ചന്ദ കൊച്ചാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഡയറക്റ്റര്‍ ബോര്‍ഡ് എതിര്‍ക്കില്ല
മുംബൈ: ഐസിഐസിഐ ബാങ്ക് ബോര്‍ഡിലെ ചില ഡയറക്റ്റര്‍മാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് മേധാവിയായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വിഡിയോകോണ്‍ ഗ്രൂപ്പും തമ്മിലുണ്ടായ ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ ഏജന്‍സികളില്‍ നിന്നും പുതിയ വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് യോഗം ചേരാനൊരുങ്ങുന്നത്. ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചന്ദ കൊച്ചാര്‍ തുടരണോ, എന്ന കാര്യത്തില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചന്ദ കൊച്ചാറിന് നല്കുന്ന പിന്തുണ ബോര്‍ഡ് തുടരുമെന്നും ബാങ്ക് മേധാവി സ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള തീരുമാനം കൊച്ചാറിന് വിട്ടു നല്‍കിയിരിക്കുകയാണെന്നും ബാങ്കിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
ദീപക് കൊച്ചാറിന് ബിസിനസ് പങ്കാളിത്തമുള്ള വിഡിയോകോണ്‍ ഗ്രൂപ്പിന് വ്യക്തിബന്ധങ്ങളുടെ പേരില്‍ അനധികൃത വായ്പ അനുവദിച്ചുവെന്ന ആരോപണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ ചന്ദ കൊച്ചാറിന്റെ ഭര്തൃസഹോദരന് രാജിവ് കൊച്ചാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള അവിസ്റ്റ അഡൈ്വസറി ഐസിഐസിഐ ബാങ്ക് ക്ലയന്റുകള്‍ക്ക് ഉപദേശം നല്‍കിയിരുന്നുവെന്നും ബാങ്കിലെ വായ്പകള്‍ പുനഃക്രമീകരിച്ചു നല്കി നേട്ടമുണ്ടാക്കിയിരുന്നുവെന്നുമാണ് ആക്ഷേപം.
മാര്‍ച്ച് 28ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലും ഏപ്രില്‍ 2ന് ഇന്‍സോള്‍വന്‍സി കേസുകള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ചന്ദ കൊച്ചാറിന് ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില ഡയറക്റ്റര്‍മാര്‍ ഈ രണ്ട് യോഗത്തിലും പങ്കെടുത്തിരുന്നില്ല. മാത്രമല്ല ഈ യോഗങ്ങള്‍ സംബന്ധിച്ച് അജണ്ടയടക്കമുള്ള മുന്‍കൂര്‍ അറിയിപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയിരുന്നുമില്ല. കൊച്ചാര്‍ കുടുംബത്തിലെ ചിലര്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലറുകള്‍ വിതരണം ചെയ്തത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബാങ്കിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
അനധികൃത വായ്പ സംബന്ധിച്ച ആരോപണത്തില്‍ ചന്ദ കൊച്ചാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2012ല്‍ വിഡിയോകോണിന് വായ്പ നല്കിയ സംഭവത്തില്‍ അവര്‍ക്ക് നേരിട്ട് പങ്കില്ലെന്നും കെവി കമ്മത്ത് അധ്യക്ഷനായുള്ള ക്രെഡിറ്റ് കമ്മിറ്റിയാണ് വായ്പയ്ക്ക് അംഗീകാരം നല്‍കിയതെന്നുമാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. രാജി സംബന്ധമായി ബോര്‍ഡില്‍ നിന്ന് നേരിട്ടോ പരോക്ഷമായോ ഉള്ള യാതൊരുവിധ സമ്മര്‍ദവും ചന്ദ കൊച്ചാര്‍ നേരിടുന്നില്ലെന്നും ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവെക്കാന്‍ ചന്ദ കൊച്ചാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് തയാറാകില്ലെന്നാണ് വിവരം.