ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

സെന്‍സെക്‌സ് 351.56 പോയ്ന്റ് നഷ്ടത്തില്‍; നിഫ്റ്റി 1.14% ഇടിഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലും നേട്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. തുടക്ക വ്യാപാരത്തില്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരി സൂചികകള്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ പെട്ടെന്ന് നഷ്ടത്തിലേക്ക് പോകുകയായിരുന്നു. യുഎസില്‍ നിന്നുള്ള 106 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്ന ചൈനയുടെ പ്രഖ്യാപനവും തുടര്‍ന്ന് ഉയര്‍ന്നുവന്ന ആഗോള വ്യാപാരം സംബന്ധിച്ച പുതിയ ആശങ്കകളുമാണ് ഇന്ത്യന്‍ വിപണികളെ പിടിച്ചുകുലുക്കിയത്.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 351.56 പോയ്ന്റ് ഇടിഞ്ഞ് 33,019.07ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 116.60 പോയ്ന്റ് താഴ്ന്ന് 10,128.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 55.58 പോയ്ന്റ് ഉയര്‍ന്ന് 33,425.82 നേട്ടത്തിലും നിഫ്റ്റി 09.15 പോയ്ന്റ് ഉയര്‍ന്ന് 10,254.80ലും എത്തിയിരുന്നു. എന്നാല്‍, ഉച്ചയോടെ സെന്‍സെക്‌സ് 314 പോയ്ന്റും 106 പോയ്ന്റും ഇടിഞ്ഞു. രാവിലെ കരസ്ഥമാക്കിയ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 533 പോയ്ന്റ് വരെ താഴ്ന്നു.

സോയബീന്‍സ്, ഓട്ടോ, രാസവസ്തുക്കള്‍ തുടങ്ങി യുഎസില്‍ നിന്നുള്ള 100ല്‍ അധികം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഉച്ചയ്ക്കുശേഷം ഓഹരി വിപണികളില്‍ പ്രതിഫലിച്ചത്. ചൈനീസ് ചാനലായ സിസിടിവിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ നികുതി പ്രാബല്യത്തില്‍ വരുന്ന തീയതി ചൈന പിന്നീട് അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ പ്രധാന ഏഷ്യന്‍ വിപണികളിലെല്ലാം ചലനമുണ്ടാക്കി. ഹോങ്കോംഗ്, ദക്ഷിണ കൊറിയന്‍ വിപണികള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ ജപ്പാന്‍, ഓസ്‌ട്രേലിയന്‍ വിപണികളിൽ നേരിയമുന്നേറ്റമുണ്ടായി. ചൈനയുടെ പ്രധാന വിപണിയായ ഷാംഗ്ഹയ് കോപോസിറ്റ് സൂചിക 0.15 ശതമാനം ഇടിഞ്ഞ് 3,131.84 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം വാള്‍സ്ട്രീറ്റില്‍ നേട്ടം രേഖപ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐ യുടെ ആദ്യ ധന നയ യോഗം ആരംഭിച്ചതും നിക്ഷേപകര്‍ വിട്ടുനില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories