കുറയാത്ത എണ്ണ വില

കുറയാത്ത എണ്ണ വില

ദിവസവും എണ്ണ വില പുതുക്കുന്ന സംവിധാനമുണ്ടെങ്കിലും അതുകൊണ്ട് സാധാരണക്കാര്‍ക്ക് ഇതുവരെ വലിയ മെച്ചമൊന്നുമുണ്ടായിട്ടില്ല. എണ്ണ വിലയിലെ തുടര്‍ച്ചയായുള്ള വര്‍ധന എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യമായി തന്നെ ചിന്തിക്കേണ്ടതുണ്ട്

പെട്രോള്‍, ഡീസലയിലെ വര്‍ധന തുടരുകയാണ്. സംസ്ഥാനത്തെ ഡീസല്‍ വില കഴിഞ്ഞ ദിവസം ആദ്യമായി 70 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. പെട്രോളും ഡീസലും തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 73.83 രൂപയാണ് വില രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വിലയാണ്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ളിടങ്ങളിലും റെക്കോഡ് തലത്തിലാണ് എണ്ണ വിലയിലെ വര്‍ധന.

എണ്ണ വിലയില്‍ ഇതുപോലെ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നത് വിപണിയിലും പ്രതിഫലിക്കുന്നുണ്ട്, അത് ജനങ്ങളിലേക്ക് കടുത്ത ഭാരമായി എത്തുകയും ചെയ്യുന്നു. ദിവസേന എണ്ണ വില പുതുക്കുന്ന തരത്തിലുള്ള സംവിധാനം നിലവില്‍ വന്നിട്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടായിട്ടില്ല. ആവശ്യത്തിലധികം ഭരമായി മാറുകയും ചെയ്യുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്ത് നോക്കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ലെന്ന് മാത്രം. എന്തുകൊണ്ടാണ് ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നതനുസരിച്ചുള്ള നേട്ടം ഇന്ത്യയിലെ സാധാരണക്കാരന് ഉണ്ടാകാത്തത്. വില കൂടിയ കാറ് വാങ്ങുന്നവര്‍ക്ക് പെട്രോള്‍ വിലയും താങ്ങാമെന്ന തരത്തില്‍ അബദ്ധജടിലമായ പ്രസ്താവനകളാണ് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നടത്തുന്നത്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്കപ്പുറം വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കാര്യമാത്രപ്രസക്തമായ നടപടികളാണ് രാഷ്ട്രീയ നേതാക്കള്‍ അനുവര്‍ത്തിക്കേണ്ടത്.

നമ്മുടെ സങ്കീര്‍ണമായ നികുതിഘടനയാണ് എണ്ണ വിലക്കയറ്റമെന്ന പ്രശ്‌നത്തിന് ഒരു കാരണമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട് താനും. പ്രധാനവരുമാന സ്രോതസ്സുകളിലൊന്നായി സര്‍ക്കാര്‍ എണ്ണയെ കാണുന്നതും സമാന്തര മാര്‍ഗ്ഗമെന്ന നിലയില്‍ ഒരു പരിധിക്കപ്പുറം പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് വളര്‍ച്ചയില്ലാത്തതുമാണ് അതിന് കാരണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലാണ് എണ്ണ വില ദിവസവും പുതുക്കുന്ന സംവിധാനം പൊതുമേഖല എണ്ണ കമ്പനികള്‍ നടപ്പിലാക്കി തുടങ്ങിയത്. ആഗോള എണ്ണ വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ചായിരിക്കും വില പുതുക്കല്‍ എന്നായിരുന്നു പറഞ്ഞത്. അതിന് മുമ്പ് വരെ കൃത്യമായ ഇടവേളകളില്‍ എണ്ണ വില നിശ്ചയിച്ചിരുന്നത് സര്‍ക്കാരായിരുന്നു. എന്നാല്‍ നിയന്ത്രണം എടുത്തുകളഞ്ഞതോടെ എണ്ണ വില വര്‍ധനയെന്ന പെട്ടെന്നുള്ള ഷോക്ക് മാറി കിട്ടി. പക്ഷേ വളരെ സ്ഥിരതയോടെ ചെറിയത തോതില്‍ നമ്മളറിയാതെ തന്നെ നമ്മുടെ കണ്‍മുന്നിലൂടെ എണ്ണ വിലയില്‍ വര്‍ധനവുണ്ടായി.

മറ്റ് പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് പെട്രോളിന് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണ്. ഇതില്‍ നിന്ന് മികച്ച വരുമാനമാണ് സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ ഒമ്പത് തവണയാണ് എക്‌സൈസ് ഡ്യൂട്ടിയില്‍ വര്‍ധന വരുത്തിയത്, ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞിട്ടും. 2017 ഒക്‌റ്റോബറഇല്‍ ലിറ്ററിന് രണ്ട് രൂപ എന്ന നിലയില്‍ നികുതിയില്‍ കുറവ് വരുത്തി, എന്നാല്‍ അത് സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തിലുണ്ടാക്കിയത് 26,000 കോടി രൂപയുടെ കുറവാണ്. ഈ കണക്ക് തന്നെ പറയും പെട്രോള്‍ വില കുറയാത്തതിന്റെ പ്രധാന കാരണം. പെട്രോളിന്റെ മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ആകെ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ചെവിക്കൊണ്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിന് വേണ്ടിയുള്ള പ്രധാന സ്രോതസ്സായി എണ്ണയില്‍ നിന്നുള്ള നികുതി നിലനില്‍ക്കുന്നിടത്തോളം വിലയില്‍ വലിയ കുറവൊന്നും നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല. ചെയ്യാവുന്ന ഒരു കാര്യം പെട്രോളിനെ കൂടി ജിഎസ്ടി (ചരക്കുസേവനനികുതി) പരിധിയില്‍ കൊണ്ടുവരികയെന്നതാണ്. വിലയില്‍ വന്‍ കുറവ് വരും അപ്പോള്‍, വിവിധ സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിരക്കുകളാണ് സേല്‍സ് ടാക്‌സായി എണ്ണയ്ക്ക് ചുമത്തിയിരിക്കുന്നതെന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച നിര്‍ദേശം അതുതന്നെയാണ്.

Comments

comments

Categories: Editorial, Slider
Tags: Oil price