ഡിസ്‌നിയുടെ മാധ്യമസ്വപ്‌നം

ഡിസ്‌നിയുടെ മാധ്യമസ്വപ്‌നം

സ്‌കൈന്യൂസ് ഏറ്റെടുക്കാനായാല്‍ ഡിസ്‌നി മാധ്യമരംഗത്തെ കുത്തകശക്തിയായി മാറും

സ്റ്റാര്‍ ഗ്രൂപ്പ് മേധാവിയായിരുന്ന മാധ്യമരാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ സംരംഭമായ സ്‌കൈ ന്യൂസ് ഏറ്റെടുക്കാന്‍ വിനോദവ്യവസായരംഗത്തെ അതികായരായ ഡിസ്‌നി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. 11.7 ബില്യണ്‍ പൗണ്ടാണ് ഇതിനായി അവര്‍ മുമ്പോട്ടു വെച്ചിരിക്കുന്ന വാഗ്ദാനം. മര്‍ഡോക്കുമായുള്ള ഡീല്‍ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റി പരിശോധിച്ചു വരുകയാണ്. സ്‌കൈയുടെ 61 ശതമാനം ഓഹരി മര്‍ഡോക്കിന്റ ഉടമസ്ഥതതയിലുള്ള ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സ് വിട്ടു കൊടുക്കാന്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ മാധ്യമസ്വാധീനം ഇനിയുമേറുമെന്നാണ് ആശങ്ക. ന്യൂസ് യുകെ, ടൈംസ്, സണ്‍, ടോക്ക്‌സ്‌പോര്‍ട്ട് റേഡിയോ തുടങ്ങിയ മാധ്യമങ്ങളും മര്‍ഡോക്ക് കുടുംബമാണ് നിയന്ത്രിക്കുന്നത്.

സ്‌കൈന്യൂസ് വാങ്ങാന്‍ ഡിസ്‌നി താല്‍പര്യം പ്രകടിപ്പിച്ചത് മാധ്യമങ്ങളുടെ ബഹുസ്വരതയ്ക്കുള്ള അവസരമായാണ് സമൂഹം ഏറ്റെടുത്തിരിക്കുന്നത്. മര്‍ഡോക്കിന്റെ കുത്തകയ്ക്ക് ഏതെങ്കിലും രീതിയിലുള്ള മാറ്റം വരണമെന്ന് കരുതുന്നവരാണധികവും. സ്‌കൈ ന്യൂസ് ഉള്‍പ്പെടെയുള്ള ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ ഏറ്റെടുക്കലിനെത്തുടര്‍ന്ന് മാധ്യമകുത്തകയായി മാറിയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 66 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് സിനിമാനിര്‍മാണകമ്പനി ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ മര്‍ഡോക്ക് ഏറ്റെടുത്തത്.

വാള്‍ട്ട് ഡിസ്‌നി കമ്പനി സ്‌കൈ ന്യൂസിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച കാര്യം ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സ് വ്യക്തമാക്കിയിരുന്നു. ടെലിവിഷന്‍ വിനോദവ്യവസായ രംഗത്തെ ഡിസ്‌നിയുടെ സ്ഥാനം പൂര്‍വാധികം ശക്തിപ്പെടുത്തുന്ന നടപടിയായിരിക്കുമിത്. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ ഏറ്റെടുക്കാനുള്ള അവരുടെ നീക്കം നടന്നാലും ഇല്ലെങ്കിലും സ്‌കൈന്യൂസിന്റെ കാര്യത്തില്‍ ഇടപാട് ഉറപ്പിക്കാമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ മകുടത്തിലെ രത്‌നമെന്നാണ് സ്‌കൈന്യൂസിനെ ഡിസ്‌നി വിശേഷിപ്പിച്ചത്. ചാനലിന്റെ പ്രവര്‍ത്തനമൂലധനത്തില്‍ കുറവൊന്നും വരുത്തില്ലെന്നും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ പരിപാടികളടക്കമുള്ള ടിവി ഷോകളുടെയും അമ്യൂസ് മെന്റ് പാര്‍ക്കുകളുടെയും നിര്‍മാതാക്കളായി അറിയപ്പെട്ടിരുന്ന ഡിസ്‌നി, ഹോളിവുഡില്‍ മാത്രമല്ല ബോളിവുഡിലും ഇതര പ്രാദേശിക ഭാഷകളിലും സിനിമാനിര്‍മാണവുമായി മുമ്പോട്ടു പോകുകയാണ്. ടിവി പരിപാടികള്‍ നിര്‍മ്മിച്ച് രാജ്യാന്തരവിപണിയില്‍ സാന്നിധ്യമുറപ്പിച്ച ഇവരുടെ ചലച്ചിത്ര നിര്‍മാണ രംഗത്തേക്കുള്ളകടന്നുവരവ് ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു. ലോകവിപണിയില്‍ ചുവടുറപ്പിക്കാന്‍ വേണ്ടി നിര്‍മ്മാതാക്കള്‍ക്ക് ഏറെയൊന്നും പരിശ്രമിക്കേണ്ടി വരുന്നില്ലെന്നതാണ് വാസ്തവം.

എന്തെങ്കിലും ഉപാധി വെച്ചിട്ടല്ല സ്‌കൈന്യൂസ് എറ്റെടുക്കുന്നതെന്നും നടപടി വിജയകരമായിത്തന്നെ പൂര്‍ത്തീകരിക്കാനായെന്നും ഡിസ്‌നി കമ്പനി വ്യക്തമാക്കി. ഡിസ്‌നിക്ക് അമേരിക്കന്‍ എതിരാളികളായ കോംകാസ്റ്റിനെ ഒഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട്. എന്‍ബിസി യൂണിവേഴ്‌സല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളുടെ നിയന്ത്രണം ഇപ്പോള്‍ കോംകാസ്റ്റിനാണ്. അവരുടെ അപ്രമാദിത്വം ഇല്ലാതാക്കാനാണ് സ്‌കൈ ടിവിക്കായി 22 ബില്യണ്‍ എന്ന ഉയര്‍ന്ന തുകയ്ക്കുള്ള വാഗ്ദാനം വെച്ചിരിക്കുന്നത്. അതേസമയം, സ്‌കൈന്യൂസിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം നില്‍നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സും പ്രസ്താവിച്ചു. ചുരുങ്ങിയത് 15 കൊല്ലത്തേക്കെങ്കിലും സ്‌കൈന്യൂസിനു വേണ്ട നിക്ഷേപം നടത്തുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തേ അഞ്ചു കൊല്ലത്തേക്കു മാത്രമേ ചാനലിനുവേണ്ടി നിക്ഷേപിക്കുകയുള്ളൂവെന്ന നിലപാട് തിരുത്തുന്ന പ്രഖ്യാപനമാണിത്.

സ്‌കൈന്യൂസ് വാങ്ങാന്‍ ഡിസ്‌നി താല്‍പര്യം പ്രകടിപ്പിച്ചത് ടെലിവിഷന്‍ വിനോദവ്യവസായ രംഗത്തെ ഡിസ്‌നിയുടെ സ്ഥാനം പൂര്‍വാധികം ശക്തിപ്പെടുത്തുന്ന നടപടിയായിരിക്കും. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ ഏറ്റെടുക്കാനുള്ള അവരുടെ നീക്കം നടന്നാലും ഇല്ലെങ്കിലും സ്‌കൈന്യൂസിന്റെ കാര്യത്തില്‍ ഇടപാട് ഉറപ്പിക്കാമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി

എഡി മിലിബന്‍ഡ്, വിന്‍സ് കേബിള്‍, കെന്‍ക്ലാര്‍ക്ക് എന്നിവരെപ്പോലുള്ള ബ്രിട്ടീഷ് രാഷ്ട്രീയനേതാക്കള്‍ ഈ നിര്‍ദേശത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇടപാട് റദ്ദ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. ഇടപാടിനെ എതിര്‍ക്കുന്ന ഒരു പറ്റം രാഷ്ട്രീയക്കാര്‍ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെപ്പറ്റി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഡിസ്‌നി അധികൃതര്‍ വ്യക്തമാക്കി. സ്‌കൈ കോര്‍പ്പറേറ്റ്‌സില്‍ നിന്നു സ്‌കൈ ന്യൂസിനെ നിയമപരമായി അടര്‍ത്തിയെടുക്കാനുള്ള നടപടികളെടുക്കുമെന്ന് ഡിസ്‌നി അധികൃതര്‍ വ്യക്തമാക്കി. എതിരാളികള്‍ക്കുള്ള ഭയാശങ്കകള്‍ കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.

റൂപ്പര്‍ മര്‍ഡോക്കോ കുടുംബാംഗങ്ങളോ സ്‌കൈന്യൂസിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ കൈകടത്തിയിരുന്നില്ലെന്ന് ഫോക്‌സ് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇക്കാര്യം കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലേറെയായി സ്‌കൈ ഉടമയായിരുന്ന ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സോ, മര്‍ഡോക്ക് കുടുംബ ട്രസ്‌റ്റോ എഡിറ്റോറിയല്‍ സംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വാദിക്കുന്നത്. സ്‌കൈ ന്യൂസിന്റെ ഏറ്റെടുക്കല്‍ സംബന്ധിച്ച റെഗുലേറ്ററി ക്ലിയറന്‍സ് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ചാനല്‍ അടച്ചു പൂട്ടുമെന്ന് ഫോക്‌സ് മുന്നറിയിപ്പു നല്‍കിയിരുന്നു. അങ്ങനെ ചെയ്താല്‍ അഞ്ഞൂറോളം ചാനല്‍ ജീവനക്കാര്‍ക്കു ജോലി നഷ്ടപ്പെടും.

പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും ഇത് ബ്രിട്ടീഷ് മാധ്യമരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കും. ബഹുസ്വരതയെയും കുത്തകവല്‍ക്കരണത്തെയും സംബന്ധിച്ച് വലിയ കോലാഹലങ്ങള്‍ക്കാകും ഇത് വഴി തുറക്കുക. പ്രതിവിധി നിര്‍ദേശങ്ങള്‍ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയുടെ ബഹുസ്വരചിന്തയെ ഏതെങ്കിലും തരത്തില്‍ അഭിമുഖീകരിക്കുമെന്നു തന്നെയാണു സ്‌കൈന്യൂസ് വിശ്വസിക്കുന്നത്. കൂടാതെ സ്‌കൈന്യൂസിന് നിലവിലുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിന് ദീര്‍ഘകാല ഭാവി ഉറപ്പാക്കാനുമാകും.

Comments

comments

Categories: FK Special, Slider