11 പൊതുമേഖലാ ബാങ്കുകളില്‍ തിരുത്തല്‍ നടപടിക്രമങ്ങള്‍ തുടങ്ങി

11 പൊതുമേഖലാ ബാങ്കുകളില്‍ തിരുത്തല്‍ നടപടിക്രമങ്ങള്‍ തുടങ്ങി

എംഎസ്എംഇകളുടെ വായ്പാ ലഭ്യതയെ ബാധിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരീക്ഷണത്തിനു കീഴിലാണെന്ന് റിപ്പോര്‍ട്ട്. ഈ ബാങ്കുകളുടെ കിട്ടാക്കടം പരിശോധിക്കുന്നതിനായി കേന്ദ്ര ബാങ്ക് തിരുത്തല്‍ നടപടി (പിസിഎ) ചട്ടപ്രകാരമുള്ള നടപടികള്‍ ആരംഭിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അലഹബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഡെന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് കേന്ദ്ര ബാങ്കിന്റെ നിരീക്ഷണത്തിലുള്ള 11 ബാങ്കുകള്‍. ആന്ധ്രാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ത് ബാങ്ക് തുടങ്ങിയ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ കൂടി പിസിഎ ചട്ടപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാകുമെന്നാണ് സൂചന.

2017 ഏപ്രിലിലാണ് പിസിഎ ചട്ടങ്ങള്‍ കേന്ദ്ര ബാങ്ക് കൂടുതല്‍ കര്‍ശനമാക്കിതുടങ്ങിയത്. ഇത് പ്രാകരം തിരുത്തല്‍ നടപടി നേരിടുന്ന ബാങ്കിന് പുതിയ ശാഖകള്‍ തുറക്കാനോ പുതിയ ജീവനക്കാരെ നിയമിക്കാനോ അനുവാദമില്ല. ഇതിനുപുറമെ നിക്ഷേപ ഗ്രെയ്ഡുകള്‍ക്ക് മുകളില്‍ വായ്പയെടുക്കുന്ന കമ്പനികള്‍ക്ക് മാത്രമെ വായ്പ അനുവദിക്കാവു എന്ന നിര്‍ദേശവും ബാങ്കുകള്‍ക്ക് നല്‍കും. ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് പോകുന്നില്ലെന്നും ആരോഗ്യകരമായ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് ശരിയായ നടപടികള്‍ പിന്തുടരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുമാണ് കേന്ദ്ര ബാങ്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്.

എന്നാല്‍, കേന്ദ്ര ബാങ്കിന്റെ നീക്കം രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബാങ്കര്‍മാര്‍ പറയുന്നത്. ബാങ്കുകള്‍ക്ക് വായ്പാ വിലക്ക് ഏര്‍പ്പെടുത്തുന്നത് എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാകുന്നതില്‍ തീര്‍ച്ചയായും സമ്മര്‍ദം ചെലുത്തും. വന്‍കിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ ആശ്രയിക്കാം എന്നതിനാല്‍ ഇത്തരം നടപടികള്‍ ഉടന്‍ ബാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. ബാങ്കുകള്‍ തിരുത്തല്‍ നടപടികളില്‍ നിന്നും പുറത്തുകടക്കുന്നതിന് കുറഞ്ഞത് ആറോ ഏഴോ മാസത്തെ സമയമെടുക്കും

Comments

comments

Categories: Banking