സ്വവര്‍ഗ പ്രേമികള്‍ക്കായി വിവാഹ ബ്യൂറോ

സ്വവര്‍ഗ പ്രേമികള്‍ക്കായി വിവാഹ ബ്യൂറോ

ഗേ, ലെസ്ബിയന്‍ വിവാഹങ്ങള്‍ കുടുംബങ്ങളുടെ പിന്തുണയോടെ നടത്തപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് ഗുജറാത്ത് ആസ്ഥാനമായ അറൈഞ്ച്ഡ് ഗേ മാര്യേജ് (എജിഎം) ബ്യൂറോ

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ചു ഒരു കുടുംബമായി ജീവിക്കാനുള്ള തുടക്കമാണ് വിവാഹം കൊണ്ട് നാം കാലങ്ങളായി കരുതിപോരുന്നത്. എന്നാല്‍ ഇത് മാത്രമല്ല വിവാഹം എന്ന പൊതുവായ ചിന്ത ഉടലെടുത്തിട്ട് ഒന്നര ദശാബ്ദത്തിലേറെയായി. കൃത്യമായി പറഞ്ഞാല്‍ 2000ല്‍ നെതര്‍ലന്‍ഡില്‍ ആദ്യമായി സ്വവര്‍ഗ വിവാഹം നിയാമാനുസൃതമാക്കിയപ്പോള്‍ മുതല്‍ വിവാഹത്തിന്റെ നിര്‍വചനം തന്നെ പൊളിച്ചെഴുതേണ്ടി വന്നു എന്നതാണ് വാസ്തവം. ലോകത്തില്‍ സ്ത്രീയും പുരുഷനും മാത്രമല്ല, സ്ത്രീകള്‍ തമ്മിലും പുരുഷന്‍മാര്‍ തമ്മില്‍ പരസ്പര സമ്മതപ്രകാരം വിവാഹം കഴിക്കാം. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയിട്ടില്ലെങ്കിലും ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ ഒരു വിവാഹ ബ്യൂറോയുണ്ട്. ഗുജറാത്ത് സ്വദേശിനിയായ ഉര്‍വി ഷാ ശ്രദ്ധേയമാകുന്നതും ഇതു വഴിയാണ്. 2016ല്‍ യുഎസില്‍ സ്ഥിരതാമസക്കാരനായ ബേനൂര്‍ സാംസണ്‍ തുടക്കമിട്ട അറൈഞ്ച്ഡ് ഗേ മാര്യേജ് (എജിഎം) എന്ന ഈ വിവാഹ ബ്യൂറോയ്ക്ക് ഇന്ന് ചുക്കാന്‍ പിടിക്കുന്നത് ഈ ഇരുപത്തിനാലുകാരിയാണ്.

ഇരു കുടുംബങ്ങളും ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന വിവാഹത്തെ പാടെ തള്ളിക്കളയാന്‍ ഇന്ത്യന്‍ സമൂഹം എത്ര പുരോഗമനപരമായി ചിന്തിച്ചാലും പൂര്‍ണമായി സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് സ്വവര്‍ഗ  പ്രേമികള്‍ക്കായി ഇത്തരത്തില്‍ ഒരു ആലോചിച്ച് ഉറപ്പിച്ച പരമ്പരാഗത രീതിക്ക് അനുസൃതമായി നടക്കുന്ന വിവാഹ ബ്യൂറോ രൂപീകരിക്കപ്പെട്ടത്. സ്ഥാപനം തുടങ്ങി രണ്ടു വര്‍ഷംകൊണ്ട് 1550 ല്‍ പരം ഉപഭോക്താക്കളുള്ള ഈ വിവാഹ ബ്യൂറോ ഇതിനോടകം തന്നെ ഇരുപത്തിയാറോളം വിവാഹങ്ങള്‍ നടത്തിക്കഴിഞ്ഞു.

അറൈഞ്ച്ഡ് ഗേ മാര്യേജ് എന്ന വിവാഹ ബ്യൂറോയില്‍ നിയമാനുസൃത വിവാഹമല്ല, മറിച്ച് രണ്ട് വ്യക്തികളുടെ ആശയങ്ങളെ മാനിക്കുന്നതിനൊപ്പം അവരുടെ പ്രതിബദ്ധതയുടെ മൂല്യം സംരംക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഗേ, ലെസ്ബിയന്‍ വിവാഹങ്ങള്‍ക്കായുള്ള പ്ലാറ്റ്‌ഫോമാണ് എജിഎമ്മില്‍ ഉര്‍വി ഒരുക്കിയിരിക്കുന്നത്.

പരസ്പര സ്‌നേഹത്തിന് പിന്തുണ

2017 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വിവാഹ ബ്യൂറോ ഹിന്ദു മതാചാരം അനുസരിച്ചുള്ള 26 വിവാഹങ്ങള്‍ നടത്തി. ഏകദേശം 39 പേര്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ തങ്ങള്‍ക്കിണങ്ങുന്ന പങ്കാളികളെ കണ്ടെത്തി സമൂഹത്തിന്റെ മതത്തിന്റെയും കെട്ടുപാടുകളില്‍ പെട്ടുപോകാതെ ഒന്നിച്ചു ജീവിക്കുന്നു. ഡേറ്റിംഗിനായി കാത്തിരിക്കുന്നവരുടെ നിരയും ഏറെയാണ്. സ്വവര്‍ഗ പ്രേമികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിനു പകരം അവര്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളിലും ഈ വിവാഹ ബ്യുറോ ഭാഗമാകുന്നുണ്ട്. കാലം മാറുന്തോറും സമൂഹത്തെ ഭയക്കാതെ തങ്ങളുടെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് വിവാഹതിരാകാന്‍ ശ്രമിക്കുന്ന സ്വവര്‍ഗ പ്രേമികളുടെ എണ്ണം അനുദിനം കൂടി വരുന്നുണ്ട് എന്ന വസ്തുത മേഖലയില്‍ നിന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ക്കും അടിവരയിടുന്നു.

സ്വവര്‍ഗ ജോഡികളുടെ വിവാഹത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന യാതൊരുവിധ നിയമങ്ങളും ഇന്ത്യയില്‍ നിലവിലില്ല. അതുകൊണ്ടുതന്നെ കൃത്യമായി പറഞ്ഞാല്‍ ഈ വിവാഹം നിയമാനുസൃതമല്ല ഒപ്പം നിയമവിരുദ്ധവുമല്ല എന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വവര്‍ഗ വിവാഹത്തിനായുള്ള ഈ വിവാഹ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളുടെ സാധുതയും ഈ രീതിയിലാണ് നടന്നുപോരുന്നത്

എജിഎമ്മിന്റെ കണക്കുകള്‍ പ്രകാരം ബ്യൂറോയിലെ ഉപഭോക്താക്കളില്‍ 75 ശതമാനം ആളുകളും ഇന്ത്യാക്കാരാണ്. മെട്രൊപ്പൊളിറ്റന്‍ നഗരങ്ങളായ ഡെല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള പുരുഷന്‍മാരാണ് ഇവരില്‍ കൂടുതലും. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ തന്നെ. 24 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ ബ്യൂറോയുടെ ലിസ്റ്റിലുണ്ടെന്നും ഉര്‍വി പറയുന്നു.

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന രാജ്യങ്ങള്‍ കൂടുന്നു

സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യങ്ങള്‍ നിരവധിയുണ്ട്. ലോകത്താകെ 23 ഓളം രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് ഇതിനോടകം നിയസാധുത നല്‍കിയിരിക്കുന്നു. ഏറ്റവും അടുത്ത കാലത്തായി ഓസ്‌ട്രേലിയ ആണ് ഇത്തരം വിവാഹങ്ങളോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ച രാജ്യം. 23 രാജ്യങ്ങളില്‍ തന്നെ യുകെയിലും മെക്‌സിക്കോയിലും ചിലയിടങ്ങളില്‍ ഇതിനു സാധുത ഇനിയും കൈവന്നിട്ടില്ല. സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത അഭിപ്രായ വോട്ടെടുപ്പിലൂടെ നടപ്പിലാക്കിയ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്. 1993 വരെ സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമായി കരുതിയിരുന്ന രാജ്യമായിരുന്നു ഇത്. ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് പൗരപങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിനുള്ള അനുമതി 2011ല്‍ തന്നെ അയര്‍ലന്‍ഡ് നല്‍കിയിരുന്നു. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞ് നിരവധി ആളുകള്‍ ഇതിനെ എതിര്‍ത്തെങ്കിലും യുവജനത രേഖപ്പെടുത്തിയ അനുകൂല വോട്ടിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയത്.

സ്വവര്‍ഗ അനുരാഗം ഒരു വ്യക്തിയുടെ മാനസിക പ്രശ്‌നമായി വിലയിരുത്ത സമൂഹമാണ് ഏറെയും. അതില്‍ ചിലതൊക്കെ അത്തരത്തില്‍ അംഗീകരിക്കപ്പെട്ടതിനാലാണ് സമൂഹം പലപ്പോഴും ഇത്തരക്കാരെ കളിയാക്കാനും മാനസിക രോഗിയായി മുദ്രകുത്താനും കാരണം. എന്നാല്‍ എല്ലാ സ്വവര്‍ഗപ്രേമികളും അങ്ങനെയല്ലെന്നു മെഡിക്കല്‍ ലോകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരേ ലിംഗത്തില്‍ പെട്ട വ്യക്തിയോട് തോന്നുന്ന അനുരാഗം ഒരു വ്യക്തി സ്വയം തെരഞ്ഞെടുക്കുന്ന ഒന്നല്ല, മറിച്ച് അത് അവരില്‍ ജന്മനാ സൃഷ്ടിക്കപ്പെടുന്നതും കൂടിയാണ്. അത്തരം ആളുകളെ കുറ്റപ്പെടുത്തുന്നതിനും പകരം അവര്‍ക്കൊപ്പം നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. 1992ല്‍ ലോകാരോഗ്യ സംഘടന മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും സ്വവര്‍ഗ ലൈംഗികതയെ ഒഴിവാക്കിയിരുന്നു. 1994ല്‍ യുകെ സര്‍ക്കാരും ഇപ്രകാരം ചെയ്യുകയുണ്ടായി. 1999 ല്‍ റഷ്യന്‍ ആരോഗ്യ മന്ത്രാലയവും 2007ല്‍ ചൈനീസ് സൊസൈറ്റി ഓഫ് സൈക്യാട്രിയും ഈ നടപടിക്കു പിന്തുണയേകി. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ആദ്യ തെക്കന്‍ ഏഷ്യന്‍ രാജ്യമാണ് നേപ്പാള്‍.

സ്വവര്‍ഗ ലൈംഗികത ഇന്ത്യയില്‍

സ്വവര്‍ഗ ലൈംഗികത കുറ്റകരമെന്നു പറയുമ്പോഴും ഇന്ത്യയില്‍ സമാന സ്വഭാവത്തിലുള്ള വിവാഹത്തെ സാധൂകരിക്കുകയോ നിരോധിക്കുകയോ ചെയ്യുന്ന കൃത്യമായ നിയമം ഇല്ല എന്നതാണ് ശരി. ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം ഒരു പുരുഷനോ സ്ത്രീക്കോ മൃഗങ്ങള്‍ക്കോ എതിരെ പ്രകൃതി അനുശാസിക്കുന്ന വിധമല്ലാതെ നടത്തുന്ന ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണ്. 2009ല്‍ ഡെല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്നു വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2013ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ലൈംഗിക ന്യൂനപക്ഷവാദികളും നാസ് ഫൗണ്ടേഷനും ചേര്‍ന്നാണ് സെക്ഷന്‍ 377 ന് എതിരെ ഹര്‍ജി നല്‍കിയിരുന്നത്. നിയമം ഭേദഗതി ചെയ്യാനോ പിന്‍വലിക്കാനോ ഉള്ള അവകാശം പാര്‍ലമെന്റിനാണെന്നും സുപ്രീംകോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. 2017 ഓഗസ്റ്റ് 24 ന് സുപ്രീംകോടതിയിലെ ഒന്‍പതംഗ ബെഞ്ച് സ്വകാര്യത മൗലിക അവകാശമാണെന്നു ഉറപ്പ് വരുത്തിയതോടെ ഐപിസി 377 ഉം സ്വവര്‍ഗ ലൈംഗികതയും സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്ത്യയിലെ പരമ്പരാഗത വാദികളും മതപക്ഷവാദികളും ഇന്നും സ്വവര്‍ഗ വിവാഹത്തെയും സ്വവര്‍പ്രേമത്തെയും പുച്ഛിച്ചു തള്ളിയിരിക്കുകയാണ്. എന്നാല്‍ കാലക്രമേണ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരുടെ എണ്ണം ആധുനിക തലമുറയില്‍ ഏറി വരുന്നുണ്ട്.

സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിഎം ഭാവിയില്‍ ഉര്‍വിയുടെ സ്വദേശമായ അഹമ്മദാബാദിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിവാഹ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനൊപ്പം കുടുംബത്തിന് ആവശ്യമായ കൗണ്‍സിലിംഗും മറ്റും നല്‍കാനും ഈ ബ്യൂറോ മുന്‍കൈയെടുക്കുന്നുണ്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ മകന് അനുയോജ്യനായ വരനെ അന്വേഷിച്ച് ഒരമ്മ നല്‍കിയ പരസ്യം ഇന്ത്യയില്‍ സൃഷ്ടിച്ച കോലാഹാലം ചെറുതായിരുന്നില്ല. മിക്ക പത്രങ്ങളും പരസ്യം പ്രസിദ്ധീകരിക്കാന്‍ മടിച്ചപ്പോള്‍ മിഡ് ഡേ എന്ന ടാബ്ലോയ്ഡ് പത്രമാണ് അന്നത് പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പരസ്യമായിരുന്നു അത്. സ്വവര്‍ഗ ജോഡികളുടെ വിവാഹത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന യാതൊരുവിധ നിയമങ്ങളും ഇന്ത്യയില്‍ നിലവിലില്ല. അതുകൊണ്ടുതന്നെ കൃത്യമായി പറഞ്ഞാല്‍ ഈ വിവാഹം നിയമാനുസൃതമല്ല ഒപ്പം നിയമവിരുദ്ധവുമല്ല എന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വവര്‍ഗ വിവാഹത്തിനായുള്ള ഈ വിവാഹ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളുടെ സാധുതയും ഈ രീതിയിലാണ് നടന്നുപോരുന്നത്. സ്വവര്‍ഗ പ്രേമികള്‍ക്ക് ഇവിടെ വിവാഹിതാകാം. ഹിന്ദു, ക്രിസ്ത്യന്‍, മറ്റ് ഏതു മതമായാലും അവരുടെ ആചാരപ്രകാരം പങ്കാളികളെ തെരഞ്ഞെടുത്ത് വിവാഹം കഴിക്കാനുള്ള സൗകര്യം ഞങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ അതു സംബന്ധമായ മറ്റ് അവകാശങ്ങളോ ലഭിക്കുന്നില്ല- ഉര്‍വി ഷാ പറയുന്നു.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം

എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ബിരുദധാരിയായ ഉര്‍വി ഷാ തന്റെ ഇരുപത്തിമൂന്നാം വയസിലാണ് എജിഎമ്മിലേക്ക് എത്തുന്നത്. അവസാന വര്‍ഷ പ്രൊജക്റ്റില്‍ ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിഷയം കൈകാര്യം ചെയ്തതോടെയാണ് ഉര്‍വി ഇത്തരക്കാരുടെ പ്രശ്‌നങ്ങളിലേക്ക് കൂടുതലായി ഇടപെടുന്നതും എജിഎമ്മിന്റെ ഭാഗമായതും. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായ ലക്ഷ്മി നാരായണ്‍ ത്രിപതിയാണ് ഇക്കാര്യത്തില്‍ ഉര്‍വിയെ ഏറെ സ്വാധിനിച്ച വ്യക്തി. ഭരതനാട്യം നര്‍ത്തകിയും ഹിന്ദി സിനിമാ നടിയും മായ ലക്ഷ്മി 2008ല്‍ ഏഷ്യാപസഫിക്കിനെ പ്രതിനിധീകരിച്ച് യുഎന്നിലെത്തിയ ആദ്യ ഭിന്നലിംഗക്കാരി കൂടിയാണ്.

സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിഎം ഭാവിയില്‍ ഉര്‍വിയുടെ സ്വദേശമായ അഹമ്മദാബാദിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിവാഹ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനൊപ്പം കുടുംബത്തിന് ആവശ്യമായ കൗണ്‍സിലിംഗും മറ്റും നല്‍കാനും ഈ ബ്യൂറോ മുന്‍കൈയെടുക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider