ഫ്‌ളിപ്കാര്‍ട്ടും ആമസോണും എഫ്ഡിഐ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഐസിഎ

ഫ്‌ളിപ്കാര്‍ട്ടും ആമസോണും എഫ്ഡിഐ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഐസിഎ

ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപണം

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയിലെ മുന്‍നിരക്കാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും രാജ്യത്ത് നേരിട്ട് വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്നതിനുള്ള നിയമങ്ങള്‍ ലംഘിക്കുന്നതായി ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍. വ്യാപാര പങ്കാളികളുമായി ചേര്‍ന്ന് ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കികൊണ്ട് മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് എഫ്ഡിഐയുമായി ബന്ധപ്പെട്ട പ്രസ് നോട്ട് 3ക്കു കീഴില്‍ വരുന്ന നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ഓഫ്‌ലൈന്‍ ചെറുകിട കച്ചവടക്കാരുടെ വരുമാനത്തില്‍ കുറവുവരുത്തുന്നതായും ഐസിഎ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കി.

രാജ്യത്തെ വ്യാപാരികള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഐസിഎ വാണിജ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസ് നോട്ട് 3 നിയമ പ്രകാരം ഇ-കൊമേഴ്‌സ് കമ്പനികളില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്നത് ഓട്ടോമാറ്റിക് റൂട്ട് വഴിയാണ്. ബിസിനസ്-ടു-ബിസിനസ് വില്‍പ്പനയ്ക്ക് മാത്രമാണ് ഇത് ബാധകം. ഇന്‍വെന്ററി മോഡല്‍ വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഇ- കൊമേഴ്‌സ് കമ്പനിക്ക് കഴിയില്ല. കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റ്‌പ്ലേസ് എന്ന നിലയില്‍ മാത്രമാണ് ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകുക. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്വാധീനം ചെലുത്താനും കമ്പനികള്‍ക്ക് അധികാരമില്ല. അതുകൊണ്ട് നേരിട്ടോ അല്ലാതെയോ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്വാധീനം ചെലുത്തുന്നത് എഫ്ഡിഐ നിയമങ്ങളുടെ ലംഘനമാണെന്നാണ് ഐസിഎ പറയുന്നത്.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കടുപ്പിക്കുന്നതിന് ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ഐസിഎ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ആമസോണ്‍ ഐസിഎയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വില്‍പ്പനക്കാരാണ് ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും ആമസോണ്‍ വക്താവ് വ്യക്തമാക്കി. ഫ്‌ളിപ്കാര്‍ട്ട് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Business & Economy