ഗൂഗിളിനെയും ഫേസ്ബുക്കിനെയും താക്കോലേല്‍പിച്ചിട്ട് ആധാറിനെ അടിച്ചിറക്കുന്നവര്‍!

ഗൂഗിളിനെയും ഫേസ്ബുക്കിനെയും താക്കോലേല്‍പിച്ചിട്ട് ആധാറിനെ അടിച്ചിറക്കുന്നവര്‍!

ആധാറിന്റെ സ്വകാര്യത സംബന്ധിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാരും ‘പൊതുതാല്‍പര്യ’ത്തെ കുറിച്ച് അത്യന്തം വേവലാതി പൂണ്ട ഒരു വിഭാഗം സാമൂഹ്യ പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന വിദേശ ഏജന്‍സ് ഫേസ്ബുക്കുമായി സഹകരിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഇടിത്തീയായി വന്നു വീണത്. ഫേസ്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളും സന്തത സഹചാരിയായി മാറിക്കഴിഞ്ഞ സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു മനസാക്ഷിക്കുത്തുമില്ലാതെ നമ്മുടെ രഹസ്യങ്ങളും പരസ്യങ്ങളുമെല്ലാം ചുരണ്ടിയെടുത്ത് ഉപയോഗിക്കുകയായിരുന്നെന്ന വസ്തുതയാണ് ഇതോടെ പുറത്തായിരിക്കുന്നത്.

സ്വകാര്യതയെക്കുറിച്ച് വലിയ വേവലാതികളുള്ളയാളാണോ നിങ്ങള്‍? ആധാര്‍ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ചോര തിളക്കാറുണ്ടോ? ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ എന്ന് പ്രഖ്യാപിച്ച ബാലഗംഗാധര തിലകനെ സ്മരിപ്പിക്കുമാറ് ‘എന്റെ സ്വകാര്യത എന്റെ അവകാശമാണ്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ആധാര്‍ വിവരങ്ങളുടെ സ്വകാര്യതയെക്കാള്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ട സങ്കീര്‍ണമായ മറ്റ് ചില മേഖലകളുണ്ട്. താല്‍പര്യപൂര്‍വം ആവേശത്തോടെ നിങ്ങള്‍ പരസ്യമായും രഹസ്യമായും തെരയുന്ന വിവരങ്ങളെല്ലാം മറ്റ് ചിലര്‍ അനുനിമിഷം നിരീക്ഷിക്കുന്നെന്നും നിങ്ങളുടെ തൊഴില്‍സ്ഥലം മുതല്‍ കിടപ്പുമുറികള്‍ വരെ അവരുടെ ചാരക്കണ്ണുകളുടെ വലയത്തിലാണെന്നുമുള്ള വസ്തുതകള്‍ എത്രമാത്രം ആശങ്കപ്പെടുത്തേണ്ടതാണ്. എന്നാല്‍ മതിയായ അവബോധം ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

സാമൂഹ്യ മാധ്യമങ്ങളിലെ നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു. അടിമുടി വായിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ ഡസന്‍ കണക്കിന് ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ അപഹരിക്കാനും, സമാഹരിക്കാനും അതില്‍ നിന്ന് നേട്ടമുണ്ടാക്കാനുമുള്ള അനുവാദം നല്‍കിയത് നിങ്ങള്‍ തന്നെയല്ലേ? ലളിതമായി പറഞ്ഞാല്‍ സ്വകാര്യതയിലേക്കുള്ള ഇത്തരം അധിനിവേശങ്ങള്‍ സംഭവിക്കുന്നത് നിങ്ങളുടെ അനുമതിയോടെ തന്നെയാണ്. എസ്ഡി കാര്‍ഡ് മുതല്‍ കോണ്ടാക്റ്റ് വരെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ അനുമതി തേടുന്ന ആപ്പുകളുടെ സ്വഭാവം പോലും മനസിലാക്കാതെ ‘അലോ’ ബട്ടണ്‍ അമര്‍ത്തുന്നവരാണ് നാം. ആധാറിന്റെ സ്വകാര്യതയെക്കുറിച്ച് വേവലാതി കൊള്ളുന്നവരാണ് ഇപ്രകാരം സ്വന്തം സ്വകാര്യത അറിഞ്ഞോ അറിയാതെയോ അപകടത്തിലാക്കുന്നത്. ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അറിയണമെങ്കില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ എന്നിവയില്‍ നിന്നുള്ള ഏതാനും സാഹചര്യങ്ങള്‍ പരിശോധിക്കാം.

സദാസമയവും പിന്തുടരുന്ന ഗൂഗിള്‍

വോഡാഫോണ്‍ ടെലികോം കമ്പനി കരസ്ഥമാക്കിയതോടെ ഇല്ലാതായ ഹച്ച് കമ്പനിയുടെ പരസ്യത്തില്‍ സദാസമയവും കുട്ടികളെ പിന്തുടരുന്ന ഓമനത്തമുള്ള പട്ടിക്കുട്ടിയെ ഓര്‍ക്കുന്നില്ലേ. അല്ലെങ്കില്‍ വന്ദനം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ‘വെയര്‍ എവര്‍ യൂ ഗോ, അയാം ദേര്‍’ എന്ന ക്യാപ്്ഷന്‍? നമ്മുടെ മൊബീല്‍ ഫോണിലും മറ്റും സെര്‍ച്ച് എഞ്ചിനായി ഓരു കാര്യസ്ഥന്റെ പണിയെടുക്കുന്ന ഗൂഗിളിന് വാസ്തവത്തില്‍ ഈ രണ്ട് സാഹചര്യങ്ങളും നന്നായി ഇണങ്ങും. മൊബീല്‍ ഫോണില്‍ ‘ലൊക്കേഷന്‍ സര്‍വീസ്’ ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുള്ള സ്ഥലം ട്രാക്ക് ചെയ്യാനും അത് ശേഖരിച്ച് വെക്കാനും ചെയ്യാനും ഗൂഗിളിന് സാധിക്കും. ഗൂഗിള്‍ ലൊക്കേഷന്‍ സര്‍വീസ് ആക്റ്റിവേറ്റ് ചെയ്യുന്ന സമയം മുതല്‍ നിങ്ങള്‍ എവിടേക്കൊക്കെ യാത്ര ചെയ്‌തെന്ന് ഗൂഗിള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. ഗൂഗിള്‍ മാപ്പ് സര്‍വീസില്‍, ‘ടൈംലൈന്‍’ എടുത്തു നോക്കിയാല്‍ ഇത് മനസിലാക്കാം.

ഡോക്ടറില്‍ നിന്ന് മറയ്ക്കാം; ഗൂഗിളില്‍ നിന്നാവില്ല!

നിങ്ങള്‍ എന്നെങ്കിലും ഉപയോഗിച്ചതോ ഉപയോഗിക്കുന്നവയോ ആയ ഓരോ ഉപകരണങ്ങളിലേയും സെര്‍ച്ച് ഹിസ്റ്ററി ഗൂഗിള്‍ ശേഖരിച്ചു വെക്കുന്നുണ്ട്. മൊബീലിലെയോ ലാപ്‌ടോപ്പിലെയോ തിരച്ചിലിനു ശേഷം ഉടന്‍ തന്നെ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഗൂഗിളിനെ പറ്റിക്കാനാവില്ല. മായ്്ച്ചുകളഞ്ഞ തെരച്ചില്‍ വിവരങ്ങള്‍ പോലും ഗൂഗിള്‍ ശേഖരിച്ചു വെച്ചിരിക്കുന്നതായി ‘മൈ ആക്ടിവിറ്റി’ എടുത്തു നോക്കിയാല്‍ കാണാനാവും. ഡോക്ടറില്‍ നിന്നും പൊലീസുകാരില്‍ നിന്നും കാമുകിയില്‍ നിന്നും ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും കളവ് പറഞ്ഞ് രക്ഷപെടാം. ഗൂഗിളിനെ പറ്റിക്കാന്‍ നോക്കിയാല്‍ഡ പണി പാളുമെന്നര്‍ഥം.

നിങ്ങളെന്ത് പരസ്യം കാണണമെന്ന് ഗൂഗിള്‍ തീരുമാനിക്കും

എത്തുന്ന സ്ഥലങ്ങള്‍, ലിംഗം, വയസ്, അഭിരുചികള്‍, കരിയര്‍, താല്‍പര്യങ്ങള്‍, വ്യക്തി ബന്ധങ്ങളുടെ സ്ഥിതി, ആരോഗ്യ സ്ഥിതി, വരുമാനം എന്നിവയടക്കം നിങ്ങള്‍ നല്‍കിയ എല്ലാ സുപ്രധാന വിവരങ്ങളെയും അടിസ്ഥാനമാക്കി നിങ്ങളുടെ ഒരു ‘പരസ്യകേന്ദ്രീകൃത വിവരശേഖരം’ ഗൂഗിള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങളുടെ ഗൂഗിള്‍ പ്രൊഫൈലിന്റെ ‘ആഡ്‌സ്‌സെറ്റിംഗ്‌സില്‍’ പോയാല്‍ അത് കാണാനാവും. നിങ്ങളിലേക്ക് പരസ്യങ്ങളെത്തിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. പരസ്യദാതാക്കളാണ് ഇതിന്റെ പ്രധാന ഉപയോക്താക്കള്‍.

വെട്ടിപ്പ് ഗൂഗിളിനോടു വേണ്ട!

ഗൂഗിള്‍ ഇതര ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാല്‍ ഗൂഗിളിന്റെ അധികാര പരിധിക്ക് പുറത്തു കടക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അവിടെയും തെറ്റി. നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഗൂഗിളിനറിയാം. എത്ര തവണ അവയൊക്കെ ഉപയോഗിക്കുന്നു, എവിടെയാണ് ഉപയോഗിക്കുന്നത്, അവയൊക്കെ ഉപയോഗിച്ച് ആരോടാണ് നിങ്ങള്‍ ആശയവിനിമയം നടത്തുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും സെര്‍ച്ചിംഗ് ഭീമന് മനപ്പാഠമാണ്. അതായത് ഫേസ്ബുക്ക്, സ്‌കൈപ്പ്, വിമിയോ എന്നിവയുപയോഗിച്ച് നിങ്ങള്‍ ആരോടൊക്കെ ബന്ധപ്പെടുന്നു, ഏത് രാജ്യത്താണ് നിങ്ങള്‍ ബന്ധപ്പെടുന്നവര്‍ ഉള്ളത്, നിങ്ങള്‍ എപ്പോഴുറങ്ങുന്നു എപ്പോഴുണരുന്നു തുടങ്ങി എല്ലാ വിവരങ്ങളും ഗൂഗിള്‍ അറിയുന്നുണ്ട്. അക്കൗണ്ടിലെ ‘പെര്‍മിഷന്‍’ വിഭാഗത്തില്‍ പോയി നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും.

യൂട്യൂബില്‍ വീഡിയോ കണ്ടപ്പോള്‍ നിങ്ങള്‍ തനിച്ചായിരുന്നോ? അല്ല!

നിങ്ങള്‍ ഒരു യൂട്യൂബ് ഉപയോക്താവാണെങ്കില്‍, യൂട്യൂബിലെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ ട്രാക്ക് ചെയ്യുകയും വിവരങ്ങള്‍ ഒരു പ്രത്യേക ഫയലായി സൂക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, നിങ്ങള്‍ പങ്കാളിയുമൊത്ത് കറങ്ങാന്‍ പോകാന്‍ പദ്ധതിയിടുകയാണെങ്കിലും, വൈകാതെ തന്നെ അച്ഛനോ അമ്മയോ ആകാന്‍ തയാറെടുക്കുകയാണെങ്കിലും, വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ പോലും ഗൂഗിളിനറിയാനാവുമെന്ന് മനസിലാക്കുക. നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതി ഇടത്തോട്ടാണോ, വലത്തോട്ടാണോ, മധ്യത്തിലാണോ എന്നും യൂട്യൂബ് ഹിസ്റ്ററിയില്‍ നിന്നും ഗൂഗിളിന് മനസിലാക്കാനാവും. അതുപോലെ തന്നെ മതം, ലൈംഗിക താല്‍പര്യങ്ങള്‍ എന്നിവയും മനസിലാക്കി വെക്കും.

വാട്ട്‌സാപ്പിലെ ആവേശ പ്രകടനവും സ്വകാര്യമല്ല

വാട്‌സ്ആപ്പ് ചാറ്റുകള്‍ ഒരിക്കലെങ്കിലും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വിവരങ്ങളെല്ലാം ഗൂഗിള്‍ സ്റ്റോര്‍ ചെയ്തു വയ്ക്കും. ഗൗരവതരമായ വിഷയങ്ങളെ സംബന്ധിച്ച് നിങ്ങള്‍ ആരോടൊക്കെ ആശയവിനിമയം നടത്തുന്നുവെന്നും, ആരോടൊക്കെ വെറും സന്ദേശ കൈമാറ്റം മാത്രം നടത്തുന്നെന്നും ഗൂഗിളിന് മനസിലാവും. വാട്ട്‌സ്ആപ്പ് ചാറ്റുകളിലൂടെ നിങ്ങളുടെ മനസ്ഥിതിയെ കുറിച്ചും ഗൂഗിള്‍ മനസിലാക്കി വെക്കും. മോശം സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളുമാണ് കൈമാറുന്നതെങ്കില്‍ മനസ് മലിനമാണെന്നും നിഷ്‌കളങ്കമായ തമാശകള്‍ കൈമാറുന്നവര്‍ രസികരാണെന്നും ഗൂഗിള്‍ അനുമാനിക്കുന്നു.

തീര്‍ച്ചയായും, ഈ മേഖലയില്‍ ഗൂഗിളിനേക്കാള്‍ അറിവുള്ളത് ഫേസ്ബുക്കിനാണ്. കാരണം അവര്‍ വാട്ട്‌സ്ആപ്പിന്റെ ഉടമകളും ആപ്പിന്റെ വിവരശേഖരം പരിധികളില്ലാതെ ഉപയോഗിക്കാന്‍ അധികാരമുള്ളവരുമാണ്. വാട്ട്‌സാപ്പ് എഫ്എക്യുവില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്കിക്കാര്യം ബോധ്യമാകും.

ദൈവത്തിനും സീസറിനും ഉള്ളതടക്കം ഇപ്പോള്‍ ഗൂഗിളിനുണ്ട്

ഞാന്‍ തമാശ പറയുകയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഗൂഗിള്‍ ഡാറ്റ ഒന്ന് ഡൗണ്‍ലോഡ് ചെയ്ത് നോക്കൂ. ബുക്ക്മാര്‍ക്കുകള്‍, ഇ – മെയിലുകള്‍, ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍, യൂട്യൂബ് വീഡിയോകള്‍, നിങ്ങളുടെ ഡിവൈസിലെടുത്ത ഫോട്ടോകള്‍, ഗൂഗിള്‍ മുഖാന്തിരം നിങ്ങള്‍ വാങ്ങിയ ഉല്‍പ്പന്നങ്ങള്‍, സാധനങ്ങള്‍ വാങ്ങിയ കമ്പനികള്‍ ഇവയെല്ലാം ഇതിലുണ്ടാകും. നിങ്ങളുടെ ഫോണിലെ കലണ്ടര്‍ ആപഌക്കേഷനില്‍ നിന്നുള്ള വിവരങ്ങള്‍, ഗൂഗിള്‍ ഹാംഗ്ഔട്ട് ചാറ്റുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, നിങ്ങള്‍ ആസ്വദിക്കുന്ന സംഗീതം, വാങ്ങിയ പുസ്തകങ്ങള്‍, നിങ്ങള്‍ അംഗമായ ഗൂഗിള്‍ ഗ്രൂപ്പുകളുടെ വിവരങ്ങള്‍, നിങ്ങള്‍ സൃഷ്ടിച്ച വെബ്‌സൈറ്റുകള്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഫോണുകള്‍, ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പേജുകള്‍, ഒരു ദിവസം നിങ്ങള്‍ എത്രയടി നടക്കുന്നു എന്നതടക്കം സമഗ്രമായ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. മിക്കവാറും ഇതിലധികവും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഗൂഗിള്‍ അക്കൗണ്ടിലെ ‘ടേക്ക്ഔട്ട്’ വിഭാഗത്തില്‍ നോക്കിയാല്‍ ഇതെല്ലാം കാണാനാവും.

ഫേസ്ബുക്ക് അത്ര വെടിപ്പല്ല!

എക്കൗണ്ടുണ്ടാക്കിയതു മുതല്‍ നിങ്ങള്‍ അയച്ച മെസേജുകളും ഫയലുകളും ഫോട്ടോകളും സ്റ്റിക്കറുകളും കൂടാതെ ഫോണിലെ കോണ്ടാക്റ്റ് നമ്പറുകള്‍, അയച്ച ഓഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാമടങ്ങുന്ന വിവരങ്ങളുടെ ഖനിക്ക് മുകളിലാണ് ഫേസ്ബുക്കിന്റെ ഇരിപ്പ്. ഫേസ്ബുക്കിലെ ‘ഡാറ്റ ഡൗണ്‍ലോഡിംഗ്’ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.

ലിങ്ക്ഡ്ഇന്‍ എന്തിന് മോശമാക്കണം?

പ്രൊഫഷണല്‍ പ്രൊഫൈല്‍ സേവനം നല്‍കുന്ന ലിങ്ക്ഡ്ഇന്നും നിങ്ങളുടെ ഡാറ്റ കവരുന്നുണ്ട്. ഉപയോക്താവിന്റെ പ്രൊഫൈല്‍, ബന്ധങ്ങള്‍, മറ്റൊരിടത്തു നിന്ന് എടുക്കുന്ന കോണ്‍ടാക്റ്റ് വിവരങ്ങള്‍, ലിങ്ക്ഡ്ഇന്നില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, നിങ്ങള്‍ അയയ്ക്കുന്നതും ഇങ്ങോട്ട് ലഭിക്കുന്നതുമായ സന്ദേശങ്ങള്‍, ക്ഷണങ്ങള്‍, ശുപാര്‍ശകള്‍ എന്നിവയെല്ലാം ഇവരുടെ പക്കലുണ്ട്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലെ മെബര്‍ ഡാറ്റ സെക്ഷനില്‍ പോയാല്‍ ഇതൊക്കെ കാണാനാവും.

‘ഇല്ലം ചുടുക’ മാത്രമാണ് പരിഹാരം

നിങ്ങളുടെ കമ്പ്യൂട്ടറുകളിലോ മൊബീല്‍ ഫോണുകൡലോ ഗൂഗിള്‍ എക്കൗണ്ടില്‍ എപ്പോഴും ‘സൈന്‍ ഇന്‍’ ചെയ്ത് ഇരിക്കരുത്. പ്രത്യേകിച്ച് ലൊക്കേഷന്‍ സര്‍വീസ് ഒരിക്കലും ഓണ്‍ ചെയ്യരുത്. വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതികളാവശ്യപ്പെടുന്ന പോപ്പ്അപ്പുകള്‍ വായിക്കാതെയും മനസിലാക്കാതെയും അംഗീകരിക്കരുത്.

ഇതൊക്കെയായാലും ഗൂഗിളിന് നിങ്ങളുടെ ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിപരമായ ഗൂഗിള്‍ ഇമെയില്‍ അഡ്രസ് ഡീആക്റ്റിവേറ്റ് ചെയ്യുക. വിവരങ്ങള്‍ കൈമാറുന്നതിന് ഔദ്യോഗിക/ കമ്പനി ഇമെയില്‍ വിലാസങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇ-മെയ്‌ലുമായി ബന്ധപ്പെടുത്തിയ ഒരു വെബ്‌സൈറ്റും മികച്ച ആശയമായിരിക്കും.

വലിയ അത്യാവശ്യമൊന്നുമില്ലാത്ത ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക മാത്രമാണ് പരിഹാരം. ഫഏസ്ബുക്കിലെ ഗ്വാ-ഗ്വാ വിളികളൊക്കെ കുറച്ചാല്‍ ജീവിതത്തിലും അത്രത്തോളം ആനന്ദം അനുഭവിക്കാം. ഫേസ്ബുക്കൊക്കെ എന്നാ ഉണ്ടായത് എന്നൊരു പുച്ഛച്ചിരിയോടെ അണ്‍-ഇന്‍സ്റ്റാളടിച്ചാല്‍ വലിയ തട്ടുകേടില്ലാതെ മുന്നോട്ടു പോകാം. താരതമ്യേന ദോഷകരമല്ലാത്ത ലിങ്ക്ഡ്ഇന്‍ എക്കൗണ്ട് നിലനിര്‍ത്താമെന്നാണ് വിദഗ്ധാഭിപ്രായം.

Comments

comments

Categories: FK Special, Slider