രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഒലീവ് റിഡ്‌ലി കടലാമകളെ കണ്ടെത്തി

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഒലീവ് റിഡ്‌ലി കടലാമകളെ കണ്ടെത്തി

മുംബൈ: 20 വര്‍ഷത്തിനുള്ളില്‍ ആദ്യമായി 80-ാളം ഒലീവ് റിഡ്‌ലി കടലാമ (olive ridley sea turtle)  കുഞ്ഞുങ്ങളെ മുംബൈ നഗരത്തിലെ വെര്‍സോവ ബീച്ചില്‍ കണ്ടെത്തി. പുറന്തോടിന് ഒലീവ് ഇലയുടെ പച്ച കലര്‍ന്ന തവിട്ടുനിറമാണ് ഈ വര്‍ഗത്തിലുള്ള ആമകള്‍ക്ക്. പേരില്‍ ഒലിവ് വരാനുള്ള കാരണവും ഇതാണ്. ആരോഗ്യകരമായ സമുദ്ര ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നവയാണു കടലാമകള്‍.

മുംബൈയിലെ ഏറ്റവും മാലിന്യം നിറഞ്ഞ ബീച്ചുകളിലൊന്നാണു വെര്‍സോവ. ഓരോ ദിവസവും ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ടണ്‍ കണക്കിനു വരും. ഇതേ തുടര്‍ന്നു കടലാമകളുടെ എണ്ണം കുറയുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലാമകള്‍ക്കു ഭീഷണിയാണെന്നതായിരുന്നു കാരണം. മാലിന്യത്തിന്റെ തോത് വര്‍ധിച്ചതോടെ 2015-ല്‍ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഫ്‌റോസ് ഷാ ശുചീകരണ പ്രവര്‍ത്തനവുമായി മുന്നോട്ടുവന്നു. ഇതാവട്ടെ ഫലപ്രദമാണെന്നു തെളിയുകയും ചെയ്തു. ഇതേ തുടര്‍ന്നാണു കടലാമകള്‍ വെര്‍സോവ ബീച്ചില്‍ മുട്ടയിടുകയും അവ വിരിഞ്ഞു കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്തിരിക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്.

‘ 80 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പുറത്തുവന്നതു വെര്‍സോവ ബീച്ചിനെ സംബന്ധിച്ചു നല്ലൊരു വാര്‍ത്തയാണെന്ന് അഫ്‌റോസ് ഷാ പറഞ്ഞു. വെര്‍സോവ ബീച്ചില്‍ മുന്‍പു കടലാമകള്‍ മുട്ടയിടില്ലായിരുന്നു. മലിനമായതിനാലാണ് അവ മുട്ടയിടാതിരുന്നത്. എന്നാല്‍ ബീച്ച് വൃത്തിയായതോടെ അവ മുട്ടയിടുകയും ആ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്തതായി’ അഫ്‌റോസ് പറഞ്ഞു. മാര്‍ച്ച് 21-നാണു കടലാമ കുഞ്ഞുങ്ങളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ അധികൃതര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഈ വാര്‍ത്ത വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അധികൃതര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കടലാമകളുടെ മുട്ടതോട് കണ്ടെത്തി. മാത്രമല്ല, 20-ാളം ചത്ത കുഞ്ഞുങ്ങളെയും അവര്‍ കണ്ടെത്തുകയുണ്ടായി.

Comments

comments

Categories: FK Special, Slider