ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ @ 42

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ @ 42

ഉത്പന്ന മികവിന് (product excellence) അളവ് കോല്‍ (benchmark) സ്ഥാപിച്ചത് ആപ്പിള്‍ എന്ന കമ്പനിയാണെന്നു നിസംശയം പറയാം. ഐ പാഡ്, ഐ ഫോണ്‍ പോലുള്ള നൂതന ഉത്പന്നങ്ങളുമായി ആപ്പിള്‍, ആധുനിക ലോകത്തിലെ വ്യവസായങ്ങളെ റീ ഷെയ്പ് ചെയ്‌തെടുത്തു. അതിലൂടെ നവീനമായൊരു മാറ്റം സമ്മാനിക്കുകയും ചെയ്തു.

കടക്കെണിയിലേക്കു നീങ്ങിയ ഒരു സ്റ്റാര്‍ട്ട് അപ്പ്, അതായിരുന്നു ഒരു കാലത്ത് ആപ്പിള്‍. പിന്നീട് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയെന്നതു ചരിത്രം. ടെക്‌നോളജിയിലൂടെയും, ഡിസൈനിലൂടെയും ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ 2018 ഏപ്രില്‍ ഒന്നിന് 42 വര്‍ഷം തികച്ചിരിക്കുന്നു. സ്വപ്‌നസമാനമായ ചരിത്രമാണ് ആപ്പിളിന്റേത്. 1976 ഏപ്രില്‍ ഒന്നിനാണ് ആപ്പിള്‍ സ്ഥാപിതമായത്. സ്റ്റീവ് വോസ്‌നിയാക്കിന്റെ Apple I പേഴ്‌സനല്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും വേണ്ടിയാണു സ്റ്റീവ് ജോബ്‌സിന്റെ ബാല്യകാലം ചെലവഴിച്ച വീട്ടിലെ ഗ്യാരേജില്‍ ആപ്പിള്‍ കമ്പനി സ്ഥാപിച്ചത്. സ്റ്റീവ് ജോബ്‌സും, സ്റ്റീവ് വോസ്‌നിയാക്കും, റൊണാള്‍ഡ് വെയ്‌നും ചേര്‍ന്നായിരുന്നു ആപ്പിള്‍ കമ്പനിക്കു തുടക്കമിട്ടത്. അക്കാലത്ത് ടെക്‌നോളജിയില്‍ അസാമാന്യ കഴിവുള്ളവനായിരുന്നു സ്റ്റീവ് വോസ്‌നിയാക്ക്. Apple I കമ്പ്യൂട്ടര്‍ വോസ്‌നിയാക്ക് ഒറ്റയ്ക്കാണു ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതും. 1976 ജുലൈയിലാണ് ആദ്യ Apple I കമ്പ്യൂട്ടര്‍ വില്‍പ്പന നടത്തിയത്. 1977 ജനുവരിയില്‍ കമ്പനിയുടെ പേര് Apple Computer,inc. എന്നാക്കുകയുണ്ടായി. ആപ്പിള്‍ കമ്പനി രൂപീകരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന റൊണാള്‍ഡ് വെയ്‌നിനു കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലായിരുന്നു. ഇദ്ദേഹം കമ്പനിയില്‍ ഉണ്ടായിരുന്ന ഓഹരികള്‍ വോസ്‌നിയാക്കിനും ജോബ്‌സിനും 800 ഡോളറിന് വില്‍പന നടത്തുകയും കമ്പനിയില്‍നിന്നും വിട്ടുപോവുകയും ചെയ്തു. കമ്പനി സ്ഥാപിച്ചത മായി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ഇങ്ങനെ ഓഹരി വിറ്റഴിച്ചത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കോടിക്കണക്കിനു മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറുമെന്നു മുന്‍കൂട്ടി കാണുവാനുള്ള ദീര്‍ഘവീക്ഷണം റൊണാള്‍ഡ് വെയ്‌നിന് ഇല്ലാതെ പോയി.

Apple II

1977 ഏപ്രില്‍ 16-നാണ് ആപ്പിളിന്റെ ആദ്യ പേഴ്‌സണല്‍ കമ്പ്യൂട്ടറായ Apple I ന്റെ പരിഷ്‌കരിച്ച പതിപ്പായ Apple II അവതരിപ്പിച്ചത്. ഈ രണ്ട് കമ്പ്യൂട്ടറുകളും വികസിപ്പിച്ചത് സ്റ്റീവ് വോസ്‌നിയാക്കായിരുന്നു. 1977 മുതല്‍ 1980 വരെ ആപ്പിളിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തി. ഇക്കാലയളവില്‍ കമ്പനിയെ സാമ്പത്തികമായി സഹായിച്ചതു കോടീശ്വരനായ മൈക്ക് മാര്‍ക്കുളയായിരുന്നു. ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുകയും വരുമാനം വര്‍ധിക്കുകയും ചെയ്തതോടെ കമ്പനിയില്‍ ജീവനക്കാരെ നിയമിക്കാന്‍ വോസ്‌നിയാക്കും ജോബ്‌സും തീരുമാനിച്ചു. അങ്ങനെ കമ്പ്യൂട്ടര്‍ ഡിസൈനര്‍മാരെ കമ്പനിയില്‍ നിയമിച്ചു. 1980-ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയുമുണ്ടായി.

പ്രതിസന്ധികളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി അതിജീവിക്കാനും പുതു ഉല്‍പ്പന്നങ്ങളിലൂടെ വിപണിയിലെ എതിരാളികളായ മറ്റു കമ്പനികളെ തങ്ങളുടെ നിഴല്‍ മാത്രമാക്കി നിര്‍ത്താനും ആപ്പിളിനു സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു സമാനതകളില്ലാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ആപ്പിള്‍ വിജയിച്ചു.

ഇക്കാലയളവില്‍ സ്റ്റീവ് ജോബ്‌സ് കാലിഫോര്‍ണിയയിലെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയായ സീറോക്‌സ് പാര്‍ക് സന്ദര്‍ശിക്കാനിടയായി. ഇതെര്‍നെറ്റ്, ലേസര്‍ പ്രിന്റിംഗ്, മോഡേണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (GUI) ആന്‍ഡ് ഡെസ്‌ക്‌ടോപ്പ് പാരാഡിം, ഒബ്ജറ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്, യൂബിക്വിറ്റസ് കമ്പ്യൂട്ടിംഗ്, അമോര്‍ഫസ് സിലിക്കണ്‍ (aSi) ആപ്ലിക്കേഷന്‍സ് ആന്‍ഡ് അഡ്വാന്‍സിംഗ് വെരി ലാര്‍ജ് സ്‌കെയില്‍ ഇന്റഗ്രേഷന്‍ (VLSI) ഫോര്‍ സെമി കണ്ടക്ടേര്‍സ് മുതലായവ വികസിപ്പി ച്ചെടുത്തതില്‍ സീറോക്‌സ് പാര്‍ക്കിനു വലിയ പങ്കുണ്ട്. ഭാവിയില്‍ എല്ലാ കമ്പ്യൂട്ടറുകളും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (GUI) ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നു സീറോക്‌സ് പാര്‍ക് സന്ദര്‍ശിച്ചതിനു ശേഷം ജോബ്‌സിനു മനസിലായി. ഇതേ തുടര്‍ന്ന് ആപ്പിളിലെ എന്‍ജിനീയര്‍മാര്‍ ഏഡക ഉപയോഗിച്ച് ആപ്പിള്‍ ലിസ എന്ന കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ തുടങ്ങി. 1983 ജനുവരി 19-ന് ആപ്പിള്‍ ലിസ കമ്പ്യൂട്ടര്‍ പുറത്തിറക്കി. പക്ഷേ ഈ കമ്പ്യൂട്ടര്‍ വന്‍ പരാജയമായിരുന്നു. ആപ്പിള്‍ ലിസയുടെ വെറും ഒരു ലക്ഷം യൂണിറ്റുകള്‍ മാത്രമാണു വിപണിയില്‍ വിറ്റഴിക്കാനായത്. 1984-ല്‍ പുറത്തിറക്കിയ മക്കിന്റോഷ് വന്‍ വിജയമായി മാറി. പ്രോഗ്രാമിംഗ് ലാംഗ്വേജ് ഇല്ലാത്ത ആദ്യ പേഴ്‌സണല്‍ കമ്പ്യൂട്ടറായിരുന്നു മക്കിന്റോഷ്. ഇതിനിടെ കമ്പനിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും സ്റ്റീവ് ജോബ്‌സ് രാജിവയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം NeXT Inc എന്ന സ്ഥാപനത്തിന് 1985-ല്‍ തുടക്കമിടുകയും ചെയ്തു. ആപ്പിളിലെ മുന്‍ എന്‍ജിനീയര്‍മാരും ജോബ്‌സിനൊപ്പം പുതിയ സംരംഭത്തില്‍ ചേര്‍ന്നു. ജോബ്‌സ് ആപ്പിള്‍ വിട്ടു പോയതിനു ശേഷമുള്ള 12 വര്‍ഷക്കാലത്തു കമ്പനിയുടെ നിലവിലുള്ള ഉത്പന്നങ്ങളില്‍ തന്നെയാണു കൂടുതല്‍ ശ്രദ്ധിച്ചത്. പിന്നെ പ്രീമിയം പ്രൈസ് വിഭാഗത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിലായിരുന്നു മൈക്രോസോഫ്റ്റ് വിന്‍ഡോസ് ജനകീയമായത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ ഐബിഎം സ്വാധീനം ഉറപ്പാക്കുകയും ചെയ്തു. വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ സ്റ്റീവ് ജോബ്‌സിനെയും അദ്ദേഹത്തിന്റെ NeXT നെയും തിരികെയെത്തിക്കണമെന്ന ചിന്ത ആപ്പിളിന്റെ നേതൃത്വത്തിനുണ്ടായി. അങ്ങനെ 1997-ല്‍ സ്റ്റീവ് ജോബ്‌സ് ആപ്പിളില്‍ തിരിച്ചെത്തി.

ജോബ്‌സിന്റെ രണ്ടാം വരവ്

ആപ്പിളില്‍ ജോബ്‌സ് തിരിച്ചെത്തിയതിനു ശേഷം പ്രൊഡക്റ്റ് ഡിസൈനറായി ജൊന്നാഥന്‍ ഐവിനെ നിയമിക്കുകയുണ്ടായി. ഇതിനു പുറമേ Macന് ഓഫീസ് പ്രൊഡക്റ്റിവിറ്റി ടൂളിനായി മൈക്രോസോഫ്റ്റുമായി ആപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. (ആപ്പിളിന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറാണ് Macintosh. ഇതിനെ Mac എന്നാണ് ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്). മക്കിന്റോഷിനപ്പുറത്തേയ്ക്കു കടന്ന് പ്രവര്‍ത്തിക്കുക എന്നതായിരുന്നു ജോബ്‌സിന്റെ ലക്ഷ്യം. ഈ ലക്ഷ്യമാണ് ഐ പോഡ്, ഐ ഫോണ്‍ തുടങ്ങിയവയിലൂടെ സ്റ്റീവ് ജോബ്‌സ് സാക്ഷാത്കരിച്ചത്. ഇന്നും കമ്പനിയുടെ ലാഭത്തിന്റെ 50 ശതമാനവും എത്തുന്നത് ഐ ഫോണ്‍ വില്‍പനയില്‍നിന്നാണ്. ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങളിലൂടെ നിരവധി വ്യവസായങ്ങളെ സ്റ്റീവ് ജോബ്‌സ് ഉടച്ചുവാര്‍ത്തു. ഇന്നു ഡിജിറ്റല്‍ യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കുകയെന്നതു വെല്ലുവിളിയായി തീര്‍ന്നിരിക്കുന്ന അവസരത്തിലാണ്, ആപ്പിളിന്റെ ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രാധാന്യം മനസിലാകുന്നത്. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിലും മികച്ച സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുന്നതിലും ആപ്പിളിന്റെ ഉത്പന്നങ്ങള്‍ ബഹുദൂരം മുന്നിലാണ്.

ആപ്പിള്‍ എന്ന കമ്പനി ആദ്യമായി പുറത്തിറക്കിയ കമ്പ്യൂട്ടര്‍ വോസ്‌നിയാക്ക് ഒറ്റയ്ക്കാണ് ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതുമെന്നതു പലര്‍ക്കും ഇന്ന് അറിവില്ലാത്ത കാര്യമാണ്. ആപ്പിളിന്റെ അറിയപ്പെടാത്ത നായകനാണു വോസ്‌നിയാക്ക്. ലോകത്തിനു വേണ്ടി കമ്പ്യൂട്ടിംഗിനെ രൂപപ്പെടുത്തി വോസ്‌നിയാക്ക്. ഇന്നും നാം ആശയവിനിമയം നടത്താനായി പിന്തുടരുന്നത് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത കമ്പ്യൂട്ടിംഗ് രീതിയാണെന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.

851 ബില്യന്‍ ഡോളര്‍ കമ്പനി

2011-ല്‍ സ്റ്റീവ് ജോബ്‌സ് വിടവാങ്ങിയതിനു ശേഷം ആപ്പിളിനെ ഇപ്പോള്‍ നയിക്കുന്നത് ടിം കുക്കാണ്. യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റായ നാസ്ഡാക്കില്‍നിന്നുള്ള ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ആപ്പിളിന്റെ വിപണി മൂല്യം 851 ബില്യന്‍ ഡോളറാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ആദ്യ ട്രില്യന്‍ ഡോളര്‍ കമ്പനിയെന്ന പദവിയിലേക്കുള്ള യാത്രയിലാണ് ആപ്പിള്‍. പ്രതിസന്ധികളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി അതിജീവിക്കാനും പുതു ഉല്‍പ്പന്നങ്ങളിലൂടെ വിപണിയിലെ എതിരാളികളായ മറ്റു കമ്പനികളെ തങ്ങളുടെ നിഴല്‍ മാത്രമാക്കി നിര്‍ത്താനും ആപ്പിളിനു സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു സമാനതകളില്ലാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ആപ്പിള്‍ വിജയിച്ചു. പ്രബലനായ സിഇഒ എന്ന നിലയില്‍ സ്റ്റീവ് ജോബ്‌സ് വഹിച്ച പങ്കാണ് ആപ്പിളിന്റെ ചരിത്രമെന്നത്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍നിന്നു കൊണ്ട്, അതുമല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവമേകുന്ന ഇന്നൊവേറ്റീവ് ആയ ഉത്പന്നങ്ങള്‍ സമ്മാനിക്കാന്‍ ജോബ്‌സ് ശ്രമിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. അത് സ്റ്റീവ് വോസ്‌നിയാക്കിന്റെ പങ്കാണ്. ആപ്പിള്‍ എന്ന കമ്പനി ആദ്യമായി പുറത്തിറക്കിയ കമ്പ്യൂട്ടര്‍ വോസ്‌നിയാക്ക് ഒറ്റയ്ക്കാണ് ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതുമെന്നതു പലര്‍ക്കും ഇന്ന് അറിവില്ലാത്ത കാര്യമാണ്. ആപ്പിളിന്റെ അറിയപ്പെടാത്ത നായകനാണു വോസ്‌നിയാക്ക്. ലോകത്തിനു വേണ്ടി കമ്പ്യൂട്ടിംഗിനെ രൂപപ്പെടുത്തി വോസ്‌നിയാക്ക്. ഇന്നും നാം ആശയവിനിമയം നടത്താനായി പിന്തുടരുന്നത് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത കമ്പ്യൂട്ടിംഗ് രീതിയാണെന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.

സ്റ്റീവ് വോസ്‌നിയാക്ക്

ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചത് സ്റ്റീവ് വോസ്‌നിയാക്കും, സ്റ്റീവ് ജോബ്‌സും, റൊണാള്‍ഡ് വെയ്‌നും ചേര്‍ന്നാണ്.1950-ല്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ജനനം.ഹ്യൂലറ്റ് പക്കാര്‍ഡിനു വേണ്ടി വോസ്‌നിയാക്ക് കാല്‍ക്കുലേറ്റര്‍ ചിപ്പുകള്‍ ഡിസൈന്‍ ചെയ്തിരുന്നു. ആപ്പിള്‍ 1 എന്ന കമ്പ്യൂട്ടര്‍ രൂപ കല്പ്പന ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് വോസ്‌നിയാക്ക് ആയിരുന്നു. ഇതാണ് പിന്നീട് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വഴി തെളിച്ചതും. ആപ്പിള്‍ II, മക്കിന്റോഷ് എന്നീ ഉത്പ്പന്നങ്ങളിലും വോസ്‌നിയാക്കിന്റെ സംഭാവനകള്‍ ഉണ്ട്. 1985-ല്‍ വോസ്‌നിയാക്ക് ആപ്പിള്‍ കമ്പനി വിട്ടു. സിഎല്‍-9 എന്ന കമ്പനിക്കു തുടക്കമിട്ടു. ആദ്യത്തെ യൂണിവേഴ്‌സല്‍ റിമോട്ട് സൃഷ്ടിച്ചു. ഇപ്പോള്‍ ഡാറ്റ വെര്‍ച്വലൈസേഷന്‍ കമ്പനിയില്‍ ചീഫ് സയന്റിസ്റ്റായി തുടരുന്നു. പേരിനു മാത്രം (ceremonial capacity) ആപ്പിള്‍ കമ്പനിയില്‍ ജീവനക്കാരനായി ഇപ്പോഴും തുടരുന്നുണ്ട്.

 

സ്റ്റീവ് ജോബ്‌സ്

ആപ്പിളിന്റെ സഹസ്ഥാപകനും, മുന്‍ സിഇഒയുമായിരുന്നു സ്റ്റീവന്‍ പോള്‍ ജോബ്‌സ് എന്ന സ്റ്റീവ് ജോബ്‌സ്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ 1955 ഫെബ്രുവരി 24-നാണു ജനിച്ചത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ജനകീയമാക്കിയതും, ആപ്പിള്‍ കമ്പനിയുടെ തുടക്ക കാലത്ത് കടക്കെണിയിലകപ്പെട്ടപ്പോള്‍, കമ്പനിയെ രക്ഷിച്ചെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചതും സ്റ്റീവ് ജോബ്‌സ് ആയിരുന്നു. 2011 ഒക്ടോബര്‍ അഞ്ചിന് 56-ാം വയസില്‍ അന്തരിച്ചു.

 

റൊണാള്‍ഡ് വെയ്ന്‍

ആപ്പിളിന്റെ സഹസ്ഥാപകരിലൊരാള്‍. ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഒഹിയോയിലെ ക്ലീവ് ലാന്‍ഡില്‍ 1934 മെയ് മാസത്തില്‍ ജനനം. ആപ്പിള്‍ കമ്പനിക്കു തുടക്കമിട്ടത് സ്റ്റീവ് വോസനിയാക്കും, ജോബ്‌സും, വെയ്‌നും ചേര്‍ന്നായിരുന്നെങ്കിലും ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിനല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് 800 ഡോളറിന് കമ്പനിയിലുള്ള ഓഹരി വെയ്ന്‍, ജോബ്‌സിനും, വോസ്‌നിയാക്കിനും വിറ്റു. കമ്പനിയില്‍ വെയ്ന്‍ 10 ശതമാനം ഓഹരി സൂക്ഷിച്ചിരുന്നെങ്കില്‍ 2018 മാര്‍ച്ച് മാസത്തെ കണക്ക്പ്രകാരം വെയ്‌നിന് 84 ബില്യന്‍ ഡോളറിന്റെ ഓഹരി കൈവശമുണ്ടാകുമായിരുന്നു.

Comments

comments

Categories: FK Special, Slider