതാവായ റോണ്‍ കാഡി എന്ന റൊണാള്‍ഡ് കെ. കാഡിയുമായിച്ചേര്‍ന്നാണ് റൈറ്റോള്‍ പേനകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

www.rytol.shop എന്ന വെബ്‌സൈറ്റിലൂടെ ആദ്യഘട്ടത്തില്‍ പേനകള്‍ ഓണ്‍ലൈന്‍ ആയി വില്‍പ്പനക്കെത്തും. ഇകോമേഴ്‌സ് സൈറ്റിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റോണ്‍ കാഡിയും റൈറ്റോള്‍സ് പെന്‍സ് സിഇഒ ശ്രീനാഥ് വിഷ്ണുവും ചേര്‍ന്ന് നിര്‍വഹിച്ചു.കസ്റ്റമൈസ്ഡ് പേനകളോട് താല്‍പര്യമുള്ള ഉപഭോക്താക്കളെയും സെലിബ്രികളെയും ലക്ഷ്യമിട്ടുകൊണ്ടാണ് റൈറ്റോള്‍ പേനകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായ കഡ്യൂഷ്യസ് എന്ന ദണ്ഡിന്റെ മാതൃകയില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ക്ലിപ്പിനു പുറമെ സെന്റര്‍ ബാന്‍ഡില്‍ ഇസിജിയും ക്യാപ്പിന്റെ മുനപ്പായ ഡെര്‍ബി അഥവാ ഫിനെയില്‍ ഹൃദയവും മുദ്രണം ചെയ്ത പേനകളാണ് ഡോക്ടര്‍മാര്‍ക്കുള്ള ആര്‍ടീരിയ സീരിസില്‍ ഉള്ളത്

ഡോക്ടര്‍മാര്‍ക്കുള്ള ആര്‍ടീരിയ സീരിസ്, ബിസിനസ് സ്ഥാപനങ്ങളുടെ തലവന്മാരെ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് സീരിസ്, ആല്‍ബര്‍ട്ട് മെമ്മോറിയല്‍, അലക്‌സാണ്ട്ര, കാനറി വാര്‍ഫ്, ചെയര്‍മാന്‍സ് ട്വിസ്റ്റ്, വെസ്റ്റ് മിനിസ്റ്റര്‍, തുടങ്ങിയ മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് ആര്‍ടീരിയ സീരിസിലെ മോഡലുകളുടെ വില.മില്‍ക്ക് പ്രോട്ടീനായ കേസിന്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന വെളുത്ത ബോഡിയും 18 കാരറ്റ് തനിസ്വര്‍ണത്തിലുള്ള ക്ലിപ്പും സെന്റര്‍ബാന്‍ഡുമാണ് ആര്‍ടീരിയ മോഡലുകളുടെ സവിശേഷതകള്‍. ക്രോമിയം, പ്ലാറ്റിനം, റോഡിയം എന്നിവ പൂശിയ മോഡലുകളുമുണ്ട്
കൈ ഉപയോഗിച്ച് മരം കടഞ്ഞെടുക്കുന്ന വുഡ് ടേണിംഗില്‍ 28 വര്‍ഷത്തെയും ഇതില്‍ നിന്ന് രൂപപ്പെട്ടു വന്ന പെന്‍ ടേണിംഗ് എന്നറിയപ്പെടുന്ന പ്രക്രിയയില്‍ 15 വര്‍ഷത്തെയും അനുഭവസമ്പത്തുള്ള പെന്‍ ടേണറാണ് റോണ്‍ കാഡി. പേനകളുടെ ശേഖരണം വിനോദമായ ശ്രീനാഥിന്റെ കാഡിയുമായുള്ള സൗഹൃദമാണ് ഇത്തരം ഒരു സംരംഭത്തിലേക്ക് വഴിവച്ചത്.

” ഏകദേശം 1200 കോടി രൂപയുടെ വിപണിയാണ് ഇന്ത്യയില്‍ ആഡംബര പേനകള്‍ക്ക് ഉള്ളത്. 2013-14 കാലഘട്ടത്തില്‍ 700 കോടി രൂപ മാത്രമായിരുന്നു ആഡംബര പേന വിപണിയുടെ വലുപ്പം. പ്രതിവര്‍ഷം മികച്ച വളര്‍ച്ചാ നിരക്ക് കാണിക്കുന്ന ഈ വിപണിയിലെ നിക്ഷേപം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്. കേരളത്തില്‍ ഇതുവരെ 300 ആഡംബര പേനകള്‍ വിറ്റുകഴിഞ്ഞു.” റൈറ്റോള്‍ പെന്‍സ് സിഇഒ ശ്രീനാഥ് വിഷ്ണു പറയുന്നു.

മുംബൈ, കൊച്ചി, ജയ്പൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് വിദഗ്ധരെ ഉപയോഗിച്ചുള്ള ഹാന്‍ഡ് മേഡ് പേനകളുടെ നിര്‍മാണം. ഒരു ദിവസം നിര്‍മിക്കുന്നത് 3 പേന മാത്രം. പ്രീമിയം ഹാര്‍ഡ് വുഡ്, ട്രൂ സ്റ്റോണ്‍, കേസിന്‍, മാര്‍ബ്ള്‍ അക്രിലിക് മിശ്രിതം തുടങ്ങിയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് 6 മണിക്കൂര്‍ കൊണ്ടാണ് പെന്‍ ലെയ്ത്തില്‍ ഒരു പേനയ്ക്കാവശ്യമായ ബാരല്‍ നിര്‍മിച്ചെടുക്കുന്നത്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിതിയെങ്കിലും ഇവിടെ 40% മൂല്യവര്‍ധന (വാല്യു അഡിഷന്‍) നടക്കുന്നുണ്ടെന്ന് ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാണിച്ചു.

Comments

comments