ഫിലിം റിവ്യു – ബ്ലാക്ക്‌മെയില്‍ (ഹിന്ദി)

ഫിലിം റിവ്യു – ബ്ലാക്ക്‌മെയില്‍ (ഹിന്ദി)

സംവിധാനം: അഭിനയ് ദിയോ
അഭിനേതാക്കള്‍: ഇര്‍ഫാന്‍ ഖാന്‍, കീര്‍ത്തി കല്‍ഹാരി, അരുണോദയ് സിംഗ്, ദിവ്യ ദത്ത, അന്‍ജുലെ സാഥെ, നീലിമ അസിം.
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 19 മിനിറ്റ്

മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച്, വൈറ്റ് കോളര്‍ ജോലി ചെയ്തു ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയാണു ദേവ് കൗശല്‍ (ഇര്‍ഫാന്‍ ഖാന്‍). My Handyഎന്ന ടോയ്‌ലെറ്റ് പേപ്പര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ സെയില്‍മാനാണ് ദേവ്. ഒരു ദിവസം അയാള്‍ മുഷിപ്പിക്കുന്ന ജീവിതത്തിന്റെ വിരസതയകറ്റി, ആസ്വാദ്യത വരുത്താന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി അയാള്‍ വൈകുന്നേരം ജോലി സ്ഥലത്തുനിന്നും വീട്ടില്‍ നേരത്തേ എത്താന്‍ തീരുമാനിക്കുന്നു. വീട്ടിലേക്കുള്ള വഴിയില്‍ അയാള്‍ ഭാര്യയ്ക്കു സമ്മാനിക്കാന്‍ റോസാപ്പൂക്കള്‍ കരുതുന്നുണ്ട്. എന്നാല്‍ ദേവ് വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. വീട്ടിലെത്തിയ ദേവ് കണ്ടത് തന്റെ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതാണ്. ഈ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ പിന്നീട് ഒരു സംഭവ പരമ്പരകളിലേക്കാണു നയിക്കുന്നത്. അത് രസകരവും എന്നാല്‍ ചില ഘട്ടത്തില്‍ നിഷ്ഠൂരവുമാകുന്നുണ്ട്.

സ്വന്തം ഭാര്യ മറ്റൊരു പുരുഷനുമായി കിടക്ക പങ്കിടുന്ന കാഴ്ച കണ്ട ദേവ് ആദ്യം ഭാര്യയെ കൊല്ലാനാണു തീരുമാനിച്ചത്. പിന്നീട് ഭാര്യയെ ഒഴിവാക്കി കാമുകനെ കൊല്ലാനും തീരുമാനിച്ചു. എന്നാല്‍ രണ്ട് പേരെയും വകവരുത്തുന്നതിനു പകരം പ്രശ്‌നത്തെ പ്രായോഗികമായി നേരിടുന്നതല്ലേ നല്ലത് എന്നു ദേവ് ചിന്തിക്കുന്നു. തുടര്‍ന്നു ഭാര്യയുടെ കാമുകനെ ദേവ് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഭാര്യയുടെ കാമുകന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരു കോര്‍പറേറ്റ് മുതലാളിയുടെ മകളെയാണ്. അപ്പോള്‍ അയാളെ പണം ആവശ്യപ്പെട്ടു കൊണ്ടു ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ സാധിക്കുമെന്നു ദേവ് വിചാരിക്കുന്നു. എന്നാല്‍ ബ്ലാക്ക്‌മെയിലിംഗ് അത്ര എളുപ്പമാകുന്നില്ല. ഇവിടെയും ദേവ് ചില പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. ഭാര്യയുടെ കാമുകനായ രഞ്ജിതിനെ (അരുണോദയ് സിംഗ്) പണത്തിനു വേണ്ടി ദേവ് ഭീഷണിപ്പെടുത്തുമ്പോള്‍, തിരിച്ച് രഞ്ജിതും, ദേവിന്റെ ഭാര്യയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ട്. മാത്രമല്ല, ദേവിന്റെ ഈ ബ്ലാക്ക്‌മെയിലിംഗ് പരിപാടിയെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അറിഞ്ഞു തുടങ്ങുന്നു. അതോടെ അവിടെ മറ്റൊരു നാടകത്തിന് അരങ്ങൊരുങ്ങുകയാണ്.

സമൂഹത്തിലെ മധ്യവര്‍ത്തിയായ ഒരാള്‍ സ്വന്തം സാഹചര്യത്തിന്റെ ഇരയാണെന്നു പറയാറുണ്ട്. അവന്‍ കീഴടങ്ങിയും, മറ്റുള്ളവര്‍ക്കു വിധേയപ്പെട്ടുമാണു പലപ്പോഴും ജീവിക്കേണ്ടി വരുന്നത്. ഇതു പോലെ തന്നെയാണു ചിത്രത്തിലെ ദേവിന്റെ അവസ്ഥയും.

പ്രേക്ഷകനു ചില നിമിഷങ്ങളെ താലോലിക്കുവാനും ആഘോഷിക്കുവാനുമൊക്കെ സംവിധായകന്‍ അഭിനവ് ദിയോ അവസരമൊരുക്കുന്നുണ്ട്. ഡല്‍ഹി ബെല്ലി എന്ന ചിത്രത്തിനു ശേഷം ബ്ലാക്ക്‌മെയിലിലൂടെ അദ്ദേഹം കറുത്ത ഹാസ്യത്തെയാണ് അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. ദിയോയുടെ ഈ ശ്രമം പുതുമയേറിയ കഥയിലൂടെയും, ഇര്‍ഫാന്‍ ഖാന്‍, ദിവ്യ ദത്ത, കീര്‍ത്തി കല്‍ഹാരി, അരുണോദയ് സിംഗ് തുടങ്ങിയ അതിശയിപ്പിക്കുന്ന അഭിനേതാക്കളിലൂടെയും വിജയിച്ചിരിക്കുന്നു.
ചിത്രത്തിന്റെ ആദ്യ പകുതി അല്‍പം ഇഴഞ്ഞാണു നീങ്ങുന്നത്. രണ്ടാം പകുതിയാകട്ടെ ചിരിയുടെ പൂരമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. ബ്ലാക്ക്‌മെയിലിന്റെ കഥ തന്നെയാണു യഥാര്‍ഥ ഹീറോ എന്നു പറയാം. ക്വീന്‍, ബജ്‌റംഗി ഭായ്ജാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയൊരുക്കിയ പര്‍വീസ് ഷെയ്ഖും, പ്രദുമന്‍ സിംഗും ചേര്‍ന്നാണു കഥ എഴുതിയിരിക്കുന്നത്.

സമ്പൂര്‍ണ പുരുഷാധിപത്യമുള്ള ഒരിടത്ത്, സ്ത്രീ വിരുദ്ധതയും, യോജിപ്പില്ലായ്മയും മുഖ്യപ്രമേയമാക്കിയ ഒരു ബോളിവുഡ് സിനിമയാണു ബ്ലാക്ക്‌മെയില്‍ എന്നത് തീര്‍ച്ചയായും നവോന്മേഷം പകരുന്ന കാര്യമാണ്.

Comments

comments

Categories: FK Special, Movies, Slider