ആമസോണ്‍ ബിസിനസ് ബി2ബി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം ആരംഭിച്ചു

ആമസോണ്‍ ബിസിനസ് ബി2ബി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ബിസിനസ് വിഭാഗമായ ആമസോണ്‍ ബിസിനസ് തങ്ങളുടെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയില്‍ ബി2ബി(ബിസിനസ് ടു ബിസിനസ്) സെല്ലിംഗ് സേവനം ആരംഭിച്ചു. ഇതു വഴി ഇന്ത്യയിലെ വില്‍പ്പനക്കാര്‍ക്ക് ഇന്ത്യക്കു പുറത്തുള്ള ബിസിനസ് ഉപഭോക്താക്കളുമായി വില്‍പ്പന ഇടപാടുകള്‍ നടത്താന്‍ കഴിയും. ഏഴു മാസം മുമ്പ് പരീക്ഷണാര്‍ത്ഥത്തില്‍ ആരംഭിച്ച ബി2ബി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ 2,000 വില്‍പ്പനക്കാര്‍ ഭാഗമായിരുന്നു. ഇപ്പോള്‍ മൂന്നു ലക്ഷം വില്‍പ്പനക്കാരാണ് ഈ പ്രോഗ്രാമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ഇന്ത്യയെ കൂടാതെ പുറത്ത് യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍ വിപണികളിലാണ് നിലവില്‍ ആമസോണിന്റെ ബി2ബി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം നിലവിലുള്ളത്.

ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം വില്‍പ്പനക്കാരെ ഫോര്‍ച്യൂണ്‍ മാഗസിന്റെ ഫോര്‍ച്യൂണ്‍ 500 കമ്പനി പട്ടികയില്‍ ഉള്‍പ്പെടുന്ന ആഗോളതലത്തിലുള്ള ഇടത്തരവും ചെറുതുമായ കോര്‍പ്പറേഷനുകളുടെ നേതാക്കളുടെ മുന്നിലെത്തിക്കുമെന്ന് ആമസോണ്‍ ബി2ബി വിപണി വൈസ് പ്രസിഡന്റ് പീയുഷ് നഹാര്‍ പറഞ്ഞു. വലിയ അളവിലുള്ള ഓര്‍ഡറുകള്‍ക്ക് ഡിസ്‌ക്കൗണ്ട്, അതിര്‍ത്തി കടന്നുള്ള പേമെന്റ്‌സ്, സംഭരണ പ്രക്രിയ, ഫുള്‍ഫില്‍മെന്റ് സര്‍വീസ് തുടങ്ങിയ സേവനങ്ങളും ആനുകൂല്യങ്ങളും വില്‍പ്പനക്കാര്‍ക്ക് ആമസോണ്‍ നല്‍കും. വില്‍പ്പനയെ അടിസ്ഥാനമാക്കി വിവിധ ആമസോണും വില്‍പ്പനക്കാരും തമ്മില്‍ വരുമാനം പങ്കുവെക്കുന്നതിന് വിവിധ മാതൃകളും ആമസോണ്‍ വില്‍പ്പനക്കാര്‍ക്കായി നല്‍കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

2015 ല്‍ ആമസോണ്‍ ബി2സി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം ആരംഭിച്ചിരുന്നു. പ്രസ്തുത പ്രോഗ്രാമില്‍ നിലവില്‍ 32,000 ഇന്ത്യന്‍ വില്‍പ്പനക്കാര്‍ അംഗങ്ങളാണ്. ഇതു വഴി ആഗോളതലത്തിലുള്ള പത്തോളം വിപണികളില്‍ 90 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ കച്ചവടക്കാര്‍ എത്തിക്കുന്നത്.

Comments

comments

Categories: Business & Economy