വളര്‍ച്ചാ അനുമാനത്തില്‍ കരുതല്‍ പുലര്‍ത്തി ഐടി കമ്പനികള്‍

വളര്‍ച്ചാ അനുമാനത്തില്‍ കരുതല്‍ പുലര്‍ത്തി ഐടി കമ്പനികള്‍

ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഐടി ചെലവിടല്‍ സംബന്ധിച്ച് ആശങ്ക

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ മികച്ച വളര്‍ച്ച പ്രതീക്ഷയാണ് ഐടി മേഖലയില്‍ അനലിസ്റ്റുകള്‍ക്കുള്ളതെങ്കിലും കമ്പനികള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ച നിഗമനത്തില്‍ കരുതല്‍ പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഐടി ചെലവിടല്‍ സംബന്ധിച്ച ആശങ്കകളാണ് ഇതിനു കാരണം.

ബാങ്കിംഗ്, ധനകാര്യ സേവന ദാതാക്കളാണ് ഐടി മേഖലയിലെ ക്ലയന്റ് അടിത്തറയുടെ കൂടുതലും സംഭാവന ചെയ്യുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്ലയന്റ് ചെലവിടല്‍ കുറഞ്ഞുവെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്,ഇന്‍ഫോസിസ്, കൊഗ്നിസെന്റ് തുടങ്ങിയ ഐടി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍കിട ബാങ്കുകളുടെ ഐടി ചെലവിടല്‍ കരുത്താര്‍ജിച്ചെങ്കിലും നിയന്ത്രണങ്ങളും ഇന്‍സോഴ്‌സിംഗും മൂലം ഐടി കമ്പനികള്‍ക്ക് വേണ്ട തലത്തിലേക്ക് ആവശ്യകത എത്തിയിട്ടില്ലെന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അനലിസ്റ്റായ കവല്‍ജീത് സലൂജ പറഞ്ഞു.

ബാങ്ക് ഓഫ് അമേരിക്ക, അമേരിക്കന്‍ എക്‌സ്പ്രസ്, യുബിഎസ് എന്നിവ ഇന്‍സോഴ്‌സിംഗ് പദ്ധതികള്‍ പരസ്യമായി വെളിപ്പെടുത്തിയ വന്‍കിട ബാങ്കുകളില്‍ ചിലതാണ്.

കറന്‍സി സ്ഥിര മൂല്യത്തില്‍ ഇന്‍ഫോസിസിന് 6-8 ശതമാനം വളര്‍ച്ചയാണ് ഭൂരിഭാഗം അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം അനുമാന പ്രകാരമുള്ള ഐടി വ്യവസായ വളര്‍ച്ചയായ 7-9 ശതമാനത്തിനേക്കാള്‍ അല്‍പ്പം മാത്രം കുറവാണിത്. എന്നാല്‍ കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി 5 ശതമാനം മുതല്‍ 7 ശതമാനം വരെ മാത്രം വളര്‍ച്ച നേടാാണ് സാധ്യതയെന്ന് ഒരു വിഭാഗം അനലിസ്റ്റുകള്‍ പറയുന്നു.

Comments

comments

Categories: Business & Economy