അപ്പോളോ മ്യൂണിക് ഇന്‍ഷുറന്‍സിനെ ഏറ്റെടുക്കാന്‍ നീക്കവുമായി എച്ച്ഡിഎഫ്‌സി

അപ്പോളോ മ്യൂണിക് ഇന്‍ഷുറന്‍സിനെ ഏറ്റെടുക്കാന്‍ നീക്കവുമായി എച്ച്ഡിഎഫ്‌സി

രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റാന്‍ഡ് എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് അപ്പോളോ മ്യൂണിക്

ന്യൂഡെല്‍ഹി: അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ 1000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാദാതാക്കളായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ് (എച്ച്ഡിഎഫ്‌സി) നീക്കം നടത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ എര്‍ഗൊയ്ക്ക് എച്ച്ഡിഎഫ്‌സിയുമായി പങ്കാളിത്തം ഉള്ളതിനാല്‍ കരാറിലേക്ക് കടക്കാന്‍ ഇരുകമ്പനികള്‍ക്കും കൂടുതല്‍ എളുപ്പമാകും. യൂറോപ്പിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനിയായ ജര്‍മ്മനിയിലെ മ്യൂണിക് റെ ഗ്രൂപ്പിന്റെ ഭാഗമായ എര്‍ഗൊ ഇന്റര്‍നാഷണല്‍ എജിയും എച്ച്ഡിഎഫ്‌സിയും തമ്മിലുള്ള സംയുക്ത സംരംഭമാണ് എച്ച്ഡിഎഫ്‌സി എര്‍ഗൊ ജനറല്‍ ഇന്‍ഷുറന്‍സ്. ഇതില്‍ എച്ച്ഡിഎഫ്‌സിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവും എര്‍ഗൊയ്ക്ക് 49 ശതമാനം ഓഹരി പങ്കാളിത്തവുമാണുള്ളത്. മ്യൂണിക് റെയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ഹോസ്പിറ്റല്‍സും തമ്മിലുള്ള സംയുക്ത സംരംഭമാണ് അപ്പോളോ മ്യൂണിക്.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി ഈ വര്‍ഷം ആദ്യം 13,000 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി സമാഹരിച്ചത്. 1.08 ശതമാനം വിപണി വിഹിതവുമായി സ്റ്റാര്‍ ഹെല്‍ത്തിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റാന്‍ഡ് എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് അപ്പോളോ മ്യൂണിക്. 2017 ഏപ്രില്‍-2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം 31 ശതമാനം വളര്‍ന്ന് 1446 കോടി രൂപയായിരുന്നു. അപ്പോളോയ്ക്ക് 51 ശതമാനം ഓഹരിയുടമസ്ഥതയും മ്യൂണികിന് 49 ശതമാനം ഓഹരിയുടമസ്ഥതയുമാണ് സംയുക്ത സംരംഭത്തിലുള്ളത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ അതിവേഗത്തില്‍ വളരുന്ന സെഗ്‌മെന്റാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം ആരോഗ്യച്ചെലവിടല്‍ 100 ബില്ല്യണ്‍ ഡോളറാണ്.

Comments

comments

Categories: Banking