43 ശതമാനത്തിന്റെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ച സുസുകിക്ക് സ്വന്തം

43 ശതമാനത്തിന്റെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ച സുസുകിക്ക് സ്വന്തം

2017-18 ല്‍ ആഭ്യന്തര വിപണിയില്‍ 5,01,226 വാഹനങ്ങള്‍ വിറ്റു ; എക്കാലത്തെയും വലിയ വില്‍പ്പന

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 43 ശതമാനത്തിന്റെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ച. 2017-18 ല്‍ ആഭ്യന്തര വിപണിയില്‍ 5,01,226 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. എക്കാലത്തെയും ഏറ്റവും വലിയ വില്‍പ്പന. 2016-17 ല്‍ ഇത് 3,50,496 യൂണിറ്റായിരുന്നു.

ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കണക്കുകൂട്ടുമ്പോള്‍ 2017-18 ല്‍ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ആകെ 5,74,787 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനത്തിന്റെ വര്‍ധന. 2018 മാര്‍ച്ച് മാസത്തില്‍ മാത്രം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടുത്തുമ്പോള്‍ 51,858 യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാന്‍ സുസുകിക്ക് കഴിഞ്ഞു. 2017 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 23.2 ശതമാനത്തിന്റെ വര്‍ധന.

2019-20 അവസാനത്തോടെ പത്ത് ലക്ഷം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം

2019-20 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പത്ത് ലക്ഷം (ഒരു മില്യണ്‍) ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതായി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. പ്രീമിയം സ്‌കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും ആകര്‍ഷകമായ നിര സുസുകിയുടെ ശക്തിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുറത്തിറക്കാനിരിക്കുന്ന ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഇപ്പോള്‍ വിപണിയിലുള്ള പുതിയ ഇന്‍ട്രൂഡര്‍ എഫ്‌ഐ എന്നിവ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto