തേന്‍കെണിയുടെ തേരോട്ടം

തേന്‍കെണിയുടെ തേരോട്ടം

രാജ്യാന്തര തലത്തില്‍ വന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് മുതല്‍ പ്രലോഭനങ്ങളില്‍ വീഴാന്‍ സാധ്യതയുള്ള ചഞ്ചലമാനസരില്‍ നിന്ന് പണം തട്ടാന്‍ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന തന്ത്രമാണ് തേന്‍കെണി അഥവാ ഹണി ട്രാപ്പ്. അവിശ്വസനീസ സ്വഭാവുള്ള രാജ്യാന്തര കഥ മാത്രമായിരുന്ന തേന്‍ കെണി നമ്മുടെ സമൂഹത്തിലും ഇന്ന് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

‘തേടിപ്പോയത് കിട്ടാതെയായപ്പോള്‍ പടിഞ്ഞാറന്‍ മലകളുടെ വിള്ളലുകളിലൂടെ തിക്കിത്തിരക്കിവരുന്ന മലങ്കാറ്റിനോട് അവര്‍ പരാതി പറഞ്ഞു:

‘ഇങ്ങനെ നെറീം മൊറേല്യാണ്ടായല്ലോ നമ്മടെ ഊരിലെ പെണ്ണുങ്ങള്‍ക്ക്’.

മലങ്കാറ്റാകട്ടെ കളിയാക്കി ചിരിച്ചു:

‘തള്ളേ നീയാണോ ഊരിലെ പെണ്ണുങ്ങള്‍ടെ നെറീം മൊറേം കാക്കണ ശക്തി? വിളനിലങ്ങളില്‍ കാറ്റും കയ്യും വാദിച്ചു വാശിയോടെ വിത്തുകളെറിയുന്നു. ചിലത് മുളയ്ക്കുന്നു, ചിലത് പൊട്ടയ്ക്കുന്നു. അതിന്റെ ഉണ്മ തേടിപ്പോകാന്‍ നീയാര്?’

-നിയോഗം (സേതു)

മഹാഭാരതകഥയില്‍ ഹിരണ്യകശിപുവിന്റെ വംശത്തില്‍ നികുംഭന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് സുന്ദനും ഉപസുന്ദനും. അവര്‍ തമ്മില്‍ വളരെ സൗഹൃദത്തിലായിരുന്നു. രാജ്യവും കൊട്ടാരവും ഭക്ഷണവും മാത്രമല്ല കട്ടില്‍ വരെ അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി ഒന്ന് മാത്രം മതിയായിരുന്നു. ഒരുമിച്ചു മാത്രം എല്ലാക്കാര്യങ്ങളു ചെയ്തിരുന്ന അവര്‍ക്ക് ത്രിലോകങ്ങളും ജയിക്കണം എന്ന ആഗ്രഹം വന്നു. ജീവന്റെ നാഥനായ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്താനായി അവര്‍ വിന്ധ്യപര്‍വ്വത സാനുക്കളില്‍ കഠിനതപസ്സ് ആരംഭിച്ചു. ഒടുവില്‍ ബഹ്മാവ് പ്രത്യക്ഷനായി അവരുടെ അഭീഷ്ടമെന്തെന്ന് അന്വേഷിച്ചു. ‘തങ്ങളെ മറ്റാരും കൊല്ലരുത്’ എന്ന വരമാണ്് അസുരന്‍മാര്‍ ആവശ്യപ്പെട്ടത്. വരപ്രസാദസന്നദ്ധനായി സംപ്രീതിയറിയിച്ച ബ്രഹ്മാവിന് കൊടുത്ത ‘ഓഫര്‍’ തിരിച്ചെടുക്കുക വയ്യാതായി. മറ്റു നിര്‍വ്വാഹമില്ലാതെ അദ്ദേഹം അവര്‍ക്ക് ഒരു ‘കണ്ടീഷണല്‍’ വരം കൊടുത്തു: പരസ്പരമല്ലാതെ മറ്റാര്‍ക്കും സുന്ദോപസുന്ദന്മാരെ വധിക്കാനാവില്ല. വരം കിട്ടിയ സുന്ദോപസുന്ദന്മാര്‍ ഭൂമി മുഴുവന്‍ പിടിച്ചടക്കി. പാതാളവും. അതുപോരാഞ്ഞ് സ്വര്‍ഗ്ഗം കീഴടക്കി തങ്ങളുടേതാക്കാന്‍ പുറപ്പെട്ടു. വരപ്രസാദത്തിന്റെ ശക്തിയാല്‍ സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രനെ നിഷ്പ്രയാസം കീഴടക്കി. പലായനം ചെയ്ത ഇന്ദ്രന്‍ ബ്രഹ്മലോകത്ത് രാഷ്ട്രീയ അഭയം തേടി. സ്വര്‍ഗ്ഗം കീഴടക്കിയ സന്തോഷത്തില്‍ സുന്ദോപസുന്ദന്മാര്‍ ദേവസുന്ദരികളെ കീഴ്‌പെടുത്താനും മഹര്‍ഷിമാരെ കൊല്ലാനും ആരംഭിച്ചു. അങ്ങിനെ ആരെയും ഭയമില്ലാതെ അക്രമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഭയന്ന് പോയ ദേവകളെല്ലാവരും കൂടി ബ്രഹ്മാവിനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. അദ്ദേഹം വിശ്വകര്‍മ്മാവിനോട് മനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. മൂന്ന് ലോകങ്ങളിലെയും ഏറ്റവും മനോഹരമായ വസ്തുക്കളില്‍ നിന്നും ഓരോ തിലം വീതം എടുത്ത് വിശ്വകര്‍മ്മാവ് അതിമനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിച്ചു. കാമദേവന്റെ നിര്‍വ്വചനപ്രകാരം ‘പത്മിനി’ എന്ന ഗണത്തില്‍ വരുന്നവള്‍. നിലാവിന്റെ നിറം, കടഞ്ഞെടുത്ത മേനി. സമുദ്രത്തിന്റെ അഗാധത ദ്യോതിപ്പിക്കുന്ന വിടര്‍ന്ന കണ്ണുകള്‍. നീണ്ട നാസിക. വിരിവാര്‍ന്ന ചുവന്ന ചുണ്ടുകള്‍. കറുത്തിരുണ്ട ഇടതൂര്‍ന്ന മുടി മുട്ടറ്റം. താമരപ്പൂവിന്റെ ഗന്ധം. അതാണ് തിലോത്തമ എന്ന അപ്‌സരസ്സ്.

ബ്രഹ്മാവ് തിലോത്തമയോട് സുന്ദോപസുന്ദന്മാരെ പിണക്കി പരസ്പരം വൈരമുണ്ടാക്കാനായി നിര്‍ദ്ദേശിക്കുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അരികില്‍ എത്തുമ്പോള്‍ അവളുടെ അസാമാന്യ സൌന്ദര്യം കണ്ട് മതിമറന്ന് സുന്ദന്‍ അവളുടെ വലതു കൈ ഗ്രഹിക്കുന്നു. ഉപസുന്ദന്‍ ഇടതുകൈയ്യും. സുന്ദന്‍ പറഞ്ഞു, ‘ഇവള്‍ എന്റെ ഭാര്യയാണ് നിനക്ക് ഇവള്‍ ഗുരുപത്‌നിയാണ്, മാറിപ്പോവുക’്. പക്ഷെ ഉപസുന്ദന്‍ തിലോത്തമ തന്റെ ഭാര്യയാണെന്നു പറയുന്നു. ഇങ്ങിനെ അവര്‍ തമ്മില്‍ തര്‍ക്കമായി, വാഗ്വാദം മൂത്ത്, പരസ്പരം വൈരമായി. ഒടുവില്‍ ഗദയെടുത്ത് അന്യോന്യം യുദ്ധം ചെയ്യുന്നു. ഒടുവില്‍ രണ്ടുപേരും ചത്തുവീഴുന്നു.

അന്യോന്യമല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാന്‍ സാധ്യമല്ലായിരുന്നല്ലോ. അതുകൊണ്ട് അവരെ തമ്മില്‍ പിണക്കി പരസ്പരം കൊല്ലിക്കാനായിരുന്നു ബ്രഹ്മാവ് തിലോത്തമയെ അയച്ചത്. അറിയപ്പെടുന്ന ആദ്യത്തെ തേന്‍കെണി!

കുറച്ച് നാളുകള്‍ മുന്‍പ് വരെ തേന്‍കെണി നമുക്ക് ഒരു രാജ്യാന്തര കഥമാത്രമായിരുന്നു. പിന്നീട് അത് ഒരുതരം ‘വനിതാ ഗുണ്ടായിസ’മായി ഇവിടെ അവതരിക്കുന്നതാണ് നാം കണ്ടത്. മന്ത്രി മുതല്‍ തന്ത്രി വരെ പല കഥകളും കേട്ടു. ഇപ്പോഴതിന് പുതിയ മാനങ്ങള്‍ വരുന്നു. അപരിചിതരായ സ്ത്രീകള്‍ പെട്ടെന്നാണ് സൗഹൃദ അപേക്ഷകള്‍ മുഖപുസ്തകത്തില്‍ തരുന്നത്.

1960 കളില്‍ ബ്രിട്ടീഷ് എംപിയും യുദ്ധകാര്യ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ജോണ്‍ പ്രൊഫ്യൂമോ അമേരിക്കയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ ക്രൂയിസ് മിസൈലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി രൂപപ്പെടുത്തുകയായിരുന്നു. അക്കാലത്ത് ബ്രിട്ടനിലെ സോവിയറ്റ് യൂണിയന്‍ അറ്റാഷെ ആയിരുന്ന യേവ്ഗനി ഇവാനോവിന്റെ അടുപ്പക്കാരിയായിരുന്ന ക്രിസ്റ്റീന കീലര്‍ ജോണ്‍ എന്ന മോഡല്‍, പ്രൊഫ്യൂമോയുമായിട്ടും അടുക്കുന്നു. ഇത് രണ്ടും പരമരഹസ്യങ്ങളായിരുന്നു. ക്രിസ്റ്റീനയുടെ മറ്റ് രണ്ട് കാമുകന്മാര്‍ തമ്മിലുള്ള ഒരു വെടിവെപ്പ് സംഭവത്തിന്റെ അന്വേഷണത്തില്‍ അവള്‍ക്ക് പ്രൊഫ്യൂമോയുമായും ഇവാനോവുമായും ഉള്ള അടുപ്പവും ആ ബന്ധങ്ങളിലെ സുരക്ഷാഭീഷണിയും വെളിപ്പെട്ടിരുന്നു. ആദ്യം ക്രിസ്റ്റീനയെ അറിയില്ലെന്ന് കളവ് പറഞ്ഞ പ്രൊഫ്യൂമോ ഒടുവില്‍ കുറ്റസമ്മതം നടത്തി രാജിവച്ചു. ഇവാനോവിനെ സോവിയറ്റ് യൂണിയനിലേക്ക് കയറ്റിവിട്ടു. ബ്രിട്ടന്റെയും അമേരിക്കയുടെയും ക്രൂയിസ് മിസൈല്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുവാനാണ് ഇവാനോവിന്റെ താല്‍പര്യപ്രകാരം ക്രിസ്റ്റീന പ്രൊഫ്യൂമോയെ തന്റെ കിടപ്പറ പങ്കാളിയാക്കിയത്.

രാജ്യാന്തര നയതന്ത്രത്തില്‍ പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് തേന്‍കെണി. ഇസ്രായേലിലെ മൊസാദ്, മുന്‍ സോവിയറ്റ് യൂണിയന്റെ കെജിബി, റഷ്യയുടെ എസ്‌വിആര്‍, എഫ്എസ്ബി, അമേരിക്കയുടെ സിഐഎ തുടങ്ങിയ ചാരസംഘടനകള്‍ തേന്‍കെണി വളരെ വിദഗ്ദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ സ്വന്തം പൗരന്‍മാര്‍ക്കെതിരെയും. ഇസ്രയേലിന്റെ ഡിമോണ ന്യൂക്ലിയര്‍ പ്ലാന്റിലെ സാങ്കേതിക വിദഗ്ദ്ധനായിരുന്ന മൊര്‍ഡാക്കായി വാനുനു ഇസ്രായേല്‍ അണുബോംബ് പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ സണ്‍ഡേ ലണ്ടന്‍ ടൈംസിലെ ഒരു ലേഖകനടക്കമുള്ള ചില പത്രക്കാരോട് യദൃച്ഛയാ വീമ്പ് പറഞ്ഞു. തെളിവിനായി ചില ഫോട്ടോകളും അദ്ദേഹം കാണിച്ചു. ഈ വാര്‍ത്ത പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവയുടെ നിജസ്ഥിതി മനസ്സിലാക്കാനായി സണ്‍ഡേ ലണ്ടന്‍ ടൈംസ് അദ്ദേഹത്തെ ഒരു ഒളിസ്ഥലത്ത് മാറ്റി താമസിപ്പിച്ചു. അവിടെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ വച്ച് വാനുനു സുന്ദരിയായ ഒരു അമേരിക്കന്‍ യുവതിയുമായി പരിചയപ്പെട്ടു. താമസംവിനാ വാനുനുവിനെ തന്റെ കിടക്കറയിലേക്ക് ക്ഷണിച്ച അവളുടെ പേര് ഷെറില്‍ എന്നായിരുന്നു. ഷെറിലുമൊത്ത് റോം സന്ദര്‍ശനത്തിന് പോകണമെന്ന വാനുനുവിന്റെ ആവശ്യം നിരസിക്കാന്‍ സണ്‍ഡേ ടൈംസിന് നിയമപരമായ വഴികള്‍ ഉണ്ടായിരുന്നില്ല. വാനുനുവും ഷെറിലും റോമിലേക്ക് പോയി. റോമിലെത്തിയ ഉടനെ ഇസ്രായേലി മൊസാദ് വാനുനുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രായേലില്‍ അദ്ദേഹം 18 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു. ബ്രിട്ടീഷ് മണ്ണില്‍ നിന്ന് വാനുനുവിനെ അറസ്റ്റ് ചെയ്യുക അസാദ്ധ്യമായത് കൊണ്ട്, അദ്ദേഹത്തെ അവിടെ നിന്ന് പുറത്തെത്തിക്കാന്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്തതായിരുന്നു ഷെറില്‍ എന്ന നായികയെ വെച്ചുള്ള നാടകം. യഥാര്‍ത്ഥത്തില്‍ ഷെറിലും ഭര്‍ത്താവും മൊസ്സാദിലെ ഉദ്യോഗസ്ഥരായിരുന്നു.

പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെ വശത്താക്കാനും തേന്‍കെണി വയ്ക്കാറുണ്ട്. സോവിയറ്റ് യൂണിയനിലെ ഫ്രാന്‍സിന്റെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഡി ഴാങ്ങ് പ്രലോഭനത്തിന് എളുപ്പം വശംവദനവാതിരുന്നത് മൂലം അദ്ദേഹത്തിന്റെ ഭാര്യയിലൂടെ നയതന്ത്ര രഹസ്യങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാനാണ് കെജിബി ശ്രമിച്ചത്. ക്രൊട്‌കോവ് എന്ന ആറടി പൊക്കക്കാരന്‍ സുമുഖസുന്ദര ഓഫീസറായിരുന്നു അതിന് നിയോഗിക്കപ്പെട്ടത്. രഹസ്യം ചോര്‍ത്താനുള്ള പെണ്‍കുട്ടികളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ചാരസംഘനടയില്‍ അദ്ദേഹത്തിന്റെ ചുമതല. സ്വയം തേന്‍കെണിയാവാനുള്ള നിയോഗം ലഭിച്ച അദ്ദേഹത്തോട് മേലധികാരി കേണല്‍ കുനാവിന്‍ നിര്‍ദേശിച്ചത് ‘അവളെ നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കണം, അവളെ നമ്മുടെ ആളാക്കണം, അതിന് നിങ്ങള്‍ അവളെ നിങ്ങളുടെ കിടക്കറയിലേയ്ക്ക് സ്വമേധയാ എത്തിക്കണം’ എന്നാണ്. ക്രൊട്‌കോവിന്റെ കായബലത്തിന്റെയും കാമകലാവിരുതിന്റെയും കഴിവില്‍ ഡി ഴാങ്ങിന്റെ പത്‌നി അലിഞ്ഞില്ലാതായി. അതേ സമയം ഴാങ്ങിന്റെ സഹപ്രവര്‍ത്തകന്‍ എയര്‍ അറ്റാഷെ ലൂയിസ് ഗൈബാദിന്റെ ഭാര്യയുടെ കാമുകനാവാന്‍ ‘മോസ്‌കോയുടെ ഫ്രാങ്ക് സിനാട്ര’ എന്നറിയപ്പെട്ട, അഭിനേതാവും ഗായകനുമായ മിഷാ ഓര്‍ലോവ് നിയോഗിക്കപ്പെട്ടു. ഴാങ്ങിനെ വീഴ്ത്താനുള്ള ശ്രമം കെജിബി തുടര്‍ന്നു. ലേഡി ഴാങ് ക്രൊട്‌കോവിനോടൊപ്പം ചെലവിടുന്ന സമയം കൂടുന്തോറും അത് കെജിബിയ്ക്ക് സഹായകമായി. ലോറ, ലിഡിയ എന്നീ രണ്ടുപേര്‍ ആ ശ്രമത്തില്‍ വിജയിച്ചു. ലോറയുടെ വീട്ടിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ ഴാങ്ങ് ആവശ്യപ്പെട്ടപ്പോള്‍, ‘ഒരു സാധാരണ സോവിയറ്റ് യുവതിയുടെ താമസസ്ഥലം കാണിക്കാ’മെന്ന് പറഞ്ഞ് ലിഡിയ അയാളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ സമാഗമ കഥകള്‍ മൈക്കല്‍ വീസ് എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ രണ്ട് വര്‍ഷം മുന്‍പ് ഡെയിലി ബീറ്റ്‌സ് വെബ് പോര്‍ട്ടലില്‍ വിവരിച്ചിട്ടുണ്ട്.

കിഴക്കന്‍ ജര്‍മ്മനിയുടെ ഇന്റലിജന്‍സ് ചീഫ് ആയിരുന്ന മര്‍കസ് വോള്‍ഫ് പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ താക്കോല്‍ സ്ഥാനങ്ങളിലുണ്ടായിരുന്ന നിരവധി സ്ത്രീകളുടെ ‘റോമിയോ’ ആയിരുന്നു എന്ന് ചാരപ്രവര്‍ത്തനത്തിനെപ്പറ്റി നിരവധി രചനകള്‍ നടത്തിയിട്ടുള്ള ഫിലിപ്പ് നൈറ്റ്‌ലി എഴുതുന്നു.

കുറച്ച് നാളുകള്‍ മുന്‍പ് വരെ തേന്‍കെണി നമുക്ക് ഒരു രാജ്യാന്തര കഥമാത്രമായിരുന്നു. പിന്നീട് അത് ഒരുതരം ‘വനിതാ ഗുണ്ടായിസ’മായി ഇവിടെ അവതരിക്കുന്നതാണ് നാം കണ്ടത്. മന്ത്രി മുതല്‍ തന്ത്രി വരെ പല കഥകളും കേട്ടു. ഇപ്പോഴതിന് പുതിയ മാനങ്ങള്‍ വരുന്നു. അപരിചിതരായ സ്ത്രീകള്‍ പെട്ടെന്നാണ് സൗഹൃദ അപേക്ഷകള്‍ മുഖപുസ്തകത്തില്‍ തരുന്നത്. അത് മെസ്സഞ്ചറിലൂടെ വാട്‌സ്ആപ്പ് നമ്പര്‍ വാങ്ങുന്നതില്‍ എത്തുന്നു. പിന്നീട് ചാറ്റ് ആയി. പതിയെ പതിയെ സംഭാഷണം വ്യക്തിഗതമായ കാര്യങ്ങളിലേയ്ക്ക് മാറുന്നു. ഇതിനിടെ ചില രഹസ്യ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നു. നിഷ്‌കളങ്കനാ(യാ)യ ഒരറ്റം എല്ലാം രഹസ്യമെന്നും കൗതുകമെന്നും വിചാരിക്കുമ്പോള്‍ മറുവശം ശബ്ദങ്ങള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. സ്‌ക്രീന്‍ ഷോട്ടുകള്‍ സേവ് ചെയ്യുന്നു. അത്യാവശ്യം എരിവും പുളിയും മെസ്സേജില്‍ വന്ന് കഴിഞ്ഞാല്‍, മറുതലയ്ക്കല്‍ നിന്ന് ആദ്യം അല്പം സാമ്പത്തിക പരാധീനത മെസ്സേജ് ആയി വരുന്നു. സ്വാഭാവികമായും അസ്ഥിയില്‍ പിടിച്ചവര്‍ ഉടനെ ‘അല്‍പ്പം’ സഹായം ചെയ്യുന്നു. പിന്നീടത് ഒരു ശീലമായിക്കൊള്ളും. അനുകമ്പയോ സഹാനുഭൂതിയോ തോന്നാത്തവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കേടുവന്ന കഥയായിരിക്കും കേള്‍ക്കാനുണ്ടാവുക. വീഡിയോ കാളില്‍ വരാനാവുന്നില്ല; അല്ലെങ്കില്‍ രാത്രി വീഡിയോ കാള്‍ ചെയ്യാമായിരുന്നു എന്നാവും പ്രലോഭനം. ഇതും പറഞ്ഞുള്ള പണം കിട്ടിയാല്‍ ഉടന്‍ അടുത്ത ആവശ്യം. ഇതിലൊന്നും വീഴാത്തവര്‍ക്ക് ഒരു അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും മെസ്സേജ് ആയി വരും. കൂടെ മറ്റൊരു മെസ്സേജും: ഈ അക്കൗണ്ടിലേക്ക് ഇത്ര പണം അയയ്ക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ചൂടന്‍ മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ നിങ്ങളുടെ തന്നെ ഫേസ്ബുക്ക് വാളില്‍ അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ / ഭര്‍ത്താവിന്റെ / സഹോദരീസഹോദരന്മാരുടെ വാളില്‍ ഇന്ന് രാത്രി പ്രത്യക്ഷപ്പെടും. അപ്പോഴാണ് തേനോഴുകിയതെല്ലാം ഒരു കെണിയില്‍ നിന്നാണെന്ന് മറുതല മനസിലാക്കുക. അല്ലെങ്കില്‍ റിക്കാര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവുമായി ഒരു പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം. പിന്നാലെ ഒരു വനിതാക്കമ്മീഷന്‍ പരാതി. സേവ് ചെയ്യപ്പെട്ട സംഭാഷണം / സന്ദേശം വാട്‌സാപ്പുകളിലൂടെ അതിശീഘ്രം പടര്‍ന്ന് ഒഴുകുന്നു. തേന്‍കെണി ഇന്ന് തേരോട്ടം നടത്തുകയാണ്.

നമ്മളല്ല, നാട്ടിലെ ആണുങ്ങളുടെ (പെണ്ണുങ്ങളുടെയും) നെറീം മൊറേം കാക്കണ ശക്തി. വിളനിലങ്ങളില്‍ കാറ്റും കയ്യും വാദിച്ചു വാശിയോടെ വിത്തുകളെറിയുന്നു. ചിലത് മുളയ്ക്കുന്നു, ചിലത് പൊട്ടയ്ക്കുന്നു. അതിന്റെ ഉണ്മ തേടിപ്പോകാന്‍ നാമാരുമല്ല. പക്ഷേ, നമ്മുടെ അസ്തിത്വം നമ്മുടെ നിയോഗമാവുന്നു. അങ്കുശമില്ലാത്ത ചാപല്യത്തിന് അംഗനയെന്ന് മാത്രമല്ല പേര്; വിശ്വാമിത്രന്മാര്‍, ഋഷ്യശൃംഗന്‍മാര്‍ എല്ലാം പ്രത്യേകം ശ്രദ്ധിക്കുക. ശന്തനുപുത്രന്മാര്‍ അധികമില്ല.

വാല്‍കഷ്ണം: ഇതെഴുതാനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങളന്വേഷിച്ച് വഴിയൊരുപാട് സഞ്ചരിച്ചിട്ടുണ്ട്. കെണിയാവുമോ?

Comments

comments

Categories: FK Special, Slider
Tags: honey-trap