‘നമ്മള്‍ ജോലിക്കാരാവുകയല്ല മറിച്ച് സംരംഭകരായി മാറണം’

‘നമ്മള്‍ ജോലിക്കാരാവുകയല്ല മറിച്ച് സംരംഭകരായി മാറണം’

പതിനൊന്ന് വര്‍ഷം മുമ്പ് പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് തുടക്കമിട്ട കമ്പനി ഇന്ന് സോപ്പ് നിര്‍മാണ വിപണന രംഗത്തെ പ്രമുഖ നിരയിലാണ്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ വരുത്തുന്ന വീഴ്ചകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചതാണ് സ്ഥാപനത്തിന്റെ വിജയ രഹസ്യമെന്ന് ഗുഡ് ബൈ സോപ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ കെ പി ഖാലിദ് ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

സോപ്പ് നിര്‍മാണരംഗത്ത് ഒരു ദശാബ്ദത്തിലേറെയായി. കമ്പനിയുടെ തുടക്കത്തേകുറിച്ച് ?

സോപ്പ് നിര്‍മാണ വിപണന രംഗത്ത് ഏറെ കാലത്തെ പരിചയമുണ്ടായിരുന്നു. ഉല്‍പ്പാദന മേഖലയിലേക്ക് കടന്നപ്പോള്‍ വളര്‍ച്ചാ സാധ്യതകള്‍ മുന്‍നിര്‍ത്തി ബ്യൂട്ടി ആന്‍ഡ് കോസ്‌മെറ്റിക്‌സ് മേഖല തെരഞ്ഞെടുത്തു. സൗന്ദര്യവര്‍ധക വസ്തുക്കളെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി 2006-07 കാലയളവില്‍ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ച് നല്ലൊരു പഠനം തന്നെ ഈ മേഖലയില്‍ നടത്തിയ ശേഷമാണ് 2007ല്‍ കഞ്ചിക്കോട് സ്ഥാപനം തുടങ്ങുന്നത്. 56 ലക്ഷത്തില്‍ തുടങ്ങി വളരെ ചെറിയ കാലയളവുകൊണ്ടു തന്നെ 40 കോടി ടേണോവറില്‍ എത്താന്‍ സാധിച്ചു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ നിലവാരം എങ്ങനെയാണോ അതേ രീതിയില്‍ മുന്നോട്ടുപോകാന്‍ ഗുഡ് ബൈ സോപ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനു ഇക്കാലമത്രയും സാധിച്ചിട്ടുണ്ട്. ഏതൊരു ഉല്‍പ്പന്നത്തിനെയും വെല്ലുന്ന രീതിയിലാണ് ഞങ്ങളുടെ ഓരോ ഉല്‍പ്പന്നവും വിപണിയിലെത്തുന്നത്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ വരുത്തുന്ന വീഴ്ചകള്‍ മനസിലാക്കി ഗുഡ് ബൈ ഉല്‍പ്പന്നങ്ങള്‍ക്കായി ഇടം കണ്ടെത്തിയതാണ് ഞങ്ങളുടെ വിജയ രഹസ്യം. നേട്ടങ്ങള്‍ക്കായി നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുമുണ്ട്.

സ്‌കിന്നിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയ ഒരു കാലത്തു തന്നെ ഈ മേഖലയിലേക്ക് കാല്‍വച്ചത് നിര്‍ണായക വഴിത്തിരിവാണ് എന്റെയും സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ഉണ്ടാക്കിയത്. നിരവധി ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയില്‍ മല്‍സരിക്കുന്നുണ്ടെങ്കിലും വളര്‍ച്ചാ സാധ്യത ഈ മേഖലയ്ക്ക് കൂടുതലാണ്.

ഒരു വ്യവസായി എന്ന നിലയില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ് ?

വ്യവസായം എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസില്‍ വരുന്ന ഏക ചിത്രമാണ് പുകക്കുഴല്‍. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ക്കും ഇവിടെ അവസരമുണ്ട് എന്ന വസ്തുത ആരും ശ്രദ്ധിക്കുന്നില്ല. വിദ്യാസമ്പന്നരായ മിക്ക ആളുകളും തൊഴില്‍ തേടി വിദേശത്തേക്കും മറ്റു നാടുകളിലേക്കും പോകുമ്പോള്‍ കുറച്ചെങ്കിലും വിദ്യസമ്പന്നരായ ചെറുപ്പക്കാര്‍ ഇന്നും സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവരുടെ പഠിപ്പിനും ബഹുമതികള്‍ക്കും യോജിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ കുറവാണ്. ആ അവസരങ്ങള്‍ വര്‍ധിക്കണമെങ്കില്‍ ഇവിടെ വ്യത്യസ്ത വ്യവസായങ്ങള്‍ ആരംഭിക്കുകയും വളരുകയും വേണം. അതിനാദ്യം വേണ്ടത് റിസ്‌ക് എടുക്കാനുള്ള ധൈര്യമാണ്. ആവശ്യമുള്ളവര്‍ക്ക് വിവരങ്ങള്‍ യഥാക്രമം എത്തിക്കാനുള്ള ഒരു കോ-ഓര്‍ഡിനേഷന്‍ ഇവിടെയില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ വ്യവസായ സാധ്യതകളെകുറിച്ച് ആരും അറിയുന്നില്ല.

ഗുഡ് ബൈയുടെ ജനപ്രിയ ബ്രാന്‍ഡായ ക്യൂട്ടിയെ മറ്റു സോപ്പുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍?

നിലവില്‍ ഗുഡ് ബൈയില്‍ നിന്നും ജാസ്മിന്‍, റോസ്, പാഷന്‍, ലൈം, സാന്‍ഡല്‍ എന്നിങ്ങനെ അഞ്ച് സുഗന്ധങ്ങളിലുള്ള ഫെമിന, ജനപ്രിയ ബ്രാന്‍ഡായ ക്യൂട്ടി എന്നിവയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ക്യൂട്ടി എന്ന ബ്രാന്‍ഡാണ് നിലവില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. ക്യൂട്ടി ബ്രാന്‍ഡില്‍ തന്നെ എട്ട് വ്യത്യസ്ത സോപ്പുകള്‍ പുറത്തിറങ്ങുന്നുണ്ട്. നൂറുശതമാനം വെജിറ്റബിള്‍ സോപ്പ് എന്നതാണ് ക്യൂട്ടിയെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. വളരെ ശുദ്ധമായ അസംസ്‌കൃത വസ്തുക്കളാണ് ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

കേരളത്തിലെ വ്യാവസായിക സാധ്യതകള്‍ അനന്തമാണ്. ഓരോ ജില്ലകളിലും ഓരോ വ്യാവസായിക മേഖലകള്‍ വേണം. വീടുകള്‍ക്കിടയിലല്ല വ്യവസായങ്ങള്‍ വേണ്ടത്, അത് ഓരോ മേഖലകളിലും വേണം.

 

കെ പി ഖാലിദ്
മാനേജിംഗ് ഡയറക്റ്റര്‍

ഗുഡ് ബൈ സോപ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്

വ്യവസായ മേഖലയിലേക്ക് കടക്കുന്ന പുതുസംരംഭകരോട് പറയാനുള്ളത്?

വ്യത്യസ്ത ആശയവുമായി ബിസിനസ് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഇവിടെ സാധ്യതകള്‍ ഏറെയുണ്ട്. എന്നാല്‍ വേണ്ടത്ര മുതല്‍മുടക്ക് കൈയിലില്ല എന്നതാണ് പ്രധാന പ്രശ്‌നമായി ആളുകള്‍ ചൂണ്ടിക്കാണിക്കാറുള്ളത്. വ്യത്യസ്തമായ ആശയം വിജയിക്കുമെന്ന് ഉറപ്പുമുള്ള ഒരാള്‍ക്ക് വ്യവസായത്തിനായി പണം നല്‍കി സഹായിക്കാന്‍ ഇന്ന് നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. 25 ലക്ഷം വരെ യാതൊരു പലിശയും ഈടാക്കാതെ ഒരു ബിസിനസിനായി വായ്പ നല്‍കുന്ന സ്‌കീം ആണ് സ്‌മൈല്‍ (ടങകഘഋ). 2 കോടി വരെ വായ്പ നല്‍കുന്ന സിജിടിഎംഎസ്ഇ സ്‌കീമും നിലവിലുണ്ട്. ഇത്തരം സ്‌കീമുകളെക്കുറിച്ച് ആളുകള്‍ അറിയാത്തതാണ് പ്രശ്‌നം. നമ്മള്‍ ജോലിക്കാരായി മാറുകയല്ല, സംരംഭകരായി മാറുകയാണ് വേണ്ടത്.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കായി താങ്കള്‍ക്ക് നല്‍കാനുള്ള നിര്‍ദേശങ്ങള്‍?

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ ഇവിടെ ഉണ്ടാകണം, പുതിയ സംരംഭങ്ങളും സംരംഭകരും വളര്‍ന്നുവരണം. കേരളത്തില്‍ കൂടുതലാളുകളും ഇന്ന് വിദ്യാസമ്പന്നരാണ് അതുകൊണ്ടു തന്നെ നാടന്‍ പണികളും മറ്റും ചെയ്യാന്‍ അവര്‍ മടിക്കുന്നു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നു വരവോടെ ജോലിക്കായി ആളെ കിട്ടാത്ത ക്ഷാമം ഇന്ന് നിലവിലില്ല. 50 ലക്ഷത്തോളം ആളുകളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തി സ്ഥിരം തൊഴില്‍ ചെയ്യുന്നവര്‍. ഗുഡ് ബൈ സോപ്‌സിലും ഇവര്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ വ്യാവസായിക സാധ്യതകള്‍ അനന്തമാണ്. ഓരോ ജില്ലകളിലും ഓരോ വ്യാവസായിക മേഖലകള്‍ വേണം. വീടുകള്‍ക്കിടയില്‍ അല്ല വ്യവസായങ്ങള്‍ വേണ്ടത്, അത് ഓരോ മേഖലകളിലും വേണം.

ഗുഡ് ബൈയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച്?

ഉന്നത നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമാണ് ഗുഡ് ബൈ ഗ്രൂപ്പ് ഉപഭോക്താക്കളിലേക്കും വിപണിയിലേക്കും എത്തിക്കുന്നത്. യാതൊരു വിട്ടുവീഴ്ചകളും അതില്‍ കാണിക്കാറില്ല. ഭക്ഷ്യമേഖല പോലെ വളരെയധികം ശ്രദ്ധിക്കേണ്ട മേഖലയാണിത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. വിപണിയില്‍ ബ്രാന്‍ഡിനെ പിടിച്ച് നിര്‍ത്തിയതും ഈ ഗുണനിലവാരമാണ്. പ്രതിമാസം 600 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള പ്ലാന്റാണ് ഗുഡ് ബൈ ഗ്രൂപ്പിന്റേത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഗുഡ്‌ബൈയുടെ ഉല്‍പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്

Comments

comments