രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകീട്ട് പാര്‍ട്ടിയില്‍ തിരിച്ചെത്തി

രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകീട്ട് പാര്‍ട്ടിയില്‍ തിരിച്ചെത്തി

മംഗലുരു: രാവിലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകീട്ട് പാര്‍ട്ടിയില്‍ തിരികെയെത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് ഒറ്റ ദിവസത്തിനുള്ളില്‍ കൂറുമാറ്റത്തിന്റെ വേഗവുമായി ശ്രദ്ധിക്കപ്പെട്ടത്. വനംമന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷാണ് ശനിയാഴ്ച രാവിലെ സുന്ദരയ്ക്ക് പാര്‍ട്ടി പതാക നല്കി സ്വീകരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് പരിപാടിയില്‍ എത്തിയ അദ്ദേഹം പാര്‍ട്ടിയില്‍ തിരികെയെത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.

പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സുന്ദരയുടെ തിരിച്ചുവരവ്. ചര്‍ച്ചയില്‍ എന്തെല്ലാം ഉപാധികള്‍ നിരത്തിയെന്നത് വ്യക്തമല്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്ത് പാര്‍ട്ടി കൂറുമാറ്റം തകൃതിയായി നടക്കുകയാണ്. എങ്കിലും ഇത്ര പെട്ടെന്ന് മറുകണ്ടം ചാടി തിരികെയെത്തിയതോടെയാണ് സുന്ദര വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

 

Comments

comments

Categories: Politics