40 കഴിഞ്ഞോ? ഈ 5 രോഗങ്ങളെ കരുതിയിരിക്കാം

40 കഴിഞ്ഞോ? ഈ 5 രോഗങ്ങളെ കരുതിയിരിക്കാം

ജോലിയും കുടുംബവും സുരക്ഷിതമാകുന്ന നാല്‍പതുകളിലാകും മിക്ക ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. ജീവിതം തുടങ്ങുന്ന പ്രായത്തില്‍ തന്നെ ആരോഗ്യം ക്ഷയിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണം പലപ്പോഴും അതുവരെയുള്ള അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. തിരക്ക് പിടിച്ച ജീവിതവും ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധക്കുറവും മോശം ജീവിതശൈലിയുമൊക്കെയാണ് പ്രായം നാല്‍പത് കടക്കുമ്പോള്‍ വിവിധ രോഗങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്.

നിരന്തരമായുള്ള ഹെല്‍ത്ത് ചെക്കപ്പുകളും വ്യായാമവും ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായകരമാകും. പുരുഷന്‍മാര്‍ 30 വയസ് കഴിഞ്ഞാല്‍ ഹൃദയ പരിശോധന നടത്തുന്നത് ഉത്തമം. നാല്‍പത് കഴിഞ്ഞ ഇവര്‍ നിര്‍ബന്ധമായും പരിശോധന നടത്തേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാല്‍പത് കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ആളുകളില്‍ ഉണ്ടായേക്കാവുന്ന ചില രോഗങ്ങള്‍ ഇവിടെ പരിചയപ്പെടാം.

കാല്‍, മുട്ട് വേദന

കാലുകളിലും മുട്ടുകളിലും ഉണ്ടാകുന്ന വേദന നാല്‍പത് കഴിഞ്ഞവരില്‍ കൂടുതലായി കണ്ടുവരുന്നു. നടുവേദന, സ്‌പോണ്ടിലൈറ്റിസ് എന്നിവയും ഇവരില്‍ സാധാരണഗതിയില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ശരിയായ ഭക്ഷണ രീതികളും വ്യായാമവും വഴി ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

ഉല്‍ക്കണ്ഠ

സാമ്പത്തികപരമായും കുടുംബ സംബന്ധമായ കാര്യങ്ങളിലും ഏറെ ഉല്‍ക്കണ്ഠ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. ശരീരവും മനസും ഒരേ വിഷയത്തില്‍ ദീര്‍ഘനേരം ആകുലപ്പെടാതെ നില്‍ക്കുന്നതിനായി ദിനചര്യകളില്‍ സൈക്കിളിംഗ്, ജോഗിംഗ്, സ്വിമ്മിംഗ് എന്നിവ ഉള്‍പ്പെടുത്താം. യോഗ, ധ്യാനം എന്നിവ ശീലിക്കുന്നതും ഉറങ്ങുന്നതിനും ഉണരുന്നതിനുമുള്ള സമയം ക്രമീകരിക്കുന്നതും മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ സഹായിക്കും.

ഹൈപ്പര്‍ടെന്‍ഷന്‍, കൊളസ്‌ട്രോള്‍

നിലവില്‍ കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രണ്ടു രോഗങ്ങളാണിവ. ഈ പ്രായത്തിലെങ്കിലും മികച്ച കരുതല്‍ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും. പാരമ്പര്യമായി ഹൃദ്രോഗമുള്ള കുടുംബമാണെങ്കില്‍ സ്ഥിരമായ ഹെല്‍ത്ത് ചെക്കപ്പുകള്‍ പതിവാക്കുക. നാല്‍പത് വയസിനു ശേഷം ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കേണ്ടതാണ്.

അസ്ഥിക്ഷയം

അസ്ഥികളുടെ സാന്ദ്രത നാല്‍പത് കഴിഞ്ഞവരില്‍ ക്രമേണ കുറയും. ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ ഈ അവസ്ഥ സാധാരണയാണെങ്കിലും കാല്‍സ്യത്തിന്റെ വിറ്റാമിന്‍ ഡിയുടെയും കുറവാണ് പുരുഷന്‍മാരില്‍ വില്ലനാകുന്നത്. പ്രത്യേകിച്ച് എസി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ കുറഞ്ഞത് അര മണിക്കൂറെങ്കിലും വെയില്‍ കൊള്ളുന്നത് നല്ലതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രമേഹം

45നും 65നും ഇടയില്‍ പ്രായമുള്ളവരിലാണ് ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത ഏറ്റവും കൂടുതലായുള്ളത്. ആരോഗ്യകരമായ ജീവിതശൈലി, ക്രമീകൃത ആഹാരം, സ്ഥിരമായുള്ള രക്തപരിശോധന ( 45 കഴിഞ്ഞാല്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും) എന്നിവ ശീലമാക്കുന്നത് ഉത്തമം.

Comments

comments

Categories: FK Special, Health, Slider