കാര്‍ഷികസേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി ‘അഗ്രിബോലോ’

കാര്‍ഷികസേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി ‘അഗ്രിബോലോ’

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലുപരി വിത്തുല്‍പ്പാദനം, വികസനം എന്നിവയില്‍ മികച്ച മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന സംരംഭമാണ് അഗ്രിബോലോ. സംരംഭത്തിന്റെ ഓരോ മേഖലയിലും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് ഇവര്‍ കാഴ്ചവെക്കുന്നത്

കാര്‍ഷിക മേഖലയിലെ വിവിധോദ്ദേശ്യ വിപണന തന്ത്രങ്ങളുമായി കര്‍ഷകരെ സഹായിക്കുന്ന സംരംഭമാണ് അഗ്രിബോലോ. കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് പച്ചക്കറിയുള്‍പ്പെടെയുള്ളവ തീന്‍മേശയിലേക്ക് എത്തിക്കുന്നതോടൊപ്പം മില്ലുകളിലേക്കും വിപണനശാലകളിലേക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് സഹായകമാകുന്ന ഒരു വണ്‍ സ്റ്റോപ് സൊലൂഷന്‍ എന്ന നിലയിലാണ് അഗ്രിബോലോയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ അവരുടെ തന്നെ നാട്ടില്‍ വില്‍ക്കുവാനും ഫ്രാഞ്ചൈസി ഡീലറാകാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നാം ഉറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ രാജ്യം തന്നെയാണ്. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്കു മാത്രമല്ല, സംരംഭകര്‍ക്കും ലാഭം കൊയ്യാനാകും. ഇത്തരത്തില്‍ കാര്‍ഷിക മേഖലയുടെ എല്ലാ തലങ്ങളിലുമുള്ള വിടവ് നികത്തുക എന്ന ലക്ഷ്യവുമായാണ് മൂന്ന് വര്‍ഷം മുമ്പ് മുംബൈ ആസ്ഥാനമായി, ബാലാജി ബലരാമന്‍ അഗ്രിബോലോ എന്ന സംരംഭത്തിന് തുടക്കമിട്ടത്. അജിത് ഗോദ്ര, അരവിന്ദ് ഗോദ്ര എന്നീ സഹോദരങ്ങളും പിന്നീട് ഈ സംരംഭത്തിന്റെ സഹ സ്ഥാപകരായി. സംരംഭത്തിന്റെ ഓരോ മേഖലകളിലും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന രീതിക്കാണ് ബാലാജി മുന്‍തൂക്കം നല്‍കിയത്.

ഒരു പ്രദേശത്ത് ഒന്നാകെയുള്ള കര്‍ഷകര്‍ കൂടിച്ചേര്‍ന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ഫ്രാഞ്ചൈസികള്‍ വഴി വില്‍ക്കുന്നതു മൂലം സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്യുന്ന അനുഭവമാണ് ഓരോ കര്‍ഷകനും ലഭിക്കുന്നത്. മാത്രമല്ല, കൃഷി ചെയ്യുക എന്നതിലുപരി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ സാധ്യതകളെ കുറിച്ചും വിലയെ കുറിച്ചും കൃത്യമായി അവബോധവും ഉണ്ടാകും

കര്‍ഷകരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊണ്ട പ്രവര്‍ത്തനരീതി

കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കാര്‍ഷിക ആവാസവ്യവസ്ഥയെ പൂര്‍ണമായും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അഗ്രിബോലോ മേഖലയിലേക്ക് കടന്നുവന്നത്. കാര്‍ഷിക മേഖലയിലെ ഒരു ദശാബ്ദത്തോളമായുള്ള പരിചയസമ്പത്തു കൈമുതലാക്കിയ സംരംഭകരായതിനാല്‍ അവര്‍ക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും കഴിഞ്ഞിരുന്നു. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൂട്ടിയിണക്കല്‍, ഗുണമേന്‍മയുള്ള സാധനസാമഗ്രികളുടെ ശരിയായ ഉപയോഗം, വിപണി ശൃംഖലകള്‍, ജലസേചന സൗകര്യങ്ങള്‍, കാര്‍ഷിക ഉപകരണങ്ങളുടെ ലഭ്യത എന്നിങ്ങനെ കര്‍ഷകരെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ യഥാവിധി പരിഹരിക്കാനുള്ള പരിതസ്ഥിതി ഒരുക്കിക്കൊടുക്കുകയാണ് അഗ്രിബോലോ. കര്‍ഷകരെ കൃഷി ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ കമ്പനിയുടെ ഡീലര്‍ അഥവാ ഡിസ്ട്രീബ്യൂട്ടര്‍ എന്ന നിലയില്‍ സംരംഭത്തിന്റെ ഭാഗമാക്കിയാല്‍ അവര്‍ക്ക് വിപണിയെ കുറിച്ച് കൂടുതല്‍ അറിയാനും വിഭവ ലഭ്യത വര്‍ധിപ്പിച്ച് ലാഭം കണ്ടെത്താനും കഴിയുമെന്നാണ് ബാലാജിയുടെ വിശ്വാസം. കര്‍ഷകര്‍ തന്നെ വിതരണക്കാരാകുന്ന സാഹചര്യത്തില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ വില്‍ക്കണമെന്നും എന്ത് വിലയ്ക്ക് വില്‍ക്കണമെന്നും അവര്‍ക്ക് നേരിട്ട് തീരുമാനിക്കാനുള്ള അവസരം കൈവരുന്നു. വിപണി മനസിലാക്കിയുള്ള വില്‍പ്പനയിലേക്ക് കര്‍ഷകരെ നേരിട്ടെത്തിക്കാനും ഇതുവഴി കഴിയും- ബാലാജി പറയുന്നു.

മിക്ക കര്‍ഷകരും കൃഷിയെ സാരമായി ബാധിക്കുന്ന കാലാവസ്ഥാ വൃതിയാനം, വരള്‍ച്ച, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം പ്രാദേശിക തലത്തിലുള്ള മുതലാളിമാരില്‍ പണം വായ്പയെടുക്കുന്ന പതിവുണ്ട്. ഇതിനു പകരമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കു വില്‍ക്കാനും പലരും തയാറാകുന്നു. എന്നാല്‍ ഈ ചൂഷണ ശൃംഖല തകര്‍ത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നേരിട്ട് വിപണിയിലെത്തിക്കാനുള്ള സാഹചര്യമാണ് അഗ്രിബോലോ ഒരുക്കിയത്.

കൃഷിയിലെ വണ്‍-സ്‌റ്റോപ് സൊലൂഷന്‍

കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത. കര്‍ഷകര്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, മതിയായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നതിനു പുറമേ മേഖലയില്‍ കൃത്യമായ ഗവേഷണ നിരീക്ഷണം നടത്തി വിപണി സാധ്യത വിലയിരുത്താനും വിപണന പ്ലാറ്റ്‌ഫോം ഒരുക്കാനും അഗ്രിബോലോ മുന്‍കൈയെടുക്കുന്നു. ഫാമുകളില്‍ നിന്നും നേരിട്ട് വിപണിയിലെത്താതെ മില്ലുകള്‍ വഴി പൊടിയോ ജ്യൂസാക്കിയോ മാറ്റേണ്ട ഉല്‍പ്പന്നങ്ങളിലും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി വിപണി ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ അഗ്രിബോലോ സഹായിക്കുന്നുണ്ട്. ഇതിനുപുറമെ ഭാവിയിലേക്ക് സംഭരിച്ചു വെക്കേണ്ട ഉല്‍പ്പന്നങ്ങള്‍ക്കായി സംഭരണശാലകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. കാര്‍ഷകരെ ശാക്തീകരിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ഒന്നാകെയുള്ള ശാക്തീകരണമാണ് ഇവരുടെ ലക്ഷ്യം.

കര്‍ഷകര്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, മതിയായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നതിനു പുറമേ മേഖലയില്‍ കൃത്യമായ ഗവേഷണ നിരീക്ഷണം നടത്തി വിപണി സാധ്യത വിലയിരുത്താനും വിപണന പ്ലാറ്റ്‌ഫോം ഒരുക്കാനും അഗ്രിബോലോ മുന്‍കൈയെടുക്കുന്നു.

അഗ്രിബോലോ കിസാന്‍ സേവാ കേന്ദ്ര

അഗ്രിബോലോ കിസാന്‍ സേവാ കേന്ദ്രയിലൂടെ ഒരു ഫ്രൈഞ്ചൈസി മാതൃകയിലാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. 250 ല്‍ പരം കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. 15-20 കിലോമീറ്റര്‍ പരിധിയിലുള്ള കര്‍ഷകര്‍ക്ക് ഈ ഷോപ്പില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും മറ്റ് ആവശ്യവസ്തുക്കള്‍ വാങ്ങാനുമുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ ഇവര്‍ക്കു തന്നെ ഡീലറുമാകാം. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നഴ്‌സറി വികസനം, വിത്തുല്‍പ്പാദനം, പാല്‍ ശേഖരണം, വിതരണം എന്നിവ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും ഇത്തരം ഫ്രാഞ്ചൈസികള്‍ വഴി നല്‍കാനും ഈ സംരംഭം സഹായിക്കുന്നു. ബാലാജിയുടെ അഭിപ്രായത്തില്‍ പ്രതിമാസം രണ്ടുലക്ഷം രൂപയോളം ഇത്തരം ഫ്രാഞ്ചൈസികള്‍ നേടുന്നുണ്ട്.

ഒരു പ്രദേശത്ത് ഒന്നാകെയുള്ള കര്‍ഷകര്‍ കൂടിച്ചേര്‍ന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ഫ്രാഞ്ചൈസികള്‍ വഴി വില്‍ക്കുന്നതു മൂലം സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്യുന്ന അനുഭവമാണ് ഓരോ കര്‍ഷകനും ലഭിക്കുന്നത്. മാത്രമല്ല, കൃഷി ചെയ്യുക എന്നതിലുപരി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ സാധ്യതകളെ കുറിച്ചും വിലയെ കുറിച്ചും കൃത്യമായി അവബോധവും ഉണ്ടാകും.

സംരംഭം കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ബാലാജിയും സംഘവും. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികളില്‍ നിന്നായി 6-8 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments