പ്രകൃതിയെ സംരക്ഷിച്ച് സ്ത്രീകള്‍ക്കൊപ്പം ‘സാതി പാഡ്‌സ്’

പ്രകൃതിയെ സംരക്ഷിച്ച് സ്ത്രീകള്‍ക്കൊപ്പം ‘സാതി പാഡ്‌സ്’

സ്ത്രീകളെയും അതിനൊപ്പം തന്നെ പ്രകൃതിയെയും സുരക്ഷിതമാക്കുന്ന സംരംഭം എന്ന നിലയിലാണ് സാതി പാഡ്‌സ് ശ്രദ്ധേയമാകുന്നത്. വാഴനാര് കൊണ്ടു നിര്‍മിച്ച തികച്ചു പ്രകൃതിദത്തമായ സാനിട്ടറി പാഡുകളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്

ഇന്ന് എവിടെയും തുറന്ന ചര്‍ച്ചകള്‍ക്കു വഴിവെക്കുന്ന ഒന്നാണ് സ്ത്രീകളിലെ ആര്‍ത്തവം, ശുചിത്വം എന്നീ വിഷയങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ അക്ഷയ്കുമാര്‍ നായകനായ ബോളിവുഡ് ചിത്രം പാഡ്മാനിലും, ചെലവു കുറഞ്ഞ രീതിയിലുള്ള സാനിറ്ററി പാഡ് നിര്‍മാണത്തെ കുറിച്ചും സ്ത്രീകളിലെ ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന വിഷയമാണ് കൈകാര്യം ചെയ്തത്. ചിത്രം അതിന്റെ ശരിയായ സാമൂഹിക പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആര്‍ത്തവത്തെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും മതപരമായ അനാചാരങ്ങളും കുറയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ചില മള്‍ട്ടിനാഷണല്‍ കമ്പനികളും വിവിധ പരിപാടികള്‍ ആസുത്രണം ചെയ്യുന്നുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ സാതി പാഡ്‌സ് ഇത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ്. എംഐടി, ഹാര്‍വാര്‍ഡ്, നിര്‍മ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള നാല് എന്‍ജിനീയര്‍മാരാണ് ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്ത്രീ-പ്രകൃതി സംരക്ഷണം

സ്ത്രീകളെയും അതിനൊപ്പം തന്നെ പ്രകൃതിയെയും സുരക്ഷിതമാക്കുന്ന സംരംഭം എന്ന നിലയിലാണ് സാതി പാഡ്‌സ് വിപണിയില്‍ സജീവമാകുന്നത്. നൂറു ശതമാനം ബയോ-ഡീഗ്രെയ്ഡബിള്‍ സാനിറ്ററി പാഡുകളായ ഇവ പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്തുന്നില്ല. തികച്ചും പ്രകൃതി നിര്‍മിത പദാര്‍ത്ഥങ്ങളാല്‍ നിര്‍മിക്കുന്നതിനാല്‍ സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ലെന്ന് സാതി പാഡ്‌സിന്റെ സംരംഭകര്‍ ഉറപ്പിച്ചു പറയുന്നു.

”ഞങ്ങളുടേത് ഒരു ബിസിനസ് മാത്രമല്ല, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ പ്രകൃതിയുടെ നിലവാരം കാത്തുസൂക്ഷിക്കേണ്ടതും ഞങ്ങളുടെ കടമയാണ്. സുരക്ഷിതമല്ലാത്തെ പരമ്പരാഗത മാര്‍ഗങ്ങള്‍ ആര്‍ത്തവ ശുചിത്വത്തിനായി ഉപയോഗിക്കുന്ന നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സ്ത്രീകളെ ബോധവതികളാക്കാനും അവരെ ഇത്തരം പ്രവണതകളുടെ മോശം വശങ്ങള്‍ പറഞ്ഞു മനസിലാക്കാനും ശ്രമിക്കാറുണ്ട്- സാതി പാഡ്‌സിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ തരുണ്‍ ബോത്‌റ പറയുന്നു. മാധ്യമങ്ങളും മറ്റും വഴി ഇന്ന് ആര്‍ത്തവത്തെകുറിച്ചും ശുചിത്വബോധത്തെ കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതുവഴി സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാര്‍ക്കുപോലും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചു മനസിലാക്കാവുന്നതേയുള്ളുവെന്നും തരുണ്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളെയും അതിനൊപ്പം പ്രകൃതിയെയും സുരക്ഷിതമാക്കുന്ന സംരംഭമാണ് സാതി പാഡ്‌സ്. നൂറു ശതമാനം ബയോ-ഡീഗ്രെയ്ഡബിള്‍ സാനിറ്ററി പാഡുകളായ ഇവ പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്തുന്നില്ല. തികച്ചും പ്രകൃതി നിര്‍മിത പദാര്‍ത്ഥങ്ങളാല്‍ നിര്‍മിക്കുന്നതിനാല്‍ സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ല

പ്ലാസ്റ്റിക് പാഡ് മാലിന്യം പ്രകൃതിക്ക് വെല്ലുവിളി

നിലവില്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടണ്ണില്‍ പരം സാനിട്ടറി പാഡ് മാലിന്യങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകളില്‍ 20 ശതമാനം മാത്രം സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം മാലിന്യങ്ങള്‍ ഈ വിഭാഗത്തില്‍ പ്രകൃതിയിലേക്ക് എത്തുന്നത്. അതായത് ഭാവിയില്‍ പാഡ് ഉപയോഗം കൂടുന്നതനുസരിച്ച് മാലിന്യത്തിന്റെ അളവും യഥാക്രമം വര്‍ധിക്കും. പ്ലാസ്റ്റിക്കും ക്ലോറിനാല്‍ ബ്ലീച്ച് ചെയ്യപ്പെട്ട തടികൊണ്ടുള്ള പള്‍പ്പും ചേര്‍ത്ത് നിര്‍മിക്കുന്ന പരമ്പരാഗത സാനിട്ടറി പാഡുകള്‍ മനുഷ്യശരീരത്തിലെ ത്വക്കിന് വെല്ലുവിളി ഉയര്‍ത്തുന്നതിനു പുറമെ പ്രകൃതിക്കും ദോഷം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പാഡുകള്‍ സ്വാഭാവികമായും ക്ഷയിക്കാന്‍ 600 വര്‍ഷത്തോളം വേണ്ടിവരും, ഇനി അഥവാ ഇവ കത്തിച്ചുകളഞ്ഞാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് വിഷവാതകങ്ങളും പ്രകൃതിയില്‍ വര്‍ധിക്കാനും ഇടയാകും. ആര്‍ത്തവ ശുചിത്വത്തിനായി സ്ത്രീകളെല്ലാം നിലവിലെ പ്ലാസ്റ്റിക് കോട്ടിംഗ് പാഡുകള്‍ ഉപയോഗിക്കുന്ന സാഹചര്യം സംജാതമായാല്‍ അവ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് അതിഭീകരമാകുമെന്നതില്‍ സംശയമില്ല. ഈ ചിന്തയാണ് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള പാഡുകള്‍ നിര്‍മിക്കാന്‍ സാതി പാഡ്‌സിന്റെ സംരംഭകര്‍ക്ക് കരുത്തേകിയത്.

പാഡില്‍ ഉപയോഗിക്കുന്ന ക്ലോറിനാല്‍ ബ്ലീച്ച് ചെയ്യപ്പെട്ട വുഡ് പള്‍പ്പ് അഥവാ കോട്ടണിന് പകരം സാതി പാഡ്‌സില്‍ വാഴനാരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും പ്രകൃതിദത്തമാണ്.

ആര്‍ത്തവ ശുചിത്വത്തിനായി സ്ത്രീകളെല്ലാം നിലവിലെ പ്ലാസ്റ്റിക് കോട്ടിംഗ് പാഡുകള്‍ ഉപയോഗിക്കുന്ന സാഹചര്യം സംജാതമായാല്‍ അവ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് അതിഭീകരമാകുമെന്നതില്‍ സംശയമില്ല. ഈ ചിന്തയാണ് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള പാഡുകള്‍ നിര്‍മിക്കാന്‍ സാതി പാഡ്‌സിന്റെ സംരംഭകര്‍ക്ക് കരുത്തേകിയത്

‘ഒരു ദശലക്ഷം സാനിട്ടറി പാഡ്’ പദ്ധതി

ഝാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള എല്ലാ സ്ത്രീകള്‍ക്കും സാനിട്ടറി പാഡുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി 2016ല്‍ സാതി പാഡ്‌സ് തുടങ്ങിവെച്ച പദ്ധതിയാണ് ഒരു ദശലക്ഷം പാഡുകള്‍ എന്നതിലൂടെ ലക്ഷ്യമിടുന്നത്. ഝാര്‍ഖണ്ഡിലെ വിവിധ പ്രദേശങ്ങളിലുള്ള എന്‍ജിഒയുമായി ചേര്‍ന്നാണ് അവര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതു കൂടാതെ ഇവിടെയുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവശുചിത്വത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി ഇക്കാര്യത്തില്‍ പരിശീലനം നല്‍കി പ്രദേശവാസികളില്‍ നിന്നുതന്നെ ‘സേവിക’മാരെയും നിയോഗിച്ചിട്ടുണ്ട്.

നഗരങ്ങളിലെ ഏതു തരത്തിലുള്ള ആധുനിക പ്രവണതയും കാലക്രമേണ കൈനീട്ടി സ്വീകരിക്കുന്ന രീതിയാണ് ഗ്രമങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ ആധുനികതയുടെ പിന്നാലെ പോകാതെ ആരോഗ്യവും സുരക്ഷയും മനസിലാക്കി ഗ്രാമത്തിലെ സ്ത്രീകള്‍ മികച്ച ഉല്‍പ്പന്നങ്ങളിലേക്ക് വഴിമാറണമെന്നാണ് തരുണിന്റെ അഭിപ്രായം. കെമിക്കലുകളും പ്ലാസ്റ്റിക്കും കലരാതെ പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമായി തയാറാക്കുന്ന പാഡുകളാണ് സാതിയിലേത്. അതിനാല്‍ ശരീരത്തില്‍ ചൊറിച്ചിലുകളും തടിപ്പുകളും ഉണ്ടാകില്ലെന്നും അബ്‌സോര്‍ബിംഗ് ശേഷി കൂടുതലായതിനാല്‍ ഇതിന്റെ ഉപയോഗം സൗകര്യപ്രദമായിരിക്കുമെന്നും തരുണ്‍ പറയുന്നു.

സാതിക്കു പിന്നിലെ ടീം സ്പിരിറ്റ്

പ്രകൃതിക്കൊപ്പം സ്ത്രീകള്‍ക്കൊപ്പം എന്ന ആശയത്തിനു മുന്‍തൂക്കം നല്‍കി തുടക്കമിട്ട സംരംഭമാണ് സാതി പാഡ്‌സ്. എന്‍ജിനീയറിംഗ് പശ്ചാത്തലത്തില്‍ വിവിധ മേഖലകളിലെ പരിചയ സമ്പത്തുമായാണ് നാല് പേര്‍ സാനിട്ടറി പാഡ് ബിസിനസിലേക്ക് കടന്നുവന്നത്. സാതി പാഡ്‌സില്‍ സിഇഒ ആയ ക്രിസ്റ്റിന്‍ കാഗെറ്റ്‌സു എംഐടിയില്‍ നിന്നും ബിരുദം നേടിയ ശേഷം നാചുറല്‍ ഡൈ ക്രയോണ്‍സ് എന്ന പ്രകൃതി സൗഹാര്‍ദ ഉല്‍പ്പന്നം നിര്‍മിക്കുന്ന സംരംഭം ഉത്തരാഖണ്ഡില്‍ തുടങ്ങിയിരുന്നു. പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ്, പ്രൊജക്റ്റ് മാനേജ്‌മെന്റ് തലങ്ങളില്‍ കൃത്യതയാര്‍ന്ന പരിചയസമ്പത്തും അവര്‍ കൈമുതലാക്കിയിട്ടുണ്ട്. നിര്‍മാ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ തരുണിന് മാനുഫാക്ചറിംഗ്, പ്രാദേശിക ഉല്‍പ്പന്ന വികസനം എന്നിവയിലാണ് പരിചയമേറെയും. സാതിയില്‍ സിഎഫ്ഒ ആയി പ്രവര്‍ത്തിക്കുന്ന അമൃത സെയ്ഗാള്‍ എംഐടി, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയശേഷം പിആന്‍ഡ്ജിയില്‍ സാനിട്ടറി പാഡ് വിഭാഗത്തില്‍ പ്രവൃത്തിപരിചയം നേടിയിട്ടുണ്ട്. എംഐടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഗ്രേസ് കാനെ പ്രൊഡക്റ്റ് ഡിസൈനില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സാതിയുടെ ഭാഗമായത്.

നാലു വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭം അവരുടെ ഉല്‍പ്പന്നത്തിന്റെ സവിശേഷത കൊണ്ടുതന്നെ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനോടകം നിരവധി ബഹുമതികളും ഈ സംരംഭത്തെ തേടിയെത്തിയിട്ടുണ്ട്. നാഷണല്‍ ബയോ എന്‍ട്രപ്രണര്‍ഷിപ്പ് കോംപറ്റീഷന്‍ 2017 ലെ വിജയമുള്‍പ്പെടെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നൊവേഷന്‍ അവാര്‍ഡ് 2017, ഏഷ്യാ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് 2017, 3 എം യംഗ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ച് 2016 അവാര്‍ഡ് എന്നീ ബഹുമതികളും സാതി പാഡ്‌സിനെ തേടിയെത്തിയിട്ടുണ്ട്.

Comments

comments

Tags: Saathi Pads'

Related Articles