തോര്‍ത്ത് വില്‍പന കടല്‍ കടന്നപ്പോള്‍ വിറ്റുവരവ് 1 കോടി രൂപ

തോര്‍ത്ത് വില്‍പന കടല്‍ കടന്നപ്പോള്‍ വിറ്റുവരവ് 1 കോടി രൂപ

നാടന്‍ തോര്‍ത്തിനെ ഗ്ലോബല്‍ ബ്രാന്‍ഡ് ബാത്ത് ടവല്‍ ആക്കി മാറ്റിയ കാഞ്ഞിരമറ്റം ആസ്ഥാനമായ കര വീവ്‌സ് എന്ന സ്ഥാപനം ഈ സാമ്പത്തിക വര്‍ഷം നേടിയത് ഒരു കോടി രൂപയുടെ വിറ്റുവരവാണ്. സംസ്ഥാനത്തെ കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് 2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് അമേരിക്ക, യുകെ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഹോട്ടല്‍, ടൂറിസം, വിപണികളില്‍ നിറഞ്ഞു നില്‍ക്കുന്നു. കൈത്തറി ഉല്‍പ്പന്നമായ തോര്‍ത്തിന് ആഗോള തലത്തില്‍ വിപണി നേടിക്കൊടുത്തതാവട്ടെ കര വീവ്‌സ് സ്ഥാപക ഇന്ദു മേനോന് ഈ മേഖലയോടുള്ള പ്രത്യേക താല്‍പര്യം ഒന്ന് മാത്രമാണ്

നാടന്‍ തോര്‍ത്തിന് ഗ്ലോബല്‍ ബ്രാന്‍ഡിംഗ് ! കേള്‍ക്കുമ്പോള്‍ അല്‍പം ആശ്ചര്യം തോന്നും എങ്കിലും യഥാര്‍ത്ഥത്തില്‍ കര വീവ്‌സ് എന്ന സ്ഥാപനത്തിലൂടെ സാധ്യമായിരിക്കുന്നത് അതാണ്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരള കൈത്തറി മേഖലയ്ക്ക് ഒരാശ്വാസം എന്ന നിലയ്ക്ക് ആരംഭിച്ച സ്ഥാപനം ഇന്ന് രാജ്യാര്‍തിര്‍ത്തികള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു. തെക്കേ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, മാത്രം പരിചിതമായിരുന്ന തോര്‍ത്തിന്റെ റീബ്രാന്‍ഡിംഗിലൂടെ കര വീവ്‌സ് സംസ്ഥാന കൈത്തറി മേഖലയ്ക്ക് എല്ലാ അര്‍ത്ഥത്തിലും താങ്ങായിരിക്കുകയാണ്.

1982 ലാണ് ഇന്ദു മേനോന് ഇന്ത്യന്‍ കൈത്തറിമേഖലയുമായുള്ള ബന്ധം ആരംഭിക്കുന്നത്.കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഭാഗമായി കൈത്തറി മേഖലയെ ഉള്‍പ്പെടുത്തി ഒരു പ്രൊജക്റ്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. പ്രസ്തുത പ്രൊജക്റ്റിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ നിരവധി നെയ്ത്ത് ഗ്രാമങ്ങള്‍ ഇന്ദു സന്ദര്‍ശിച്ചിരുന്നു. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രം, ആര്‍ക്കും താങ്ങാനാവുന്ന വില, ശരീരത്തിന് ഏറ്റവും ഇണങ്ങുന്ന പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മെറ്റീരിയല്‍…ഇങ്ങനെ സാധ്യതകള്‍ അനവധി ഉണ്ടായിരുന്നിട്ടും 1980 കളില്‍ തന്നെ കൈത്തറി മേഖല നഷ്ടത്തിലായിരുന്നു. ഓരോ നെയ്ത്ത് ഗ്രാമങ്ങളിലും കൈത്തറി മേഖലയെ മാത്രം ആശ്രയിച്ച് നൂറു കണക്കിന് കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് സാമൂഹിക പ്രസക്തമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഇന്ദുവിനുണ്ടായി.

എന്നാല്‍ വ്യക്തിപരമായ പല കാര്യങ്ങള്‍ കൊണ്ടും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കൈത്തറി മേഖലയുടെ വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ ഇന്ദു മേനോന് സാധിച്ചില്ല. എന്നിരുന്നാലും ഇന്ദുവും സഹപ്രവര്‍ത്തകരായ രണ്ടു പേരും ചേര്‍ന്ന് എഴുതിയ ‘ദി വിമന്‍ വീവേഴ്‌സ്’ എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ കൈത്തറി മേഖലയുടെ പ്രശ്‌നങ്ങളെയും സാധ്യതകളെയും കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ് നാട് , കേരളം തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളിലെ കൈത്തറി മേഖലയെ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ഇതില്‍ കേരള കൈത്തറി മേഖലയെക്കുറിച്ച് എഴുതുന്നതിനായി ഇന്ദു കാഞ്ഞിരമറ്റത്തുള്ള ഒരു തോര്‍ത്ത് നിര്‍മാണ യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നുമാണ് തോര്‍ത്തിന്റെ പല ഗുണങ്ങളെ പറ്റിയുള്ള ചിന്ത മനസിലേക്ക് കയറുന്നത്. എന്നാല്‍, ആ ചിന്തക്ക് ഒരു സംരംഭകത്വ സ്വഭാവം കൈവരാന്‍ 25 വര്‍ഷം കാത്തിരിക്കേണ്ടതായി വന്നു.

കര വീവ്‌സ് ജനിക്കുന്നു

2007 ലാണ് കര വീവ്‌സ് എന്ന സ്ഥാപനത്തിന് ഇന്ദു മേനോന്‍ തുടക്കം കുറിക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സാമൂഹിക പ്രതിബദ്ധതയാര്‍ന്ന എന്തെങ്കിലും ചെയ്യണം എന്ന ചിന്ത വന്നവസാനിച്ചത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൈത്തറി മേഖലയുടെ ഉന്നമന പ്രവര്‍ത്തനങ്ങളിലാണ്. ജീവിതത്തില്‍ ഒരിക്കലും ബിസിനസിലേക്ക് വരില്ലെന്ന് ഉറപ്പിച്ചിരുന്ന ഇന്ദു മേനോനെ ഈ രംഗത്ത് വിജയിച്ച ഒരു സംരംഭകയാക്കി മാറ്റിയത് കൈത്തറി മേഖലയോടുള്ള താല്‍പര്യം ഒന്ന് മാത്രമാണ്.

തോര്‍ത്തിനെ കേവലം തോര്‍ത്ത് ആയി അവതരിപ്പിക്കാതെ ബാത്ത് ടവല്‍, നാപ്കിന്‍ ടവല്‍, കര്‍ചീഫ്, ബീച്ച് ടവല്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ് കര വീവ്‌സ് തങ്ങളുടെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്

” കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മകള്‍ ചിത്ര തോര്‍ത്തിനെയൊന്നു റീബ്രാന്‍ഡ് ചെയ്‌തെടുത്താലോ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മനസ്സില്‍ തോന്നിയ ആ ആശയത്തിന് ഇപ്പോഴും സാധ്യത ഏറെയാണ് എന്ന് ഞങ്ങള്‍ നടത്തിയ വിപണി പഠനത്തില്‍ നിന്നും മനസിലായി. പിന്നീട്, കേരളത്തിലെ നെയ്ത്ത് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നെയ്ത്തുകാരില്‍ നിന്നും ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ശേഖരിച്ചു. ബലവും ഗുണവും കൂടുതലുള്ള, പെട്ടന്ന് ജലാംശം വലിച്ചെടുക്കുന്ന, കനം കുറഞ്ഞ എന്നാല്‍ ഈട് നില്‍ക്കുന്ന തോര്‍ത്തിനെ പുതുമകളോടെ അവതരിപ്പിച്ചാല്‍ വിപണി സാധ്യത വളരെ കൂടുതലാണെന്ന് മനസിലാക്കിയ ഞങ്ങള്‍ ആ രംഗത്ത് നിക്ഷേപത്തിന് ഒരുങ്ങുകയായിരുന്നു” കര വീവ്‌സ് സ്ഥാപക ഇന്ദു മേനോന്‍ പറയുന്നു.

തോര്‍ത്തിനെ കേവലം തോര്‍ത്ത് ആയി അവതരിപ്പിക്കാതെ ബാത്ത് ടവല്‍, നാപ്കിന്‍ ടവല്‍, കര്‍ചീഫ്, ബീച്ച് ടവല്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ് കര വീവ്‌സ് തങ്ങളുടെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇന്ദു മേനോന്‍ , മകള്‍ ചിത്ര, രേവതി മേനോന്‍, സുലോചന മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കര വീവ്‌സിന്റെ പിന്നീടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നേരിട്ട് ഓഫ്‌ലൈന്‍ വില്‍പ്പനയിലേക്ക് പോകാതെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയിട്ടായിരുന്നു കര വീവ്‌സിന്റെ തുടക്കം.

2007 ല്‍ പദ്ധതി വിഭാവനം ചെയ്ത്, കൈത്തറി യൂണിറ്റുകളുമായി കരാറുണ്ടാക്കി. അതിനുശേഷം വ്യത്യസ്തമായ പാറ്റേണുകളിലും ഡിസൈനുകളിലും തോര്‍ത്തുകള്‍ തയ്യാറാക്കുന്നതിന് വേണ്ട പരിശീലനം നെയ്ത്തുകാര്‍ക്ക് നല്‍കി. 2008 ല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്‌സൈറ്റിന്റെ ഭാഗമായി ഒരു ബ്ലോഗ് ഉണ്ടായിരുന്നു. അന്ന് ബ്ലോഗുകളായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ആകര്‍ഷണം.ബ്ലോഗിലേക്ക് ആവശ്യമായ ലേഖനങ്ങള്‍ തയ്യാറാക്കിയിരുന്നത് ചിത്രയായിരുന്നു.

ചിത്രയുടെ ബ്ലോഗ് സ്ഥിരമായി വായിച്ചിരുന്നവരില്‍ ഫാഷന്‍ ട്രെന്‍ഡ് ഫോര്‍കാസ്റ്ററായ ഗ്രേസ് ബോണി എന്ന അമേരിക്കന്‍ പൗരയും ഉണ്ടായിരുന്നു. അമേരിക്കന്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏറെ പ്രശസ്തയായ അവര്‍ തോര്‍ത്ത് കൊണ്ടുണ്ടാക്കിയ വിവിധ ഉല്‍പ്പന്നങ്ങളെ പറ്റി വായിക്കുകയും തന്റെ ബ്ലോഗില്‍ അതേക്കുറിച്ച് എഴുതുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. ആ ബ്ലോഗിന് ലഭിച്ചത് ദിവസം 30,000ത്തിലധികം ഹിറ്റുകള്‍. തൊട്ടടുത്ത ദിവസം മുതല്‍ കര വീവ്‌സിന്റെ ഇ–മെയിലില്‍ അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകളും വന്നു തുടങ്ങി. അങ്ങനെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം കടല്‍ കടന്നു.

സോഷ്യല്‍ മീഡിയ വളര്‍ത്തിയ ബ്രാന്‍ഡ്

കര വീവ്‌സ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ഇന്നത്തെ അത്ര ശക്തമായിരുന്നില്ല. പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി. ആ സമയത്താണ് അമേരിക്കയിലെ ഒരു ഇന്റീരിയര്‍ മാഗസിനില്‍ കര വീവ്‌സിന്റെ ഉല്‍പ്പന്നങ്ങളെ പറ്റിയുള്ള ലേഖനം വരുന്നത്. അതോടെ അമേരിക്കന്‍ വിപണിയിലെ സാധ്യതകള്‍ വീണ്ടും വര്‍ധിച്ചു. ന്യൂയോര്‍ക്കിലെ റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്നുവരെ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ ബിസിനസും എത്തുന്നത്. വിദേശത്തുനിന്നുള്ള പേയ്‌മെന്റ് അധികവും പേപാല്‍ വഴിയാണ്. ഇന്ത്യയ്ക്കകത്തുള്ളവര്‍ ബാങ്ക് അക്കൗണ്ടിനെ ആശ്രയിക്കുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാപനം ബ്രേക്ക് ഈവന്‍ ആയി. ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കര വീവ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേര്യമംഗലം, കുത്താമ്പുള്ളി , തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള കൈത്തറി യൂണിറ്റുകള്‍ക്കും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ദു മേനോന്‍ സ്വപ്നം കണ്ടത് പോലെ കര വീവ്‌സ് സംസ്ഥാന കൈത്തറി മേഖലയ്ക്ക് ഒരു കൈത്താങ്ങായി.

പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കര വീവ്‌സ് ബ്രേക്ക് ഈവന്‍ ആയി. ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേര്യമംഗലം, കുത്താമ്പുള്ളി , തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള കൈത്തറി യൂണിറ്റുകള്‍ക്കും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ദു മേനോന്‍ സ്വപ്നം കണ്ടത് പോലെ കര വീവ്‌സ് സംസ്ഥാന കൈത്തറി മേഖലയ്ക്ക് ഒരു കൈത്താങ്ങായി.

മുന്‍കൂട്ടി തയ്യാറാക്കുന്ന പാറ്റേണുകള്‍ നെയ്ത്തുകാര്‍ക്ക് നല്‍കിയ ശേഷം ആ മാതൃകയില്‍ അവരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നെയ്തു വാങ്ങുന്നു. അതിനുശേഷം കര വീവ്‌സിന്റെ സ്വന്തം തയ്യല്‍ യൂണിറ്റില്‍ എത്തിച്ച് ഫ്രില്ലുകള്‍, ബട്ടണുകള്‍ എന്നിവ പിടിപ്പിച്ച് ഫിനിഷിംഗ് വര്‍ക്കുകള്‍ ചെയ്യുന്നു. അതിന് ശേഷമാണ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത് .

2013 ല്‍ റീറ്റെയ്ല്‍ മേഖലയില്‍ നിന്നും ഹോള്‍ സെയ്ല്‍ മേഖലയിലേക്ക് കടന്ന സ്ഥാപനത്തിന്റെ വരുമാനത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. റീറ്റെയിലിനേക്കാള്‍ ലാഭകരവും താരതമ്യേന ജോലി ഭാരം കുറഞ്ഞതുമാണ് ഹോള്‍ സെയ്ല്‍ മേഖല എന്ന് ഇന്ദു മേനോന്‍ പറയുന്നു.

വില്‍പനയുടെ 98 ശതമാനവും വിദേശ വിപണിയില്‍ നിന്നും

പ്രവര്‍ത്തനമാരംഭിച്ച് ഒരു ദശകം പൂര്‍ത്തിയാകുമ്പോള്‍, കര വീവ്‌സിന്റെ മൊത്തം വില്‍പനയുടെ 98 ശതമാനവും വിദേശ വിപണിയില്‍ നിന്നുമാണ്. ഇതില്‍ തന്നെ 95 ശതമാനം അമേരിക്കയില്‍ നിന്നും ശേഷിച്ച ഭാഗം ആസ്‌ത്രേലിയ, യുകെ എന്നിവിടങ്ങളില്‍ നിന്നുമാണ്.

കോക്ടെയില്‍ നാപ്കിന്‍ മുതല്‍ ബീച്ച് ടവല്‍ വരെയും ടേബിള്‍ നാപ്കിന്‍സ് മുതല്‍ കിച്ചണ്‍ ടവല്‍ വരെയും നീളുന്ന വെറൈറ്റി ഉല്‍പന്നങ്ങള്‍ കര വീവ്‌സിലുണ്ട്. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്നത്.

ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വെസ്റ്റേണ്‍ ഡ്രസിനൊപ്പം ഉപയോഗിക്കാവുന്ന സ്‌കാര്‍ഫ്, ബേബി ബ്ലാങ്കറ്റ്‌സ്, ബെഡ് കവര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും കര വീവ്‌സ് വിപണിയില്‍ എത്തിക്കുന്നു. ബേബി ബ്ലാങ്കറ്റ്‌സ്, ബെഡ് കവര്‍ തുടങ്ങിയവയ്ക്ക് മികച്ച വില്‍പനയാണുള്ളത്. ഇതിനു പുറമെ ഏപ്രണ്‍, റിസോര്‍ട്ട് വെയര്‍ എന്നിവയും വിപണിയില്‍ എത്തിക്കുന്നു. കൈത്തറി ഉപയോഗിച്ചുള്ള വിവിധ വസ്തുക്കളുടെ നിര്‍മാണാശയവുമായി നിരവധി പേര്‍ കര വീവ്‌സിനെ ബന്ധപ്പെടുന്നുണ്ട്. ഇത്തരത്തില്‍ 500 കൈത്തറി നിര്‍മിത കണ്ണടക്കൂടുകളുടെ വില്‍പന കര വീവ്‌സ് നടത്തിക്കഴിഞ്ഞു.

സ്‌പോര്‍ട്ട്‌സ് മേഖലയിലേക്കും…

ഹോസ്പിറ്റാലിറ്റി മേഖലയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കര വീവ്‌സ് സ്‌പോര്‍ട്‌സ് മേഖലയിലേക്ക് കൂടി വ്യാപിക്കാന്‍ ഒരുങ്ങുകയാണ്. കായിക മത്സരങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ താമസിയാതെ വിപണിയില്‍ എത്തിക്കും. അതോടൊപ്പം ഈ സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുള്ളതിന്റെ ഇരട്ടി വിറ്റുവരവ് ലക്ഷ്യമിടുകയും ചെയ്യുന്നു .

Comments

comments