വ്യാപാര യുദ്ധം മുറുകുന്നു

വ്യാപാര യുദ്ധം മുറുകുന്നു

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വീണ്ടും ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങു യുഎസ്

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. 50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന് പിന്നാലെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് യുഎസ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി ഇറക്കുമതിച്ചുങ്കത്തില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ കൂടി അധികമായി കണ്ടെത്തുന്നതിന് ട്രംപ് ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും യുഎസ് നികുതി ഏര്‍പ്പെടുത്തിയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ആരംഭിച്ചത്. സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവുമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. യുഎസിന്റെ തീരുമാനം പ്രധാനമായും ബാധിക്കുക ചൈനയേയാണ്. ഇതിനു പുറമേ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കവും യുഎസ് ഏര്‍പ്പെടുത്തി. 50 ബില്യണ്‍ ഡോളര്‍ അധിക തീരുവയാണ് ഇതിലൂടെ ചൈനീസ് ഇറക്കുമതിക്ക് നേരിടേണ്ടി വന്നത്.

ഇതിന് മറുപടിയായി 128 ഓളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ ചൈന കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 25 ശതമാനം വരെ നികുതിയാണ് ചൈന വര്‍ധിപ്പിച്ചത്. അമേരിക്കന്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. തുടര്‍ന്നാണ് പ്രശ്‌നം കൂടുതല്‍ വഷളായത്.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാല്‍പ്പത് ശതമാനവും ചൈനയ്ക്കും അമേരിക്കയ്ക്കും കീഴിലാണെന്നതിനാല്‍ അവര്‍ തമ്മിലുള്ള വ്യാപാര യുദ്ധം മറ്റ് രാജ്യങ്ങളുടെ വളര്‍ച്ചയെയും കാര്യമായി ബാധിക്കും. ഏറെ നാളായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ ട്രംപിന്റെ നിലപാടിനെതിരെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കനിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരാണ്.

ആഗോള സമ്പദ്‌വ്യവസ്ഥയേയും ബിസിനസിനേയും ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരോട് വിവിധ ബിസിനസ് സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള യുഎസിന്റെ ഈ നടപടി ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകളുടെ ലംഘനമാണെന്നും തങ്ങളെ ബാധിക്കുന്നതാണെന്നുമാണ് ചൈന പറയുന്നത്. യുഎസിന്റെ നടപടിയിലൂടെ തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്നും സാമ്പത്തിക സന്തുലനം വീണ്ടെടുക്കാനാണ് തങ്ങള്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതെന്നും ചൈന വാദിക്കുന്നു. എന്നാല്‍ ലക്ഷ്യം കാണുന്നത് വരെ യുഎസ് ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.

Comments

comments

Categories: Slider, Top Stories