# ഡിലീറ്റ് ഫേസ്ബുക്ക് പ്രചാരണം ശക്തിപ്രാപിക്കുന്നു

# ഡിലീറ്റ് ഫേസ്ബുക്ക് പ്രചാരണം ശക്തിപ്രാപിക്കുന്നു

കാലിഫോര്‍ണിയ: ഡാറ്റ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നു ഫേസ്ബുക്കിനെതിരേ ആരംഭിച്ച # ഡിലീറ്റ് ഫേസ്ബുക്ക് പ്രചാരണം ശക്തിപ്രാപിക്കുന്നു. സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്, വാട്ട്‌സ് ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍, വില്‍ ഫെറല്‍, റോസി ഓ ഡൊണല്‍, ജിം കാരേ തുടങ്ങിയ പ്രമുഖര്‍ ഫേസ്ബുക്ക് എക്കൗണ്ട് ഉപേക്ഷിക്കണമെന്ന നിലപാടുള്ളവരാണ്.

കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്‌സ് റിട്ടയര്‍മെന്റ് സിസ്റ്റം ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ക്രിസ്റ്റഫര്‍ എയില്‍മാന്‍ കഴിഞ്ഞ ബുധനാഴ്ച അറിയിച്ചത് അദ്ദേഹം ഫേസ്ബുക്കിലെ തന്റെ പേഴ്‌സണല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്‌തെന്നാണ്. 2012-ല്‍ ആദ്യമായി ഫേസ്ബുക്ക് പൊതുജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിച്ചപ്പോള്‍, ഫേസ്ബുക്കിന്റെ ഓഹരി വാങ്ങിയവരാണു കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്‌സ് റിട്ടയര്‍മെന്റ് സിസ്റ്റം. ഫേസ്ബുക്കിന് ഇപ്പോള്‍ സംഭവിച്ചത് കുറ്റകരമെന്നു വിശേഷിപ്പിക്കാവുന്ന മേല്‍നോട്ട പിശകും, മോശം മാനേജ്‌മെന്റ് സംവിധാനവുമാണെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു.

ഫേസ്ബുക്കിനെതിരേ ലോകമെങ്ങും ശക്തമായ വികാരം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെ ശമിപ്പിക്കാന്‍ ഫേസ്ബുക്കും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യൂസര്‍മാരുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിഞ്ഞ ദിവസം കനേഡിയന്‍ ഡാറ്റ സ്ഥാപനമായ Aggregate IQ നെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍നിന്നും ഫേസ്ബുക്ക് ഒഴിവാക്കി. കേംബ്രിഡ്ജ് അനലിറ്റിക്കയും ഇതു പോലെ ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരുന്നു ഡാറ്റ ചോര്‍ത്തിയത്. ഇതാണു ഫേസ്ബുക്കിനെ ഇപ്പോള്‍ വിവാദത്തിലുമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്കിനെതിരേ വീണ്ടും വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിന് രണ്ട് തരം സ്റ്റാന്‍ഡേര്‍ഡുകള്‍ ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഒരെണ്ണം സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനും മറ്റ് എക്‌സിക്യൂട്ടീവുകള്‍ക്കും മറ്റൊന്നു സാധാരണക്കാര്‍ക്കും. അതായത് ഫേസ്ബുക്കിന്റെ സിഇഒയോ, മറ്റ് എക്‌സിക്യൂട്ടീവുകളോ സാധാരണക്കാരായ യൂസര്‍മാര്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ അവരുടെ ഇന്‍ബോക്‌സില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തിരിച്ച് ഈ സംവിധാനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നില്ല. ഇത് നഗ്നമായ നിയമലംഘനമാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

Comments

comments

Categories: FK Special, Slider