അമേരിക്കന്‍ യുദ്ധവെറിക്കെതിരേ ഗൂഗിള്‍ ജീവനക്കാര്‍

അമേരിക്കന്‍ യുദ്ധവെറിക്കെതിരേ ഗൂഗിള്‍ ജീവനക്കാര്‍

യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തില്‍പ്പരം വരുന്ന ജീവനക്കാര്‍ ഗൂഗിള്‍ അധികൃതര്‍ക്കു തുറന്ന കത്തെഴുതി

യുദ്ധം വിതറുന്ന നാശനഷ്ടങ്ങള്‍ കേവലം ഭൗതികം മാത്രമല്ല, മാനവികതയ്ക്ക് അത് ഏല്‍പ്പിക്കുന്ന ആഘാതം പ്രവചനാതീതമായിരിക്കും. ഓരോ യുദ്ധവിജയവും വാര്‍ത്തകളായി മാറുമ്പോള്‍ ജയിച്ചവന്റെ വീര്യത്തെ മാത്രം ഓര്‍ത്ത് ആവേശം കൊള്ളാതെ അതിന്റെ മറുവശത്ത് മനുഷ്യര്‍ അനുഭവിക്കുന്ന കൊടിയ യാതനകളുടെയും കഷ്ടപ്പാടുകളുടെയും കാര്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇരുചേരികളിലും പട്ടിണിയും പരിവട്ടവുമനുഭവിക്കുന്ന ജീവിതങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രതീക്ഷയറ്റ വലിയൊരു കൂട്ടം ജനങ്ങളെ കാണാം. യുദ്ധത്തിന്റെ ശരിയെയും ന്യായത്തെയും മാറ്റി നിര്‍ത്തി അതിന്റെ ഭീകരത വര്‍ണിക്കുക പ്രയാസമാണ്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും തകര്‍ന്ന നഗരങ്ങളും ദുരന്ത ചിത്രങ്ങളായി നമ്മുടെ മനസില്‍ മായാതെ നില്‍ക്കും. നേരിട്ടനുഭവിക്കാത്ത കാര്യങ്ങള്‍ കെട്ടുകഥകള്‍ മാത്രമായി കാണുന്ന നമുക്ക് യുദ്ധത്തിലും ജീവന്‍ നഷ്ടപ്പെടാതെ രക്ഷപെട്ടവര്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ യുദ്ധവേളയില്‍ ഏതു നിമിഷവും തലയ്ക്കു മുകളില്‍ ബോംബ് പതിച്ചേക്കുമെന്നു ഭയപ്പെടുന്ന ഭീതിയില്‍ ജന്മസിദ്ധമായ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് ഒരിറ്റു വെള്ളത്തിനോ ഒരു തുണ്ട് ഭക്ഷണത്തിനോ പോലും പുറത്തിറങ്ങാന്‍ പറ്റാതെ ജീവന്‍ കൈയില്‍ പിടിച്ചു കഴിയേണ്ട അവസ്ഥ നമ്മുടെ ചിന്തകള്‍ക്കതീതമാണ്.

മരണഭയത്താല്‍ കൂച്ചുവിലങ്ങിടപ്പെട്ട ജീവിതവുമായി അഭയാര്‍ത്ഥികളെപ്പോലെ കഴിയേണ്ടി വരുന്നവര്‍. ഒരു പറ്റം സാധാരണക്കാര്‍ ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന കെട്ടിടങ്ങളില്‍ അനുഭവിക്കുന്ന അരക്ഷിതബോധം. ഇത് വലിയൊരു വൈകാരിക ആഘാതമായി മാറാം. രക്ഷപെടുന്നവരെ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്കു വിടേണ്ട അവസ്ഥ എല്ലാ യുദ്ധഭൂമികളിലും യുദ്ധാനന്തരം നടക്കുന്ന കാര്യമാണ്. ഭാവി തലമുറയെ ഗ്രസിക്കുന്ന യുദ്ധഭീകരതയുടെ ദൃശ്യങ്ങള്‍ എത്രത്തോളം വരുമെന്ന് കാണ്ഡഹറിലെ മൈനുകളില്‍ തട്ടി കാല്‍ നഷ്ടപ്പെട്ട കുട്ടികളും ജപ്പാനിലെ അണുബോംബ് വര്‍ഷത്തെ തുടര്‍ന്ന് മാറാരോഗികളായി പിറന്നു വീഴുന്ന നവജാതശിശുക്കളും നമ്മെ സദാ ഓര്‍മപ്പെടുത്തുന്നു. യുദ്ധത്തിനെതിരേ ഉണ്ടായ കൂട്ടായ്മയാണ് ഐക്യരാഷ്ട്ര സംഘടന. നിരവധി സന്നദ്ധസംഘടനകളും ലോകനേതാക്കളും ലോകമഹായുദ്ധങ്ങളുടെ കെടുതിയനുഭവിച്ചവരും ഇന്ന് ലോകമെമ്പാടും യുദ്ധവിരുദ്ധ പ്രചാരണത്തില്‍ സജീവമാണ്. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ട് ലോകശക്തികളും വംശീയതയിലൂന്നുന്ന ചില രാഷ്ട്രനേതാക്കളും യുദ്ധവീര്യവും പേറി കുതിച്ചു നില്‍ക്കുന്നു. അത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാകട്ടെ, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദാകട്ടെ, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആകട്ടെ, വിവിധതീവ്രവാദി ഗ്രൂപ്പുകളാകട്ടെ, എല്ലാവരും ലോകത്ത് സംഘര്‍ഷം വളര്‍ത്താന്‍ ലക്ഷ്യമിടുന്നതു പോലെ തോന്നുന്നു.

അമേരിക്കന്‍ സൈന്യവുമായി സഹകരിക്കാനുള്ള മേവന്‍ പദ്ധതിയില്‍ നിന്ന് കമ്പനി പിന്‍വാങ്ങണമെന്ന് ഗൂഗിള്‍ ജീവനക്കാര്‍ അധികൃതര്‍ക്ക് തുറന്ന കത്തെഴുതി. ആളില്ലാ വിമാനങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിക്കാനുള്ള പദ്ധതിയിലാണ് യുഎസ് യുഎസ് പ്രതിരോധ കേന്ദ്രം പെന്റഗണ്‍, ഗൂഗിളിന്റെ സഹകരണം തേടിയത്

യുദ്ധത്തിനെതിരേ നടക്കുന്ന ബോധവല്‍ക്കരണങ്ങളില്‍ വ്യക്തമായ നിലപാടുകളുള്ള സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമുണ്ട്. ഉദാഹരണത്തിന് ആണവസാങ്കേതികവിദ്യ ഊര്‍ജാവശ്യങ്ങള്‍ക്കല്ലാതെ ആയുധ നിര്‍മാണത്തിന് വിട്ടുകൊടുക്കില്ലെന്നത് ജപ്പാന്റെ പ്രഖ്യാപിത നയമാണ്. അണുബോംബ് വര്‍ഷത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും അനുഭവിക്കുന്ന തങ്ങളുടെ ജനതയോടുള്ള പ്രതിബദ്ധതയായി ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്ന പ്രതിജ്ഞയാണ് അതവര്‍ക്ക്. ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ഭൂരിപക്ഷവും ഇനിയൊരു ലോകമഹായുദ്ധം വേണ്ടെന്ന പക്ഷക്കാരാണ്. പശ്ചാത്യ ജനാധിപത്യരാജ്യങ്ങളിലെ പൗരന്മാര്‍ ഇക്കാര്യത്തില്‍ ഏറെ ബോധവാന്മാരും ശക്തമായ നിലപാടുള്ളവരുമാണ്. ഇതിനുദാഹരണമാണ് ആഗോള ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ മുന്‍പന്തിക്കാരായ ഗൂഗിളിലെ ജീവനക്കാരുടെ ഈയിടെയുണ്ടായ നിലപാട് പ്രഖ്യാപനം. അമേരിക്കന്‍ സൈന്യവുമായി സഹകരിക്കാനുള്ള പദ്ധതിയില്‍ നിന്ന് കമ്പനി പിന്‍വാങ്ങണമെന്ന് അവര്‍ അധികൃതര്‍ക്ക് തുറന്ന കത്തെഴുതി. ആളില്ലാ വിമാനങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിക്കാനുള്ള പദ്ധതിയിലാണ് യുഎസ് പ്രതിരോധകേന്ദ്രം പെന്റഗണ്‍, ഗൂഗിളിന്റെ സഹകരണം തേടിയത്. മേവന്‍ എന്നാണ് സൈനിക പദ്ധതിയുടെ പേര്.

കമ്പനിയിലെ ഉന്നതോദ്യോഗസ്ഥരടക്കം 3,100 ജീവനക്കാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കമ്പനി മാനേജ്‌മെന്റുമായി ജീവനക്കാര്‍ നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെച്ചിരുന്നു. 88,000 ജീവനക്കാരാണ് ആഗോളതലത്തില്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് സാങ്കേതികവിദ്യ ആയുധനിര്‍മാണത്തിനോ ഡ്രോണുകള്‍ പറത്താനോ ഒരു കാരണവശാലും ഉപയോഗിക്കില്ലെന്ന് കമ്പനിയുടെ ക്ലൗഡ് ബിസിനസിന്റെ മേധാവി ഡെയ്ന്‍ ഗ്രീന്‍ ഉറപ്പു നല്‍കി

ഡ്രോണ്‍ ആക്രമണങ്ങളില്‍ ലോകമൊട്ടാകെ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുന്നുണ്ട്. ഇറാഖ്, അഫ്ഗാന്‍ അധിനിവേശത്തിലും അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍വേട്ടയുടെ പേരില്‍ പാക്കിസ്ഥാനിലും ഇപ്പോള്‍, ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സിറിയയിലും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് പതിനായിരങ്ങളാണ്. ഈ സാഹചര്യത്തില്‍ സാങ്കേതിക വളര്‍ച്ച വിനാശകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ തയാറല്ലെന്ന ധീരമായ നിലപാടാണ് ഗൂഗിള്‍ ജീവനക്കാര്‍ മുമ്പോട്ടുവെക്കുന്നത്. പദ്ധതിയില്‍ ഇടപെടുന്നത് ഗൂഗിളെന്ന ബ്രാന്‍ഡിനെത്തന്നെ ബാധിക്കുമെന്ന് അവര്‍ ഭയക്കുന്നു. ഗൂഗിള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചെയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന ബിസിനസില്‍ കമ്പനി ഉണ്ടാകരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അവര്‍ പറയുന്നു. മേവന്‍ പദ്ധതി റദ്ദാക്കണം. മാത്രമല്ല ഗൂഗിള്‍ ഇക്കാര്യത്തില്‍ ഒരു കരടുനയം തയാറാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യുദ്ധ സാങ്കേതിക വിദ്യകള്‍ പ്രദാനം ചെയ്യാന്‍ കമ്പനിയോ സ്ഥാപനത്തിന്റെ കരാറിടപാടുകാരോ തയാറാകരുതെന്ന നയപരമായ തീരുമാനം ഇതിനാല്‍ കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

കമ്പനിയിലെ ഉന്നതോദ്യോഗസ്ഥരടക്കം 3,100 ജീവനക്കാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി മാനേജ്‌മെന്റുമായി ജീവനക്കാര്‍ നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെച്ചിരുന്നതാണ്. 88,000 ജീവനക്കാരാണ് ആഗോളതലത്തില്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് സാങ്കേതികവിദ്യ ആയുധനിര്‍മാണത്തിനോ ഡ്രോണുകള്‍ പറത്താനോ ഒരു കാരണവശാലും ഉപയോഗിക്കില്ലെന്ന് കമ്പനിയുടെ ക്ലൗഡ് ബിസിനസിന്റെ മേധാവി ഡെയ്ന്‍ ഗ്രീന്‍ ഉറപ്പു നല്‍കി. എങ്കിലും ജീവനക്കാര്‍ക്ക് ഇതില്‍ അത്ര വിശ്വാസം പോരാ. തങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം കമ്പനി കണക്കിലെടുക്കുമോ എന്ന് അവര്‍ക്ക് ആശങ്കയുണ്ട്. അതുപോലെ തന്നെ തന്നെ തങ്ങളുയര്‍ത്തിയ ധാര്‍മികവും നൈതികവുമായ ഉത്തരവാദിത്തങ്ങളെ സ്ഥാപനം അവഗണിച്ചേക്കുമെന്നും അവര്‍ ഭയപ്പെടുന്നു. ഇത് അവരുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് തങ്ങളില്‍ നിക്ഷിപ്തമായ ധാര്‍മിക ഉത്തരവാദിത്തം മൂന്നാമതൊരു കക്ഷിക്ക് കൈമാറാനാകില്ലെന്ന് അവര്‍ വിശദീകരിക്കുന്നു.

പെന്റഗണിന് ചില സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ ഇമേജ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ സൈനിക പദ്ധതികള്‍ക്കായി അനുവദിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. മേവന്‍ ഏറെ പ്രശംസ ലഭിക്കാവുന്ന മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ്. ഗൂഗിളിന്റെ ഏത് ക്ലൗഡ് ഉപയോക്താവിനും കരഗതമാക്കാവുന്ന ഓപ്പണ്‍ സോഴ്‌സ് ഒബ്ജക്റ്റ് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി

ഗൂഗിളിന്റെ പ്രഖ്യാപിത മൂല്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഒരിക്കലും നശിപ്പിക്കാനാകില്ല. സൈനിക നിരീക്ഷണ പദ്ധതിയില്‍ യുഎസ് സര്‍ക്കാരിനെ സഹായിക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനോ ആയുധകിടമല്‍സരത്തെ പ്രോല്‍സാഹിപ്പിക്കാനോ ഉള്ള ഒരു നടപടിയും സ്വീകാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം പെന്റഗണിന് ചില സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ ഇമേജ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ സൈനിക പദ്ധതികള്‍ക്കായി അനുവദിച്ചുവെന്ന് കമ്പനി ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടല്‍ ഗിസ്‌മോഡോയോടു വ്യക്തമാക്കി. മേവന്‍ ഏറെ പ്രശംസ ലഭിക്കാവുന്ന മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ്. ഗൂഗിള്‍ അതിന്റെ ഒരു വിഭാഗത്തിന്റെ ചുമതലയാണ് ഏറ്റിരിക്കുന്നത്. അതില്‍ നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യുന്നില്ല. മാത്രമല്ല ഗൂഗിളിന്റെ ഏത് ക്ലൗഡ് ഉപയോക്താവിനും കരഗതമാക്കാവുന്ന ഓപ്പണ്‍ സോഴ്‌സ് ഒബ്ജക്റ്റ് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

മേവന്‍ പദ്ധതിയില്‍ പ്രധാനമായും ചെയ്യുന്നത്. വലിയ അളവിലുള്ള ചലനങ്ങളെയോ രൂപങ്ങളോ കംപ്യൂട്ടര്‍ ആല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധാരണ വിമാനങ്ങളില്‍ കാണപ്പെടുന്ന അപകടകാരണങ്ങളും മറ്റും രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്‌സ് ഡ്രോണുകളിലുണ്ടാകാറില്ല. ഈ ന്യൂനത പരിഹരിക്കാനാണ് നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതെന്നാണ് അറിവ്. ഭീകരരുടെ സങ്കേതങ്ങള്‍ തകര്‍ക്കാന്‍ അയയ്ക്കുന്ന ഡ്രോണുകള്‍ തകര്‍ക്കപ്പെട്ടാല്‍ അവിടെ നിന്നുള്ള ചിത്രങ്ങളും സംഭവങ്ങളും രേഖപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ടെന്‍സര്‍ഫ്‌ളോ മെഷീന്‍ ലേണിംഗ് കോഡാണ് ഉപയോഗിക്കാനുള്ള അനുവാദമാണ് യുഎസ് പ്രതിരോധവകുപ്പുമായുള്ള സഹകരണത്തില്‍ ഉള്ളതെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നതില്‍ ഗൂഗിളിന് പങ്കാളിത്തമുണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

യുഎസ് വ്യോമസേനയും അവരുടെ ചാരസംഘടന സിഐഎയും ഇറാക്ക്, അഫ്ഗാന്‍ സംഘര്‍ഷ മേഖലകളിലും സിറിയയിലും ബോംബിംഗിന് ഉപയോഗിക്കുന്ന ആളില്ലാ വിമാനങ്ങളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനിരിക്കുന്നത്. പരമ്പരാഗത മനുഷ്യകേന്ദ്രീകൃത രഹസ്യംചോര്‍ത്തല്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്ന പരിമിതികളെ കവച്ചുവെക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് അവര്‍ക്കിന്ന് ആവശ്യം. നിര്‍മിതബുദ്ധിയുടെ പ്രമുഖ ഡെവലപ്പര്‍ എന്ന നിലയ്ക്ക് ഗൂഗിളാണ് യുഎസ് പ്രതിരോധവകുപ്പിന് സാധ്യമായ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ്. ഇവരുമായുള്ള സഹകരണത്തിന് നിക്ഷേപകരും തൊഴിലാളികളും 100 ശതമാനവും അനുകൂലമായിരിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാല്‍ ജീവനക്കാരുടെ എതിര്‍പ്പോടെ ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവും നയവികസനത്തിനും സുരക്ഷാമാര്‍ഗങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ പെന്റഗണിന് അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നാണ് ഗൂഗിള്‍ സമര്‍ത്ഥിക്കുന്നത്. ഇതിനുപയോഗിക്കുന്ന മാതൃകകളില്‍ വര്‍ഗീകരിക്കാത്ത ഡേറ്റകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മനുഷ്യന്റെ പുനരവലോകനം സംബന്ധിച്ച് ചിത്രങ്ങള്‍ മറയ്ക്കാനും ജീവിതങ്ങള്‍ രക്ഷിക്കാനും വലിയ വിരസമായ ജോലിയില്‍ നിന്ന് ആളുകളെ സംരക്ഷിച്ചു പിടിക്കാനുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. മെഷീന്‍ ലേണിംഗിന്റെ സൈനിക ഉപയോഗം ആശങ്കകള്‍ ഉയര്‍ത്തുമെന്നത് വളരെ സ്വാഭാവികമാണ്. ഈ സുപ്രധാന വിഷയത്തില്‍ സമഗ്രചര്‍ച്ചകള്‍ നടത്തുന്നതിന് വിദഗ്ധരുമായി കമ്പനി സജീവ ഇടപെടല്‍ നടത്തിയിരുന്നു. ഗൂഗിളിന്റെ മുന്‍ ചെയര്‍മാന്‍ എറിക് ഷ്മിഡിറ്റ് 2016-ല്‍ പെന്റഗണിന്റെ ഉപദേശകനായിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എങ്കിലും സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാല്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആശങ്കകളെത്തുടര്‍ന്ന് പെന്റഗണില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന റോബോട്ടുകളില്‍ ഒന്നിനെ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. കമ്പനിയുടെ നയങ്ങളുമായി ഒത്തുപോകുന്ന വികസനത്തിന് മെഷീന്‍ലേണിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് കമ്പനി ചെയ്യുന്നത്. നിര്‍മിതബുദ്ധി ഉപയോഗിക്കാന്‍ കഴിയുന്ന വികസന നയങ്ങള്‍ രൂപീകരിക്കാനും കമ്പനി ശ്രമം തുടരുകയാണ്.

Comments

comments

Categories: FK Special, Slider