ടിവിഎസ് വില്‍പ്പന 17.8 ശതമാനം വര്‍ധിച്ചു

ടിവിഎസ് വില്‍പ്പന 17.8 ശതമാനം വര്‍ധിച്ചു

2017-18 ല്‍ 33.67 ലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017-18 ല്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പ്പന 17.8 ശതമാനം വര്‍ധിച്ചു. 2016-17 ല്‍ 28.58 ലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ടിവിഎസ് വിറ്റതെങ്കില്‍ 2017-18 ല്‍ 33.67 ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ കഴിഞ്ഞു. എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍, അപ്പാച്ചെ ആര്‍ആര്‍ 310, പരിഷ്‌കരിച്ച അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എന്നീ ഇരുചക്രവാഹനങ്ങളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയിലെത്തിച്ചത്.

മൂന്നുചക്രവാഹന വില്‍പ്പനയില്‍ 42.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടിവിഎസ് കൈവരിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം 0.69 ലക്ഷം യൂണിറ്റ് മൂന്നുചക്രവാഹനങ്ങളാണ് വിറ്റതെങ്കില്‍ 2017-18 ല്‍ 0.99 യൂണിറ്റ് മൂന്നുചക്രവാഹനങ്ങള്‍ വിറ്റുപോയി.

അതേസമയം 2018 മാര്‍ച്ചില്‍ മാത്രം ടിവിഎസ് മോട്ടോര്‍ കമ്പനി 27 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. 2017 മാര്‍ച്ചില്‍ 2,56,341 യൂണിറ്റ് വാഹനങ്ങളാണ് വിറ്റതെങ്കില്‍ 2018 മാര്‍ച്ചില്‍ 3,26,659 യൂണിറ്റ് വില്‍പ്പന സാധിച്ചു. 2018 മാര്‍ച്ചില്‍ ഇരുചക്രവാഹന വില്‍പ്പന 25.8 ശതമാനം വളര്‍ച്ച കൈവരിച്ചു. 2017 മാര്‍ച്ചില്‍ 2,50,979 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് വിറ്റതെങ്കില്‍ 2018 മാര്‍ച്ചില്‍ 3,15,765 യൂണിറ്റ് വിറ്റു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 2018 മാര്‍ച്ചില്‍ 2,65,166 യൂണിറ്റാണ്. 22.2 ശതമാനം വര്‍ധന. 2017 മാര്‍ച്ചില്‍ ഇന്ത്യയില്‍ 2,16,995 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് വിറ്റത്.

ടിവിഎസ് സ്‌കൂട്ടറുകള്‍ പരിഗണിച്ചാല്‍, 2018 മാര്‍ച്ചില്‍ 1,00,972 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റത്. മുന്‍ വര്‍ഷം ഇതേ മാസത്തേക്കാള്‍ 20 ശതമാനം വര്‍ധന. 2018 മാര്‍ച്ചില്‍ 1,34,412 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. വില്‍പ്പന വളര്‍ച്ച 40.5 ശതമാനം.

എന്‍ടോര്‍ക്ക് 125, അപ്പാച്ചെ ആര്‍ആര്‍ 310, പരിഷ്‌കരിച്ച അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എന്നീ ഇരുചക്രവാഹനങ്ങളാണ് വിപണിയിലെത്തിച്ചത്

2018 മാര്‍ച്ചില്‍ കയറ്റുമതി മേഖലയില്‍ 55 ശതമാനം വര്‍ധനയാണ് ടിവിഎസ് നേടിയത്. കഴിഞ്ഞ മാസം 59,628 യൂണിറ്റ് വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. ഇതില്‍ 50,599 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ്. 48.9 ശതമാനം വര്‍ധന. കഴിഞ്ഞ മാസം മൂന്നുചക്രവാഹന വില്‍പ്പനയില്‍ ടിവിഎസ് 103.2 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയത്. 10,894 യൂണിറ്റ് മൂന്നുചക്രവാഹനങ്ങള്‍ വിറ്റു.

Comments

comments

Categories: Auto