ധ്രുവങ്ങളെ തൊട്ടറിയാന്‍ നിയോഗ്

ധ്രുവങ്ങളെ തൊട്ടറിയാന്‍ നിയോഗ്

ഫയല്‍റാവണ്‍ സംഘടിപ്പിക്കുന്ന ധ്രുവ പര്യവേക്ഷണ സാഹസികയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മലയാളിയാണ് നിയോഗ്. 1997ല്‍ ആരംഭിച്ച ഈ സാഹസിക യാത്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ക്ക് അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ പണമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിച്ച് ഈ 26കാരന്‍ മുമ്പും ശ്രദ്ധ നേടിയിരുന്നു

ധ്രുവ പര്യവേക്ഷണ യാത്ര (Polar Expedition) എന്നത് മലയാളികള്‍ക്ക് അത്ര പരിചയമുള്ള യാത്രാനുഭവമല്ല. സാധാരണ അവധിക്കാലം ആഘോഷിക്കുന്നതിനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, കാനനഭംഗി തേടിയുള്ള വനയാത്രകള്‍, ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ എന്നിവയില്‍ നിന്ന് തികച്ചും വ്യതസ്തമായ ഒരനുഭവമാണ് ഈ യാത്ര. അല്‍പ്പം സാഹസികത ആവശ്യമുള്ള ഈ യാത്ര മനുഷ്യവാസമില്ലാത്ത ഉത്തരധ്രുവത്തിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലേക്കാണ്. സ്വീഡിഷ് ക്ലോത്തിംഗ് കമ്പനിയായ ഫയല്‍റാവണ്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും ധ്രുവ പര്യടനം സംഘടിപ്പിക്കാറുണ്ട്. ആഗോളതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുറച്ചു പേര്‍ക്ക് മാത്രമാണ് ഇതിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഫയല്‍റാവണ്‍ പോളാര്‍ എക്‌സ്പഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മലയാളിയാണ് പുനലൂര്‍ സ്വദേശിയായ നിയോഗ് കൃഷ്ണന്‍. 1997 ല്‍ ആരംഭിച്ച ഈ സാഹസിക യാത്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ക്ക് അവസരം ലഭിക്കുന്നത്.

നോര്‍വയിലെ മഞ്ഞുമൂടിയ സൈനലാദേനില്‍ നിന്നാരംഭിക്കുന്ന 300 കിലോമീറ്റര്‍ യാത്ര സ്വീഡനിലെ വക്കാരാജാര്‍വിയിലാണ് അവസാനിക്കുന്നത്. ധ്രുവ പ്രദേശത്തെ കാണാകാഴ്ചകള്‍ തേടി 300 കിലോമീറ്റര്‍ ദൂരം സഞ്ചാരികള്‍ പിന്നിടും. യാത്രയ്ക്ക് ആവശ്യമായ സാമഗ്രികളും പരിശീലനവും ഫയല്‍റാവണ്‍ ലഭ്യമാക്കും. യാത്രാ ചെലവ് മല്‍സരാര്‍ത്ഥി തന്നെ വഹിക്കണം. നായകള്‍ വലിക്കുന്ന വണ്ടികളാണ് ഇവിടെ ഉപയോഗിക്കുന്നത്. അലാസ്‌ക്കന്‍, സൈബീരിയന്‍ ഹസ്‌കി നായകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെന്റുകളിലായിരിക്കും രാത്രിയിലെ താമസം. സാഹസികത ഇഷ്ടപ്പെടുന്ന 18 വയസിനു മുകളിലുള്ള തികച്ചും ആരോഗ്യവാനായ ആര്‍ക്കും യാത്രയില്‍ പങ്കെടുക്കാം. ഇത്തരം യാത്രകളിലെ മുന്‍പരിചയം വേണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അത്യാവശ്യമാണ്.

ആഗോളതലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത നിയോഗ് അടക്കം പത്തു പേരും മേഖലാടിസ്ഥാനത്തില്‍ ജൂറി തെരഞ്ഞെടുത്ത പത്ത് പേരും ഉള്‍പ്പെടെ ആകെ 20 പേരാണ് ഈ മാസം ഒന്‍പത് മുതല്‍ 14 വരെ നടക്കുന്ന ധ്രുവ പര്യവേക്ഷണ യാത്രയില്‍ പങ്കെടുക്കുന്നത്. സഞ്ചാരികളെ തെരഞ്ഞെടുക്കുന്നതിനായി പത്ത് മേഖലകളായി രാജ്യങ്ങളെ തരം തിരിച്ചിരുന്നു. ഇതില്‍ ഫയല്‍റാവണിന് സാന്നിധ്യമില്ലാത്ത രാജ്യങ്ങളുള്‍പ്പെട്ട ‘ദി വേള്‍ഡ്’ എന്ന വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഒരു മേഖലയില്‍ നിന്ന് വോട്ടിലൂടെ തെരഞ്ഞെടുക്കുന്ന ഒരാളും ജൂറി തെരഞ്ഞെടുക്കുന്ന ഒരാളും, അങ്ങനെ രണ്ടു പേരാണ് ഉണ്ടാകുക. നിയോഗിനെ കൂടാതെ ദി വേള്‍ഡ് വിഭാഗത്തില്‍ ജൂറി തെരഞ്ഞെടുത്ത ഒരു ദക്ഷിണകൊറിയന്‍ യുവതി കൂടിയാണുള്ളത്. ദി വേള്‍ഡ് വിഭാഗത്തില്‍ പാക്കിസ്ഥാന്‍ സ്വദേശി മുഷാഹിദ് ഷായെ പിന്തള്ളിയാണ് നിയോഗ് തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ അവസാനിച്ച ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവുമധികം വോട്ട് ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു നിയോഗ്. മലയാള ചലചിത്ര മേഖലയില്‍ നിന്നും ആഷിഖ് അബു, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിയോഗിനായി നടത്തിയ പ്രചാരണം ഇതില്‍ വലിയ പങ്കുവഹിച്ചതായി നിയോഗ് സാക്ഷ്യപ്പെടുത്തുന്നു.

യാത്രകളുടെ കാര്യത്തില്‍ മുമ്പും പ്രശസ്തനാണ് നിയോഗ്. സമയത്തിന്റെയും ചെലവുകളുടെയും ഒഴിവുകഴിവ് പറഞ്ഞ് യാത്രകള്‍ മാറ്റിവെക്കുന്നവര്‍ക്കു മുന്നില്‍ മനസുണ്ടെങ്കില്‍ സമയം കണ്ടെത്താമെന്നും ചെലവിന്റെ ടെന്‍ഷനില്ലാതെ എവിടെ വേണമെങ്കിലും യാത്രപോകാമെന്നും നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ഈ ഇരുപത്തിയാറുകാരന്‍. ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ യാത്രയ്ക്കുള്ള പണമില്ലാതെ ഒറ്റയ്ക്ക് ആറുമാസത്തോളം സഞ്ചരിച്ച് നിയോഗ് മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. വീടുകളിലും ഓഫീസ് മുറികളിലുമിരുന്ന് വലിയ സഞ്ചാര പദ്ധതികള്‍ ആസൂത്രണം ചെയ്തു സങ്കല്‍പ്പത്തില്‍ മാത്രം പോയിവരുന്നവരുണ്ട്. ഇവരെ അമ്പരിപ്പിക്കുകയാണ് നിയോഗിന്റെ യാത്രകള്‍. വഴിയില്‍ കാണുന്ന വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് സ്ഥലങ്ങള്‍ കാണുന്ന ഹിച്ച് ഹൈക്കിംഗ് അഥവ ഫ്രീ ലിഫ്റ്റ് ട്രാവലിംഗ് എന്ന രീതിയാണ് നിയോഗ് പിന്തുടര്‍ന്നത്. ഭക്ഷണവും വഴിയില്‍ കാണുന്നവരോട് ചോദിച്ച് വാങ്ങി കഴിക്കുകയായിരുന്നു. യാത്രയില്‍ താമസസൗകര്യവും മറ്റും ഒരുക്കുന്നതിന് ഓണ്‍ലൈന്‍ സുഹൃത്തുകള്‍ സഹായിക്കാറുണ്ടെന്ന് നിയോഗ് സാക്ഷ്യപ്പെടുത്തുന്നു. റോഡ് ടു മാജിക് എന്ന ഫേസ്ബുക്ക് പേജിലൂടെ നിയോഗ് തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്.

ചെറുപ്പം മുതലേ സംവിധാനമായിരുന്നു നിയോഗിന്റെ സ്വപ്‌നം. നിയമപഠനം കഴിഞ്ഞ് അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇടവേളയെടുത്ത് നിയോഗ് സഞ്ചാരത്തിനിറങ്ങിയത്. സ്വന്തമായി ഒരു സിനിമ എടുക്കുമ്പോള്‍ അതിലെ വിഷയം യാത്ര തന്നെയായിരിക്കുമെന്നതിലും ഈ യുവ സഞ്ചാരിക്ക് സംശയമില്ല. അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്മ ശ്രീകലയാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണ.

Comments

comments

Categories: FK News, Sports