സിക്‌സ് ഫ്‌ളാഗ്‌സ് തീം പാര്‍ക്ക് സൗദിയിലേക്ക്

സിക്‌സ് ഫ്‌ളാഗ്‌സ് തീം പാര്‍ക്ക് സൗദിയിലേക്ക്

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2022ല്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും

റിയാദ്: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനി സിക്‌സ് ഫ്‌ളാഗ്‌സ് സൗദി അറേബ്യയിലേക്കുമെത്തുന്നു. വിപണി തുറന്നുകൊടുക്കുന്ന സുപ്രധാന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സൗദി സിക്‌സ് ഫ്‌ളാഗ്‌സിനെയും രാജ്യത്തേക്ക് എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്) സിക്‌സ് ഫ്‌ളാഗ്‌സുമായി ധാരണയിലെത്തി. സിക്‌സ് ഫ്‌ളാഗ്‌സ് ബ്രാന്‍ഡില്‍ സൗദിയുടെ ആദ്യ എന്റര്‍ടെയ്ന്‍മെന്റ് ഡെസ്റ്റിനേഷനായ ഖിദ്ദിയയില്‍ പുതിയ തീം പാര്‍ക്ക് ഡിസൈന്‍ ചെയ്ത് വികസിപ്പിക്കാനാണ് ധാരണയായത്.

പദ്ധതി 2022ല്‍ പ്രവര്‍ത്തനക്ഷമമാകും. സൗദിയുടെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ ഭാഗമാണ് പുതിയ തീം പാര്‍ക്കെന്ന് പിഐഎഫ് അറിയിച്ചു. രാജ്യത്തെ സാംസ്‌കാരിക, വിനോദ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പിഐഎഫ് വ്യക്തമാക്കി.

രാജ്യത്തിന്റെ വിനോദ മേഖലയുടെ സുപ്രധാനമായ ഭാഗമാണ് ഖിദ്ദിയ. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിലും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിനും ഇത് നിര്‍ണായക പങ്കുവഹിക്കും. നിരവധി തൊഴിലവസരങ്ങള്‍ സിക്‌സ് ഫഌഗ്‌സ് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടും. യുവജനങ്ങള്‍ക്ക് ഇത് ശരിക്കും ഉപയോഗപ്പെടുത്താവുന്നതാണ്-പിഐഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൗദി അറേബ്യയില്‍ ജീവിക്കുന്നവരുടെ ദൈനംദിന ജീവിതം കൂടുതല്‍ സമ്പുഷ്ടവും സമ്പന്നവുമാക്കുന്നതായിരിക്കും പുതിയ തീം പാര്‍ക്കെന്ന് ഖിദ്ദിയയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മൈക്കിള്‍ റെയ്‌നിന്‍ഗര്‍ പറഞ്ഞു.

സൗദി വിപണിയില്‍ തങ്ങള്‍ വലിയ സാധ്യതകളാണ് കാണുന്നതെന്ന് സിക്‌സ് ഫ്‌ളാഗ്‌സ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കമ്പനിയുടെ പ്രസിഡന്റ് ഡേവിക് മക്കില്ലിപ്‌സ്

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന്റെ ദക്ഷിണഭാഗത്ത് 334 സ്‌ക്വയര്‍ കിലോമീറ്ററിലാണ് എന്റര്‍ടെയ്ന്‍മെന്റ് സിറ്റി ഒരുങ്ങുന്നത്. കായിക, സാംസ്‌കാരിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന സിറ്റിയില്‍ സിക്‌സ് ഫ്‌ളാഗ്‌സ് തീം പാര്‍ക്ക് ഉള്‍പ്പടെയുള്ള വിനോദ സൗകര്യങ്ങളുമുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്നെയാണ് പദ്ധതിയുടെ പ്രധാന നിക്ഷേപകര്‍.

സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായി വിനോദമേഖല ശക്തിപ്പെടുത്തി സാമ്പത്തിക കുതിപ്പുണ്ടാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വിഷന്‍ 2030യുടെ ഭാഗമായി വിനോദമേഖലയില്‍ വമ്പന്‍ നിക്ഷേപമാണ് സൗദി നടത്തിക്കൊണ്ടിരിക്കുന്നതും. ഇതിന്റെ ഭാഗമായാണ് തീം പാര്‍ക്ക് നിര്‍മിക്കുന്നതിനായി യുഎസില്‍ പ്രവര്‍ത്തിക്കുന്ന സിക്‌സ് ഫഌഗ്‌സ് സൗദി ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയത്. സൗദി അറേബ്യയില്‍ മൂന്ന് പാര്‍ക്കുകള്‍ കമ്പനി നിര്‍മിക്കുമെന്ന് സിക്‌സ് ഫ്‌ളാഗ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജിം റെയ്ദ് ആന്‍ഡേര്‍സണ്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 300 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെയാണ് ഓരോ പാര്‍ക്കിനും നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്.

ഓയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തി സൗദിയിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും വിപണി തുറന്നുകൊടുക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും 35 വയസ്സില്‍ താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള തീം പാര്‍ക്കുകള്‍ വമ്പന്‍ ആവശ്യകയാണ് സൗദിയിലുള്ളത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വിപണിയില്‍ തങ്ങള്‍ വലിയ സാധ്യതകളാണ് കാണുന്നതെന്ന് സിക്‌സ് ഫഌഗ്‌സ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കമ്പനിയുടെ പ്രസിഡന്റ് ഡേവിക് മക്കില്ലിപ്‌സ് പറഞ്ഞു.

Comments

comments

Categories: Arabia