അപകടസമയത്ത് മോഡല്‍ എക്‌സ് ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്ന് ടെസ്‌ല

അപകടസമയത്ത് മോഡല്‍ എക്‌സ് ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്ന് ടെസ്‌ല

സെമി-ഓട്ടോണമസ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിപ്പോയി അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയുടെ വെളിപ്പെടുത്തല്‍

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : കഴിഞ്ഞയാഴ്ച്ച കാലിഫോര്‍ണിയയില്‍ നടന്ന അപകട സമയത്ത് മോഡല്‍ എക്‌സ് ഓട്ടോപൈലറ്റ് സംവിധാനത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് ടെസ്‌ലയുടെ വെളിപ്പെടുത്തല്‍. സെമി-ഓട്ടോണമസ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിപ്പോയി അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയുടെ കുമ്പസാരം.

അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് മോഡല്‍ എക്‌സ് ഇലക്ട്രിക് കാറിലെ ഓട്ടോപൈലറ്റ് സംവിധാനം ആക്റ്റിവേറ്റ് ചെയ്തിരുന്നതായാണ് ടെസ്‌ലയുടെ തുറന്നുപറച്ചില്‍. മാത്രമല്ല അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോളിലെ ഫോളോ-ഡിസ്റ്റന്‍സ് സെറ്റ് ചെയ്തിരുന്നത് മിനിമം ആയിരുന്നു എന്നുകൂടി ടെസ്‌ല വെളിപ്പെടുത്തി. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ച് സ്വന്തം വാഹനത്തിന്റെ വേഗം ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതാണ് അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനം.

ഹൈവേകളില്‍ ഡിവൈഡറുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കുന്ന സുരക്ഷാ ബാരിയറായ ക്രാഷ് അറ്റെന്വേറ്റര്‍ ഇതിന് മുമ്പ് നടന്ന അപകടത്തില്‍ തകര്‍ന്നിരുന്നു. ഇത് മാറ്റാതിരുന്നതും മോഡല്‍ എക്‌സിന്റെ അപകടത്തിന് കാരണമായതായി ടെസ്‌ല പ്രസ്താവനയില്‍ വ്യക്തമാക്കി. മോഡല്‍ എക്‌സിന് ഇത്രയും വലിയ നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമാണെന്ന് ടെസ്‌ല വക്താവ് പറഞ്ഞു.

അപകടത്തെതുടര്‍ന്നുണ്ടായ മരണം കാറുകളിലെ സെമി-ഓട്ടോണമസ് സംവിധാനത്തിന്റെ വിശ്വാസത്തകര്‍ച്ചയ്ക്ക് ഇടവരുത്തുന്നതാണ്. ഓട്ടോപൈലറ്റ് മോഡില്‍ സഞ്ചരിക്കുന്ന ടെസ്‌ല വാഹനം ഇടിച്ചുണ്ടായ ആദ്യ മരണമാണിത്. മനുഷ്യ ഡ്രൈവറിന്റെ ഇടപെടല്‍ അധികം ആവശ്യമില്ലാതെ ദീര്‍ഘനേരം തനിയെ ഡ്രൈവിംഗ് ജോലികള്‍ നടത്താന്‍ കഴിയുന്ന ഓട്ടോപൈലറ്റ് മോഡിന് ഇനി വിശ്വാസ്യത വീണ്ടെടുക്കേണ്ടിവരും.

വാഹന ഓട്ടോമേഷനെ അമിതമായി ആശ്രയിച്ചതിന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് ഡ്രൈവറെ വിമര്‍ശിച്ചു

ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിന് ടെസ്‌ല കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. വാഹന ഓട്ടോമേഷനെ അമിതമായി ആശ്രയിച്ചതിന് ഡ്രൈവറെ വിമര്‍ശിക്കുകയും ചെയ്തു. യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് വാഹനം അരിസോണയില്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസം. കാല്‍നടയാത്രക്കാരിയായ സ്ത്രീ പിന്നീട് മരിച്ചു.

Comments

comments

Categories: Auto