മാനുഫാക്ച്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ താഴ്ചയില്‍

മാനുഫാക്ച്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ താഴ്ചയില്‍

എട്ട് മാസത്തിനിടെ ഇതാദ്യമായാണ് നിയമനങ്ങളില്‍ ഇടിവുണ്ടാകുന്നത്

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയിലെ മാനുഫാക്ച്ചറിംഗ് മേഖലയുടെ വളര്‍ച്ച ഇടിഞ്ഞതായി നിക്കെയ്‌യുടെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ 52.1ല്‍ നിന്നും നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) മാര്‍ച്ചില്‍ 51.0ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്.

ഒക്‌റ്റോബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ പുരോഗതിയാണ് മാനുഫാക്ച്ചറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മാസം നിരീക്ഷിച്ചിട്ടുള്ളതെന്ന് നിക്കെയ് സര്‍വേ വ്യക്തമാക്കുന്നു. ഫാക്റ്ററി ഉല്‍പ്പാദനത്തിലും പുതിയ ബിസിനസ് ഓര്‍ഡറുകളിലും നിയമന പ്രവര്‍ത്തനങ്ങളിലും മാന്ദ്യം അനുഭവപ്പെട്ടു. പിഎംഐ 50നു മുകളിലെത്തുമ്പോഴാണ് മേഖലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി ഇത് എട്ടാമത്തെ മാസമാണ് പിഎംഐ 50നു മുകളില്‍ തന്നെ തുടരുന്നത്.

താഴ്ന്ന വളര്‍ച്ചയാണ് മാര്‍ച്ചിലുണ്ടായതെങ്കിലും മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും പുരോഗതി നിരീക്ഷിക്കാനാകുമെന്നാണ് ഐഎച്ച്എസ് മാര്‍ക്കിറ്റില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധയായ ആഷ്ണ ദോദിയ പറയുന്നത്. എട്ട് മാസത്തിനിടെ ഇതാദ്യമായാണ് നിയമനങ്ങളില്‍ ഇടിവുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
ഉപഭോക്തൃ ആവശ്യകതയിലും നേരിയ പൂരോഗതി മാത്രമാണ് ഐഎച്ച്എസ് നിരീക്ഷിക്കുന്നത്. അതുകൊണ്ട് 2017-2018 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജിഡിപി) സംബന്ധിച്ച നിഗമനം 7.3 ശതമാനമായി ഐഎച്ച്എസ് മാര്‍ക്കിറ്റ് കുറച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പണപ്പെരുപ്പ സമ്മര്‍ദം കുറഞ്ഞതായും ദോദിയ ചൂണ്ടിക്കാട്ടി.

ലോഹ ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തികൊണ്ടുള്ള യുഎസിന്റെ നടപടി ഇന്ത്യക്കുമേലുണ്ടാക്കുന്ന ആഘാതം പരിമിതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദോദിയ പറഞ്ഞു. ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങളില്‍ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ പങ്ക് വെറും 0.4 ശതമാനത്തില്‍ താഴെയാണ്.

Comments

comments

Categories: Slider, Top Stories