രാജ്യത്തിന് ആരോഗ്യകരമായ സാമ്പത്തിക പരിസ്ഥിതി ആവശ്യമാണ്: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

രാജ്യത്തിന് ആരോഗ്യകരമായ സാമ്പത്തിക പരിസ്ഥിതി ആവശ്യമാണ്: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

ന്യൂഡെല്‍ഹി: 2030ഓടെ പത്ത് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തികശക്തി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ ആരോഗ്യകരമായ സാമ്പത്തികാന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് ജിഎസ്ടിയും പാപ്പരത്ത നിയമവും അടക്കം നിരവധി പരിഷ്‌കരണങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവില്‍ 2.5 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം മൂല്യം. വിദേശത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര ബിസിനസുകള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഒരു വിദേശ നിക്ഷേപ നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ മികച്ച ആദ്യ 50 രാജ്യങ്ങളില്‍ ഇടം നേടാന്‍ മാത്രമല്ല അതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിഐപിപി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) സെക്രട്ടറി രമേഷ് അഭിഷേക് വിശ്വാസം പ്രകടിപ്പിച്ചു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും തുറന്ന സമീപനമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പുലര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി സി കെ മിശ്ര, നൈപുണ്യ വികസന വകുപ്പ് മന്ത്രി കെ പി കൃഷ്ണന്‍ എന്നിവരും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Comments

comments

Categories: More