ഇന്ത്യയുടെ കാമധേനു : അമുല്‍ ബ്രാന്റിന്റെ വിറ്റുവരവ് 41,000 കോടി

ഇന്ത്യയുടെ കാമധേനു : അമുല്‍ ബ്രാന്റിന്റെ വിറ്റുവരവ് 41,000 കോടി

2020-21ല്‍ 50,000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് സഹകരണ സംഘം

ഗാന്ധിനഗര്‍: മാര്‍ച്ചില്‍ അവസാനിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കീഴിലുള്ള ജനപ്രിയ ക്ഷീര, ക്ഷീരോല്‍പ്പന്ന ബ്രാന്റായ അമുലിന്റെ വിറ്റുവരവ് 17 ശതമാനത്തിലേറെ വര്‍ധിച്ച് 41,000 കോടി രൂപയിലെത്തി. ബ്രാന്റഡ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാല്‍ക്കട്ടി, വെണ്ണ, പാല്‍, ബവ്‌റിജസ്, പനീര്‍, ക്രീം, മോര്, തൈര് എന്നീ ഉല്‍പ്പന്നങ്ങളില്‍ 20-40 ശതമാനം വരെ വളര്‍ച്ചയുണ്ടായി. തൈര്-മോര് വിഭാഗത്തില്‍ 50 ശതമാനമാണ് വളര്‍ച്ച. പാല്‍ക്കട്ടി, പാല്‍ അടിസ്ഥാനമാക്കിയ പാനീയങ്ങള്‍ എന്നിവയുടെ വളര്‍ച്ച 30 ശതമാനമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ അമുല്‍ ബ്രാന്റിന്റെ വിറ്റുവരവ് 35,000 കോടി രൂപയായിരുന്നു.

അതേസമയം ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പരമ്പരാഗത ഉല്‍പന്നങ്ങളുടെ വില്‍പന 10 ശതമാനത്തോളം ഇടിഞ്ഞു. ജിസിഎംഎംഎഫിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ താല്‍ക്കാലിക വിറ്റുവരവ് 29,220 കോടി രൂപയാണ്. ആഗോള തലത്തിലുണ്ടായ പാല്‍പ്പൊടിയുടെ വിലക്കുറവാണ് ഇതിന് കാരണം. മുന്‍പ് കിലോക്ക് 225 രൂപക്ക് വിറ്റിരുന്ന പാല്‍പ്പൊടി 140-150 രൂപക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. 2016-17 സാമ്പത്തിക വര്‍ഷം 18 ശതമാനം വളര്‍ച്ചയോടെ 27,043 കോടി രൂപയായിരുന്നു വിറ്റുവരവ്.

കാര്യക്ഷമമായ പാല്‍ സംഭരണം, വിപണിയിലെ തുടര്‍ച്ചയായ വിപുലീകരണം, പുതിയ ഉല്‍പ്പന്നങ്ങള്‍, പാല്‍ സംസ്‌കരണ ശേഷി കൂട്ടല്‍ തുടങ്ങിയ നടപടികളിലൂടെ കഴിഞ്ഞ എട്ട് വര്‍ഷമായി അമുല്‍ ഫെഡറേഷന്‍ 18 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. അമുലിന്റെ ഏറ്റവുമധികം വിറ്റുവരവുള്ള ഉല്‍പ്പന്നമാണ് പാക്കറ്റ് പാല്‍. കവര്‍ പാല്‍ വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്ന് അമുല്‍ മാനേജിംഗ് ഡയറക്റ്റര്‍ ആര്‍ എസ് സോധി പറഞ്ഞു. ചരക്ക് സേവന നികുതി വ്യാപാരത്തിന് ഗുണം ചെയ്തു. 2020-21 ആവുമ്പോഴേക്കും 50,000 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കാന്‍ അമുല്‍ ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും സോധി വ്യക്തമാക്കി.

തൈര്-മോര് വിഭാഗത്തില്‍ 50 ശതമാനമാണ് വളര്‍ച്ച. പാല്‍ക്കട്ടി, പാല്‍ അടിസ്ഥാനമാക്കിയ പാനീയങ്ങള്‍ എന്നിവയുടെ വളര്‍ച്ച 30 ശതമാനമാണ്.

അമുല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള വളര്‍ച്ചയും ഭാവിയിലെ വിപണന ശ്രമങ്ങളുടേയും അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തോളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമുല്‍ ചെയര്‍മാന്‍ രാംസിംഹ് പി പര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ പ്രതിദിനം 320 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കുന്നത് വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 380-400 ലക്ഷം വരെയാക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ 18,700 ഗ്രാമങ്ങളിലെ 36 ലക്ഷത്തിലധികം ക്ഷീര കര്‍ഷകരില്‍ നിന്നായി അമുല്‍ ഫെഡറേഷനിലെ പതിനെട്ട് യൂണിയനുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 211 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്. അമുല്‍ ലാഭമായി നേടുന്ന ഓരോ രൂപയില്‍ നിന്നും 80-85 പൈസ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

Comments

comments

Categories: Business & Economy