ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 26% വര്‍ധിച്ചു

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 26% വര്‍ധിച്ചു

99.49 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്ടിക്കു കീഴില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 26 ശതമാനം വര്‍ധിച്ചതായി സിബിടിഡി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്). മുന്‍ സാമ്പത്തിക വര്‍ഷം 5.53 കോടി നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിച്ച സ്ഥാനത്ത് 2017-2018ല്‍ 6.84 കോടി പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്.

പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇക്കാലയളവില്‍ 17.1 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 9.95 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിലേക്കെത്തിയ ആദായ നികുതി വരുമാനം. കൂടുതല്‍ പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട നികുതി വരുമാനം നേടാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന് സിബിടിഡി പറയുന്നു. ആദായ നികുതി വകുപ്പിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് വര്‍ധിച്ചത്. നികുതിദായകരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം ഇ-മെയ്ല്‍, എസ്എംഎസ് സന്ദേശങ്ങളും സ്റ്റാറ്റിയുട്ടറി നോട്ടീസുകളും നികുതി വകുപ്പ് അയച്ചതായും ബോധവത്കരണ പരിപാടികള്‍ നടത്തിയതായും സിബിടിഡി വ്യക്തമാക്കി.

ഇതുകൂടാതെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികളും ഘടനപരമായ പരിഷ്‌കരണങ്ങളും നികുതി അടിത്തറ വിശാലമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. 99.49 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. മുന്‍ വര്‍ഷം 85.52 ലക്ഷം പേര്‍ പുതുതായി ആദായ നികുതി റിട്ടേണ്‍ നല്‍കിയ സ്ഥാനത്താണിത്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ സുസ്ഥിരമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2013-2014 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-2018ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം 80 ശതമാനം വര്‍ധിച്ചതായും സിബിടിഡി വ്യക്തമാക്കി.

Comments

comments

Categories: More