ഇന്ത്യക്കാരന്റെ അഭിമാന വാഹനങ്ങള്‍

ഇന്ത്യക്കാരന്റെ അഭിമാന വാഹനങ്ങള്‍

മേക്ക് ഇന്‍ ഇന്ത്യ വണ്ടര്‍

വിപണിയില്‍ വിസ്മയം സൃഷ്ടിച്ച അത്ഭുത വാഹനങ്ങള്‍ ഇന്ത്യാ മഹാരാജ്യത്തിനും എടുത്തുകാണിക്കാനുണ്ട്. ജനപ്രീതിയുടെ കാര്യത്തിലും സാങ്കേതികവിദ്യാ മേന്‍മയിലും രൂപകല്‍പ്പനയിലും എവിടെ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാവുന്ന വാഹനങ്ങളാണ് അവയോരോന്നും. ഇന്ത്യ ജന്മം നല്‍കിയ ഏഴ് മേക്ക് ഇന്‍ ഇന്ത്യ വണ്ടറുകളാണ് പരിചയപ്പെടുത്തുന്നത്.

ടാറ്റ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ്

തീര്‍ച്ചയായും ഭാവിയുടെ സാങ്കേതികവിദ്യയാണ് ഫ്യൂവല്‍ സെല്‍. ഈ മേഖലയില്‍ നിരവധിയായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പോലെ ഫ്യൂവല്‍ സെല്‍ വാഹനങ്ങളും (എഫ്‌സിവി) ജനപ്രീതി നേടിയിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്യൂവല്‍ സെല്‍ ബസ് ഈയിടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. നൂതന സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായവും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് പുറത്തിറക്കിയതിലൂടെ ടാറ്റ മോട്ടോഴ്‌സ് ചെയ്തത്. സ്മാര്‍ട്ട് സിറ്റികളില്‍ അനുയോജ്യമാണ് ഈ ബസ്സുകളെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു. ഐഎസ്ആര്‍ഒയുമായി സഹകരിച്ചാണ് ബസ് നിര്‍മ്മിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് വാഹനത്തിലെ ഫ്യൂവല്‍ സെല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് മോട്ടോറിന് കരുത്ത് പകരുന്നത്. ഏതെങ്കിലുമൊരു ഇന്ത്യന്‍ കമ്പനി ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

മഹീന്ദ്ര ഇ2ഒ / രേവ എന്‍എക്സ്ആര്‍

ഇലക്ട്രിക് കാറുകളിലേക്ക് മാറണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നതിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് ബെംഗളൂരു ആസ്ഥാനമായ രേവ ഇലക്ട്രിക് കാര്‍ കമ്പനി (ആര്‍ഇസിസി) ഈ രംഗത്ത് ശ്രദ്ധേയ മുന്നേറ്റം നടത്തിയിരുന്നു. പ്രായോഗിക ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ചേതന്‍ മെയ്‌നി സ്ഥാപിച്ച ഈ ചെറിയ കമ്പനിയുടെ ലക്ഷ്യം. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുത്തതോടെ കാറിന്റെ പേര് മഹീന്ദ്ര ഇ2ഒ ആയി പുനര്‍ നാമകരണം ചെയ്തു. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് കാറാണ് ഇ2ഒ.

ടാറ്റ നാനോ

‘ജനങ്ങളുടെ കാര്‍’ നിര്‍മ്മിക്കണമെന്ന രത്തന്‍ ടാറ്റയുടെ ആഗ്രഹമാണ് ടാറ്റ നാനോയില്‍ കലാശിച്ചത്. മോട്ടോര്‍സൈക്കിളിന് ബദലായി താങ്ങാവുന്ന വിലയില്‍ കാര്‍ പുറത്തിറക്കുകയായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഒരു ലക്ഷം രൂപ മാത്രം വില വരുന്ന കാര്‍ പുറത്തിറക്കുമെന്ന രത്തന്‍ ടാറ്റയുടെ പ്രഖ്യാപനത്തെ ചിരിച്ചുതള്ളുകയാണ് ലോകം ചെയ്തത്. ഇത്തരമൊരു കാര്‍ അസാധ്യമാണെന്നും സുരക്ഷിതമായിരിക്കില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ പിന്നീട് ഗുജറാത്തിലെ പ്ലാന്റില്‍നിന്ന് ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ പുറത്തിറക്കിയപ്പോള്‍ ലോകം നിശ്ശബ്ദം നോക്കിനിന്നു. ജയെം നിയോ എന്ന പേരില്‍ നാനോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നതിന് ജയെം ഓട്ടോ രംഗത്തെത്തിയിട്ടുണ്ട്.

എംഫ്‌ളക്‌സ് വണ്‍

തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രിക് സൂപ്പര്‍ബൈക്കാണ് എംഫ്‌ളക്‌സ് വണ്‍. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഈ ഇന്ത്യന്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്കിന് മൂന്ന് സെക്കന്‍ഡില്‍ താഴെ സമയം മതി. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാം. ആറ് ലക്ഷം രൂപ മാത്രമാണ് വില. ലിറ്റര്‍ ക്ലാസ് (1000 സിസി) പെര്‍ഫോമന്‍സ് സമ്മാനിക്കുന്നതാണ് എംഫ്‌ളക്‌സ് വണ്‍.

മഹീന്ദ്ര എക്‌സ്‌യുവി 500

മുന്‍ തലമുറ ബിഎംഡബ്ല്യു 5 സീരീസിലെ അത്രയും ഇലക്ട്രോണിക്‌സ് മഹീന്ദ്ര എക്‌സ്‌യുവി 500 ല്‍ കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്റ്റഡ് ആപ്പുകള്‍, ഇക്കോസെന്‍സ്, എമര്‍ജന്‍സി കോള്‍ ഫംഗ്ഷന്‍ എന്നിവ 2017 മഹീന്ദ്ര എക്‌സ്‌യുവി 500 ന്റെ പ്രധാന ഫീച്ചറുകളായിരുന്നു. 20 ലക്ഷം രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട് ഹൈ-ടെക് ഫീച്ചറുകളാല്‍ സമൃദ്ധമായ എസ്‌യുവിയാണ് മഹീന്ദ്ര എക്‌സ്‌യുവി 500. ഇന്‍-കാര്‍ എക്‌സ്പീരിയന്‍സിന് പുതിയ നിര്‍വ്വചനം നല്‍കുന്നതായിരുന്നു മെച്ചപ്പെട്ട കണക്റ്റിവിറ്റി, എന്റര്‍ടെയ്ന്‍മെന്റ് ഓപ്ഷനുകള്‍ എന്നിവ. കണക്റ്റഡ് ആപ്പുകള്‍, ഇക്കോസെന്‍സ് എന്നിവ ഇന്ത്യയില്‍ ഇതാദ്യമായാണ് നല്‍കിയത്.

ബജാജ് ചേതക്

ഇന്ത്യക്കാരുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച പേഴ്‌സണല്‍ മൊബിലിറ്റി വാഹനമാണ് ബജാജ് ചേതക് സ്‌കൂട്ടര്‍. വെസ്പ സ്പ്രിന്റ് അടിസ്ഥാനമാക്കിയാണ് ബജാജ് ഓട്ടോ ഈ സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്. മേവാര്‍ ചക്രവര്‍ത്തിയായിരുന്ന റാണാ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു ചേതക്. ഹമാര ബജാജ് എന്ന് ഇന്ത്യക്കാര്‍ ഈ സ്‌കൂട്ടറിനെ സ്‌നേഹത്തോടെ വിളിച്ചു. 2005 ലാണ് ഉല്‍പ്പാദനം അവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ അംബാസഡര്‍

മോറിസ് ഓക്‌സ്‌ഫോര്‍ഡ് 3 അടിസ്ഥാനമാക്കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍ എന്ന കാര്‍ നിര്‍മ്മിച്ചത്. 1958 ലാണ് കാര്‍ നിര്‍മ്മിച്ചുതുടങ്ങിയത്. ടാക്‌സി, മന്ത്രിമാര്‍ക്കായി കൊടിവെച്ച കാര്‍, ഫാമിലി കാര്‍ എന്നീ റോളുകളിലെല്ലാം അംബാസഡര്‍ തിളങ്ങി. 2014 ല്‍ ഉല്‍പ്പാദനം അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പിഎസ്എ ഗ്രൂപ്പിന് അംബാസഡര്‍ എന്ന ബ്രാന്‍ഡ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വിറ്റു.

Comments

comments

Categories: Auto