സൗദിയും ഇസ്രയേലും സഹകരിക്കുമോ?

സൗദിയും ഇസ്രയേലും സഹകരിക്കുമോ?

ഇസ്രയേലിനും പലസ്തീനിനും നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന സൗദി കിരീട അവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന വലിയ സമാധാന സാധ്യതകളാണ് തുറന്നിടുന്നത്

പലസ്തീന്‍കാര്‍ക്കും ഇസ്രയേലികള്‍ക്കും ഒരു പോലെ നിലനില്‍പ്പിനുള്ള അവകാശമുണ്ട്-സൗദി അറേബ്യയുടെ പുതിയ നായകനും കിരീടാവകാശിയുമായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റേതായി ദി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവന അവരുടെ നയം മാറ്റം അടിവരയിടുന്നതാണ്. ഇസ്രയേലിനെ ഇതുവരെ ഒരു അറബ് രാജ്യവും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മേഖലയിലെ ഏറ്റവും ശക്തമായ രാഷ്ട്രമെന്ന് ഖ്യാതി നേടിയ സൗദി അറേബ്യ ജൂതരാഷ്ട്രത്തോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണുണ്ടാകുന്നത്.

സമാധാനപരമായ അവസ്ഥ വരണമെന്നും എല്ലാവരുടെയും നിലനില്‍പ്പ് ഉറപ്പ് വരുത്തണമെന്നുമാണ് പ്രിന്‍സ് മൊഹമ്മദ് പറഞ്ഞത്. ഇസ്രയേലുമായി നയതന്ത്രബന്ധം പോലുമില്ലാത്ത സൗദി ഇപ്പോള്‍ ജൂതരാഷ്ട്രത്തിന് മുന്നില്‍ അവരുടെ വാതിലുകള്‍ തുറന്നിടുന്നതിനുള്ള പുറപ്പാടിലാണെന്ന് ഇതിനോടകം തന്നെ വിലയിരുത്തലുകള്‍ വന്നു കഴിഞ്ഞു. കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ഭരണശൈലിയും ഇറാന്‍ എന്ന ശത്രുവിനെ നേരിടുന്നതിനുള്ള നയതന്ത്ര മാസ്റ്റര്‍സ്‌ട്രോക്കായുമാണ് പല വിദഗ്ധരും ഇതിനെ കാണുന്നത്. സൗദിയുടെയും ഇസ്രയേലിന്റെയും പൊതു ശത്രുവാണ് ഇറാന്‍.

ഭൂലോകത്ത് തങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണിയായി ഇരുരാജ്യങ്ങളും കാണുന്നത് ഇറാനെയാണ്. ആ പൊതുശത്രുവിനെതിരെയുള്ള നീക്കത്തില്‍ ഇസ്രയേലുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് പ്രിന്‍സ് മൊഹമ്മദ് എന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇസ്രയേലുമായി സൗദി അടുത്താല്‍ ഇനി അല്‍ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. അതേസമയം സൗദിയുടെ മാറുന്ന സമീപനം പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുമെന്നാണ് പൊതുവികാരം. ഇസ്രയേലിനും സൗദിക്കും പൊതുവായ നിരവധി താല്‍പ്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ സഹകരണത്തിന്റെ പാതയിലേക്ക് എത്തിയാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ നിഗമനം.

കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ നടപടികളിലൂടെ സൗദി അറേബ്യയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരുക്കന്‍ രാജ്യമെന്നുള്ള സൗദിയുടെ പ്രചിച്ഛായ മാറി വരുന്നതായും പലരും വിലയിരുത്തുന്നുണ്ട്. സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യിലൂടെ രാജ്യത്തെ ഉദാരമാക്കാനാണ് പ്രിന്‍സ് മൊഹമ്മദ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയ്ക്കുള്ള വിലക്ക് നീങ്ങി തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതും ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള വിലക്ക് നീക്കിയതുമെല്ലാം പ്രിന്‍സ് മൊഹമ്മദ് നടത്തിയ സുപ്രധാനമുന്നേറ്റങ്ങളായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് നയതന്ത്രതലത്തിലും പ്രകടമായത്. ഇസ്രയേലിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സൗദിയുടെ ആകാശപാത ഉപയോഗപ്പെടുത്താന്‍ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കുകയെന്ന ചരിത്രപരമായ തീരുമാനം സൗദി കൈക്കൊണ്ടതും നേരത്തെ പറഞ്ഞ നയതന്ത്രമാറ്റത്തിന്റെ ഭാഗം തന്നെയാണ്. ഇസ്രയേലുമായി സൗദിയുടെ ഉന്നത ഭരണ നേതൃത്വം രഹസ്യ നയതന്ത്ര ചര്‍ച്ച നടത്തിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് തൊട്ടുപുറകെയാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് പറക്കാന്‍ സൗദി സ്വന്തം വ്യോമപാത തുറന്നുകൊടുത്തത്, അതിനു പിന്നാലെ സൗദി കിരീടാവകാശിയുടെ പ്രസ്താവനയും എത്തി. ചിത്രം ഏറെക്കുറെ വ്യക്തമാവുകയാണ്.

Comments

comments

Categories: Editorial, Slider