ലണ്ടന്‍: #MeToo പ്രചാരണം പോലെ, വേതന സമത്വത്തിനായും, ലിംഗം അടിസ്ഥാനമാക്കിയുള്ള ശമ്പള വ്യത്യാസം (gender pay gap) അവസാനിപ്പിക്കുവാനും ലേബര്‍ പാര്‍ട്ടി എംപി സ്റ്റെല്ലാ ക്രീസിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ഒരു കൂട്ടം വനിതാ എംപിമാര്‍ #PayMeToo എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന് ആരംഭിച്ചു. ലേബര്‍ പാര്‍ട്ടിക്കു പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടി എംപിമാരും പ്രചാരണത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ സ്ഥാപനങ്ങളില്‍ ലിംഗത്തിന്റെ പേരില്‍ ശമ്പളത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. #MeToo പ്രചാരണം വിജയിച്ചതാണ് ഇത്തരത്തിലൊരു പ്രചാരണം ആരംഭിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്. തൊഴിലിടങ്ങളില്‍ വേതന സമത്വത്തെ എങ്ങനെ മറികടക്കാമെന്ന കാര്യത്തില്‍ ഈ കൂട്ടായ്മ സ്ത്രീകളെ സഹായിക്കും. ഇതിനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുന്നതിനായി എല്ലാ സ്ത്രീ തൊഴിലാളികളോടും #PayMeToo സര്‍വേ പൂര്‍ത്തിയാക്കുവാനും അവ ഷെയര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുമുണ്ട്.
250 ജീവനക്കാരിലധികമുള്ള സ്വകാര്യ തൊഴില്‍സ്ഥാപനങ്ങള്‍ ഏപ്രില്‍ നാലാം തീയതിക്കുള്ളില്‍ സ്ത്രീ, പുരുഷ ജീവനക്കാര്‍ക്ക് ഓരോ മണിക്കൂറിലും നല്കുന്ന പ്രതിഫലത്തിലെ വ്യത്യാസത്തെ കുറിച്ച് അറിയിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതു സ്ഥാപനങ്ങളോട് ആറാം തീയതിക്കുള്ളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കവേയാണ് അതിനു മുന്നോടിയായി വേതന സമത്വത്തിനായി ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചത്.
ലേബര്‍ പാര്‍ട്ടി എംപി സെറ്റല്ലാ ക്രീസിക്കു പുറമേ, ജെസ് ഫിലിപ്പ്സ്, ലൂസി പവല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി നിക്കി മോര്ഗന്, ലിബറല്‍ ഡമൊക്രാറ്റ് പാര്‍ട്ടി എംപിമാരായ ജോ സ്വിന്‍സന്‍, ക്രിസ്റ്റീന്‍ ജാര്ഡിന്, ലെയ്ല മോറന്, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപി ഹനാ ബാര്ഡെല് തുടങ്ങിയവരും പ്രചാരണത്തിനായി രംഗത്തുണ്ട്.