വ്യായാമം ഗര്‍ഭിണികളിലെ പ്രമേഹ സാധ്യത കുറയ്ക്കും

വ്യായാമം ഗര്‍ഭിണികളിലെ പ്രമേഹ സാധ്യത കുറയ്ക്കും

പതിവായി വ്യായാമം ചെയ്ത് ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നവരില്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് സാധ്യത ഉണ്ടാകില്ലെന്നും ആരോഗ്യകരമായ മാതൃത്വം അനുഭവിക്കാനാകുമെന്നും പഠനം

ഗര്‍ഭധാരണത്തിനു മുമ്പുള്ള വ്യായാമവും മറ്റും സ്ത്രീകളില്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസിനുള്ള സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍. ഗര്‍ഭകാലത്തിന്റെ അവസാന പകുതികളില്‍ സ്ത്രീകളില്‍ സാധാരണഗതിയില്‍ രൂപപ്പെടുന്ന ഒന്നാണ് ജെസ്റ്റേഷണല്‍ ഡയബെറ്റിസ്. ഇത് പലപ്പോഴും സ്ത്രീകളില്‍ പ്രസവശേഷം ടൈപ്പ് 2 ഡയബെറ്റിസിനു വഴിവെക്കാറുമുണ്ട്. പതിവായി വ്യായാമം ചെയ്ത് ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നവരില്‍ ഇത്തരത്തിലുള്ള പ്രമേഹ സാധ്യത ഉണ്ടാകില്ലെന്നും ആരോഗ്യകരമായ മാതൃത്വം അനുഭവിക്കാനാകുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ലോവ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

വിവിധ കണക്കുകള്‍ പ്രകാരം യുഎസില്‍ 14 ശതമാനത്തോളം സ്ത്രീകളില്‍ ജെസ്‌റ്റേഷണല്‍ ഡയബെറ്റിസ് കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭിണികള്‍ തങ്ങള്‍ കഴിക്കുന്ന ആഹാരത്തെ കുറിച്ചും വ്യായാമത്തെ കുറിച്ചും ബോധവതികളാകണം. എന്നാല്‍ പുതിയ പഠനം അനുസരിച്ച് ഗര്‍ഭം ധരിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ ശരിയായ വ്യായാമങ്ങളിലൂടെ ഉറപ്പും ആരോഗ്യകരവുമായ ശരീരം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് മനസിലാക്കാനായതെന്ന് ലോവ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ കാര വിറ്റാകെര്‍ പറഞ്ഞു.

1985 മുതല്‍ 2011 വരെ 25 വര്‍ഷങ്ങളിലായി 1333 സ്ത്രീകളുടെ ഡാറ്റാ വിശദ പരിശോധനയ്ക്കു വിധേയമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് മെഡിസിന്‍ ആന്‍സ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 164 സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ജെസ്റ്റേഷണല്‍ ഡയബെറ്റിസ് ബാധിച്ചതായി കണ്ടെത്തി. പഠന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പായി വ്യായാമത്തിലൂടെ ഉറപ്പുള്ള ശരീരം കാത്തു സൂക്ഷിച്ചവരില്‍ മറ്റുള്ളവരേക്കാള്‍ 21 ശതമാനം പ്രമേഹ സാധ്യത കുറവാണെന്നു കണ്ടെത്താനായതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹ സാധ്യത കുറയുന്തോറും പ്രസവം സുഖകരമാകുമെന്നും ആശങ്കകളില്ലാതെ മാതൃത്വം അനുഭവഭേദ്യമാകുമെന്നും കാര വിറ്റാകെര്‍ ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാന്‍ ആഴ്ചയില്‍ 150 മിനിട്ട് അഥവാ പ്രതിദിനം 30 മിനിട്ട് അതുമല്ലെങ്കില്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം നടത്തം, ജോംഗിംഗ്, മറ്റ് വ്യായാമമുറകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടാല്‍ മതിയാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

Comments

comments

Categories: FK Special, Health, Slider