5.2 ശതമാനം വില്‍പ്പന വളര്‍ച്ച നേടി ഹ്യുണ്ടായ് കുതിപ്പ്

5.2 ശതമാനം വില്‍പ്പന വളര്‍ച്ച നേടി ഹ്യുണ്ടായ് കുതിപ്പ്

വെര്‍ണയും ഫേസ്‌ലിഫ്റ്റുകളും സഹായിച്ചു ; 2017-18 ല്‍ 5,36,241 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ നേടിയത് 5.2 ശതമാനം വില്‍പ്പന വളര്‍ച്ച. 2016-17 ല്‍ 5,09,707 യൂണിറ്റ് വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് 2017-18 ല്‍ 5,36,241 വാഹനങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

മോഡേണ്‍ പ്രീമിയം കാറുകളും മികച്ച ഉപഭോക്തൃ സേവനങ്ങളുമാണ് 2017-18 സാമ്പത്തിക വര്‍ഷം 5.2 ശതമാനമെന്ന മികച്ച വളര്‍ച്ച കരസ്ഥമാക്കാന്‍ സഹായിച്ചതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡി & സിഇഒ വൈ കെ കൂ പറഞ്ഞു. 5,36,241 യൂണിറ്റ് വാഹനങ്ങള്‍ വിറ്റത് ഏറ്റവും മികച്ച പ്രകടനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

2017-18 സാമ്പത്തിക വര്‍ഷത്തിലാണ് ഗ്രാന്‍ഡ് ഐ10, എക്‌സെന്റ്, ഐ20 കാറുകളുടെ ഫേസ്‌ലിഫ്റ്റ് ഹ്യുണ്ടായ് പുറത്തിറക്കിയത്. പുതു തലമുറ വെര്‍ണ അവതരിപ്പിച്ചതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ. വന്‍ വിജയം നേടിയാണ് ന്യൂ-ജെന്‍ ഹ്യുണ്ടായ് വെര്‍ണ ഇന്ത്യയില്‍ കുതിപ്പ് തുടരുന്നത്. വെര്‍ണയുടെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ പുറത്തിറക്കി വാങ്ങാന്‍ മടിച്ചുനിന്നവരെയും ഹ്യുണ്ടായ് തങ്ങളിലേക്ക് അടുപ്പിച്ചു.

ഹ്യുണ്ടായ് ക്രേറ്റയുടെ പരിഷ്‌കരിച്ച പതിപ്പും ഓള്‍-ന്യൂ സാന്‍ട്രോയും 2018-19 ല്‍ ഹ്യുണ്ടായ് അവതരിപ്പിക്കും

2018-19 സാമ്പത്തിക വര്‍ഷവും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒട്ടും മോശമാക്കില്ല. ഹ്യുണ്ടായ് ക്രേറ്റയുടെ പരിഷ്‌കരിച്ച പതിപ്പും ഓള്‍-ന്യൂ സാന്‍ട്രോയും നടപ്പു സാമ്പത്തിക വര്‍ഷം ഹ്യുണ്ടായ് അവതരിപ്പിക്കും. മറ്റെന്തെല്ലാമാണ് ഹ്യുണ്ടായ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

Comments

comments

Categories: Auto