ബിസിനസില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി

ബിസിനസില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി

ന്യൂഡെല്‍ഹി: ബിസിനസ് രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തത് ഖേദകരമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ലിംഗപരമായ വേര്‍തിരിവില്ലാത്ത വിതരണ ശൃംഖലകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ (എഫ്എല്‍ഒ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

തൊഴില്‍ശക്തിയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിച്ചേരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണ്. വീടുകളിലും, സമൂഹത്തിലും, തൊഴിലിടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന പ്രോല്‍സാഹനജനകവും സുരക്ഷിതവുമായ സാഹചര്യങ്ങള്‍ നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ശക്തിയുടെ ഭാഗമാകുമ്പോള്‍ കുടുംബ വരുമാനവും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും (ജിഡിപി) ഉയരും. കൂടുതല്‍ അഭിവൃദ്ധിയുള്ള രാഷ്ട്രമായി നാം മാറും. അതിനൊപ്പം കൂടുതല്‍ തുല്യതയുള്ള സമൂഹമായി നമ്മള്‍ മാറുമെന്നും രാഷ്ട്രപതി പറഞ്ഞു. സാധാരണ പൗരന്മാര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിന് നിര്‍ണായകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഏപ്രിലില്‍ സ്റ്റാന്‍ഡ്-അപ് ഇന്ത്യ പദ്ധതി കേന്ദ്രം ആരംഭിച്ചു. ഇതിന് കീഴില്‍ ഏകദേശം 45,000 വായ്പകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 39,000 വായ്പകള്‍ വനിതകള്‍ക്കാണ് നല്‍കിയത്. മുദ്ര പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഏകദേശം 117 മില്യണ്‍ വായ്പകളാണ് അനുവദിച്ചത്. ഇതില്‍ 88 മില്യണോളം വായ്പകള്‍ സ്ത്രീകള്‍ക്കുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories