ഇന്ത്യയുമായുള്ള വ്യാപരക്കമ്മി കുറഞ്ഞു; വ്യാപാര തടസങ്ങളില്‍ ആശങ്കയുണ്ട്: യുഎസ്

ഇന്ത്യയുമായുള്ള വ്യാപരക്കമ്മി കുറഞ്ഞു; വ്യാപാര തടസങ്ങളില്‍ ആശങ്കയുണ്ട്: യുഎസ്

സേവനവിഭാഗത്തില്‍ 23.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് യുഎസ് ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ളത്

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം ആറ് ശതമാനത്തിനടുത്ത് ഇടിവ് വന്നിട്ടുണ്ടെന്ന് യുഎസ് വാണിജ്യ വകുപ്പ് പ്രതിനിധി (യുഎസ്ടിആര്‍). 2016ലെ വ്യാപരകമ്മിയുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള കണക്കുകളാണ് യുഎസ്ടിആര്‍ പുറത്തുവിട്ടത്. എന്നാല്‍, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന നികുതിയും വിപണി സ്വീകാര്യതയും സംബന്ധിച്ച വിഷയങ്ങളില്‍ ആശങ്ക തുടരുന്നതായും യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.

2017ല്‍ ഇന്ത്യയുമായുള്ള ചരക്കുനീക്കത്തില്‍ 22.9 ബില്യണ്‍ ഡോളറിന്റെ വ്യാപരക്കമ്മിയാണ് യുഎസ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016ലെ വ്യാപാരക്കമ്മിയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞവര്‍ഷത്തെ വ്യാപാരക്കമ്മിയില്‍ 5.9 ശതമാനം (1.4 ബില്യണ്‍ ഡോളര്‍) ഇടിവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസിന് വ്യാപാരക്കമ്മി കുറയ്ക്കാനായിട്ടുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും യുഎസ്ടിആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം യുഎസില്‍ നിന്നും 25.7 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുമായുള്ള യുഎസിന്റെ കയറ്റുമതി വരുമാനം 18.7 ശതമാനം വര്‍ധിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ചെലവിലും കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 48.6 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യുഎസ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇറക്കുമതി ചെലവില്‍ 5.6 ശതമാനം വര്‍ധനയുണ്ടായി. വാണിജ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎസിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണികളില്‍ 15ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

സേവനവിഭാഗത്തില്‍ 23.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് യുഎസ് ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും 28.7 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടന്നിട്ടുണ്ട്. 2015ല്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിട്ടുള്ള സര്‍വീസുകളില്‍ 24.5 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്തമാണ് യുഎസ് ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കുണ്ടായിരുന്നതെന്നും യുഎസ്ടിആറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ ഇന്ത്യന്‍ ഓഹരികളില്‍ 32.9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് യുഎസ് നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. 2015നെ അപേക്ഷിച്ച് യുഎസില്‍ നിന്നുള്ള എഫ്ഡിഐയില്‍ 10.0 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പ്രൊഫഷണല്‍, ടെക്, സൈന്റിഫിക്, മാനുഫാക്ച്ചറിംഗ്, സര്‍വീസസ്, ഹോള്‍സെയ്ല്‍ വിഭാഗങ്ങളിലാണ് യുഎസ് നിക്ഷേപകര്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
യുഎസില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില നിയന്ത്രണമേര്‍പ്പെടുത്തിയതും ടെക്‌നോളജിക്കലി അഡ്വാന്‍സ്ഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനുള്ള യുഎസ് കമ്പനികളുടെ അപേക്ഷ ഇന്ത്യ നിരസിച്ചതും ചില ഉല്‍പ്പന്നങ്ങള്‍ നഷ്ടത്തില്‍ വില്‍ക്കുന്നതിന് യുഎസ് കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ്ടിആര്‍ പറഞ്ഞു. കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില നിയന്ത്രണം കൊണ്ടുവരുമെന്ന സൂചനയും ഇന്ത്യ നല്‍കുന്നുണ്ട്. ഹൈ ടെക് ഐടി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് ഉയര്‍ത്തികൊണ്ടുള്ള ഇന്ത്യയുടെ നടപടിയും യുഎസ് കമ്പനികള്‍ക്കിടയില്‍ ആശങ്ക ഉര്‍ത്തിയിട്ടുണ്ടെന്ന് യുഎസ്ടിആര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy