ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കാന്‍ ആമസോണ്‍ സന്നദ്ധത പ്രകടിപ്പിച്ചേക്കും

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കാന്‍ ആമസോണ്‍ സന്നദ്ധത പ്രകടിപ്പിച്ചേക്കും

വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയും വിപണിയില്‍ തങ്ങളുടെ മുഖ്യ എതിരാളിയുമായ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നതിനുള്ള വാഗ്ദാനവുമായി ആമസോണ്‍ മൂന്നോട്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള അവസരം തേടികൊണ്ട് ആമസോണ്‍ നേരത്തെതന്നെ കമ്പനിയുമായി ചര്‍ച്ച നടത്തിയതായാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

യുഎസ് ബഹുരാഷ്ട്ര റീട്ടെയ്ല്‍ കോര്‍പ്പറേഷനായ വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട്. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് വാള്‍മാര്‍ട്ട് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ടുമായുള്ള കരാറില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ഇതിനിടെയാണ് ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കാന്‍ കമ്പനിയുടെ മുഖ്യ എതിരാളി കൂടിയായ ആമസോണ്‍ ശ്രമിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടോ ആമസോണോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജപ്പാന്‍ ടെക് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ നിന്നും 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ട് നേടിയിരുന്നു. ഇത് കമ്പനിയുടെ മൂല്യം 14 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തി. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളിപ്കാര്‍ട്ട് ഇതുവരെയുള്ള കാലയളവില്‍ ആറ് ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് സമാഹരിച്ചത്. സ്വന്തം പേരിലുള്ള പ്ലാറ്റ്‌ഫോമിനുപുറമെ മിന്ത്ര, ജബോംഗ്, ഇബേ ഇന്ത്യ തുടങ്ങിയ ഫാഷന്‍ ബിസിനസുകളും ഫോണ്‍പേ എന്ന മൊബീല്‍ പേമെന്റ് സംരംഭവും ഫഌപ്കാര്‍ട്ടിന് കീഴിലുണ്ട്.
ആഗോള ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും ആകര്‍ഷണീയമായ ആസ്തികളിലൊന്നായാണ് ഫ്‌ളിപ്കാര്‍ട്ട് കണക്കാക്കപ്പെടുന്നത്.

2016ല്‍ ആമസോണുമായുള്ള മത്സരത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി കമ്പനിയില്‍ തിരിച്ചെത്തിയതോടെ ബിസിനസില്‍ വീണ്ടും മാറ്റങ്ങളുണ്ടായി. ആമസോണ്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ 18 മാസം മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിനുള്ളത്. 20 ബില്യണ്‍ ഡോളറിലധികം മൂല്യം വില്‍പ്പനയില്‍ ലഭിക്കാവുന്ന തരത്തില്‍ കമ്പനി വളര്‍ന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ ആമസോണും വാള്‍മാര്‍ട്ടും മാത്രമല്ല ഉള്ളത്. ടെക് ഭീമന്‍ ഗൂഗിളും ഫഌപ്കാര്‍ട്ടില്‍ 15 മുതല്‍ 16 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫഌപ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം കമ്പനിയിലെ ഭൂരിപക്ഷ ഓഹരി ഉടമയായ ടൈഗര്‍ ഗ്ലോബലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Comments

comments

Categories: Business & Economy